ന്യൂഡൽഹി: ലോക ഫുട്‌ബോൾ റാങ്കിങ്ങിൽ ഇന്ത്യ 96ാം സ്ഥാനത്ത്.ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് രണ്ടു പതിറ്റാണ്ടിനിടയിലെ ഇന്ത്യയുടെ ഏറ്റവും മികച്ചതും എക്കാലത്തെയും ഏറ്റവും മികച്ച രണ്ടാമത്തേതുമായ സ്ഥാനത്ത് ഇന്ത്യയെത്തിയത്.

ഏഷ്യൻ രാജ്യങ്ങളിൽ 12ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഓവറോൾ റാങ്കിങ്ങിൽ 23ാം സ്ഥാനമുള്ള ഇറാൻ ആണ് ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച ടീം. 1996 ഫെബ്രുവരിയിൽ 94ാം സ്ഥാനത്ത് എത്തിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ഫിഫ റാങ്കിങ്. കഴിഞ്ഞ രണ്ടു വർഷം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ടീം 77 സ്ഥാനങ്ങളാണ് മുന്നേറിയത്.

കഴിഞ്ഞ 15 മത്സരങ്ങളിൽ 13ഉം ജയിച്ച ഇന്ത്യയെ അവസാനത്തെ 8 മത്സരങ്ങളിൽ ആരും തോൽപ്പിച്ചിട്ടില്ല. 2015 ഫെബ്രുവരിയിൽ സ്റ്റീഫൻ കോൺസ്റ്റാന്റൈൻ കോച്ചായി ചുമതലയേൽക്കുമ്പോൾ ഫിഫ റാങ്കിങ്ങിൽ 171ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതേ വർഷം മാർച്ചിൽ 173ാം സ്ഥാനത്തേക്ക് പിന്നാക്കംപോയ ശേഷമാണ് ഇന്ത്യ മിന്നുന്ന പ്രകടനങ്ങളുമായി വൻ തിരിച്ചുവരവ് നടത്തിയത്.

ഇന്ത്യൻ ഫുട്‌ബോളിന് വലിയ ആത്മവിശ്വാസം നൽകുന്ന നേട്ടമാണിതെന്ന് ടീമിനെ പ്രശംസിച്ചുകൊണ്ട് ഓൾ ഇന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് പ്രഫുൽ പട്ടേൽ പറഞ്ഞു. ഇത് ഇന്ത്യൻ ഫുട്‌ബോളിന്റെ ശേഷിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ 100നു താഴെ റാങ്കിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് താൻ ചുമതലയേറ്റപ്പോൾത്തന്നെ വ്യക്തമാക്കിയിരുന്നതായി കോച്ച് കോൺസ്റ്റാന്റൈൻ പറഞ്ഞു. അതിൽ ഒരു ചെറിയ പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ടീമിനും മറ്റ് സ്റ്റാഫിനും ഫുട്‌ബോൾ ഫെഡറേഷനും അദ്ദേഹം നന്ദി പറഞ്ഞു.