- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിഫാ സെക്രട്ടറി ജനറലിന് സസ്‌പെൻഷൻ; ജെറോ വാൽക്കിനെതിരായ നടപടി അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ
സൂറിച്ച്: അഴിമതി ആരോപണമുയർന്നതിനെ തുടർന്ന് സെക്രട്ടറി ജനറൽ ജെറോം വാൽക്കിനെ ഫിഫ സസ്‌പെൻഡ് ചെയ്തു. ചുമതലകളിൽ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഫിഫ നിർദേശിച്ചു. സെക്രട്ടറി ജനറലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിർത്തുന്നതായും ഫിഫ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമത
സൂറിച്ച്: അഴിമതി ആരോപണമുയർന്നതിനെ തുടർന്ന് സെക്രട്ടറി ജനറൽ ജെറോം വാൽക്കിനെ ഫിഫ സസ്‌പെൻഡ് ചെയ്തു. ചുമതലകളിൽ നിന്നും ഒഴിവാക്കി അദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഫിഫ നിർദേശിച്ചു. സെക്രട്ടറി ജനറലിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്നും അതുവരെ അദ്ദേഹത്തെ മാറ്റിനിർത്തുന്നതായും ഫിഫ അറിയിച്ചു. ലോകകപ്പ് ടിക്കറ്റ് അഴിമതിയിലും ജെറോം വാൽക്കിന് ബന്ധമുണ്ടെന്ന് വ്യാഴാഴ്ച മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സസ്‌പെൻഷൻ.
പുതിയ പ്രസിഡന്റാവാനുള്ള പരിഗണനാ ലിസ്റ്റിലുള്ള ആളാണ് ജെറോംവാൽക്ക്. നിലവിൽ സെപ് ബ്‌ളാറ്റർക്കു തൊട്ടുതാഴെ ഫിഫയിലെ രണ്ടാമനാണ് അദ്ദേഹം. എന്നാൽ ഗുരുതര ആരോപണങ്ങളുയർന്നതിന്റെ അടിസ്ഥാനത്തിൽ ജെറോം വാൽക്ക് ഫിഫ എത്തിക്‌സ് കമ്മിറ്റിയുടെ അന്വേഷണം നേരിടുകയാണ്. വാൽക്കിനെതിരെ 10 മില്യൺ ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയർന്നിരിക്കുന്നത്. 2010 ലോകകപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് അനുവദിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം പണം കൈപറ്റി എന്നാണ് അമേരിക്കൻ പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നത്. 2010 ലോകകപ്പ് അനുവദിക്കുന്നതിനായി വോട്ടുറപ്പിക്കാൻ ജെറോം വാൽക്ക് കരീബിയൻ രാജ്യങ്ങൾക്ക് ഒരു കോടി ഡോളർ കൈക്കൂലി നൽകിയെന്നായിരുന്നു ആരോപണം.
2007 മുതൽ ഫിഫ സെക്രട്ടറി ജനറൽ ആയി പ്രവർത്തിക്കുന്ന അദ്ദേഹം പ്രസിഡന്റ് സെപ് ബ്‌ളാറ്ററുടെ വലം കൈ ആയാണ് അറിയപ്പെടുന്നത്. 1984ൽ കനാൽ പ്‌ളസിൽ ഒരു സ്പോർട്സ് പത്രപ്രവർത്തകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2003 ൽ ഫിഫയുടെ ടിവി വിപണന വിഭാഗത്തിൽ ഡയറക്ടറായാണ് ജോലിക്ക് കയറിയത്. ബ്ലാറ്ററുടെ പിന്തുണയോടെ തലപ്പത്തു എത്തി. സാമ്പത്തിക ക്രമക്കേടുകളിൽ ആരോപണം ഉയർന്നത് മുതൽ കർശന നിലപാടുകളുമായാണ് ഫിഫ മുന്നോട്ട് പേകുന്നത്.
ഇതിന്റെ ഭാഗമായി സ്വിസ് പൊലീസ് സൂറിച്ചിലെ ഹോട്ടൽ റെയ്ഡ് ചെയ്ത് ഫിഫയുടെ ഏഴു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഫിഫ വൈസ് പ്രസിഡന്റുമാരായ ജെഫ്രി വെബ്, യൂജിനിയോ ഫിഗ്വരേദോ, കോസ്റ്ററീക ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് എഡ്വേർഡോ ലി, വെനിസ്വേല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് റാഫേൽ എസിക്വേൽ, ബ്രസീൽ ഫുട്ബാൾ കോൺഫെഡറേഷൻ മുൻ പ്രസിഡന്റ് ജോസ് മരിയ മാറിൻ, മുൻ ഫിഫ വൈസ് പ്രസിഡന്റും മുൻ കോൺകാഫ് പ്രസിഡന്റുമായ ജാക് വാർണർ, തെക്കനമേരിക്കൻ അസോസിയേഷൻ മുൻ പ്രസിഡന്റ് നികളസ് ലിയോസ് എന്നിവരാണ് സൂറിച്ചിലെ ആഡംബര ഹോട്ടലിൽ അറസ്റ്റിലായത്.
പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്ത ശേഷം ജൂണിൽ താൻ പടിയിറങ്ങുമെന്ന് പ്രസിഡന്റ് സെപ് ബ്‌ളാറ്റർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ബ്ലാറ്ററിന്റെ വിശ്വസ്തന് സസ്‌പെൻഷൻ വരുന്നത്.