ന്യൂഡൽഹി: വരാൻ പോകുന്ന ചരിത്ര നിമിഷങ്ങളുടെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ആദ്യമായി ഫിഫാ ടൂർണമെന്റിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഓരോ ഫുട്‌ബോൾ പ്രേമികളും. ജയ തോൽവി എന്നതിലുപരി സ്വന്തം നാട്ടിൽ നടക്കുന്ന ഈ കായിക മാമാങ്കത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ ആവേശം തന്നെയാണ് എല്ലാവരിലും ഉള്ളത്.

വെള്ളിയാഴ്ച അമേരിക്കക്കെതിരെ പന്ത് തട്ടിയാണ് ഇന്ത്യ അണ്ടർ 17 ലോകകപ്പിൽ അരങ്ങേറുക. ഈ ടീം അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ളവരാണെന്ന് പ്രതിരോധതാരം സഞ്ജീവ് സ്റ്റാലിൻ പറയുന്നു. എ ഗ്രൂപ്പിൽ കരുത്തരായ ഘാനയും കൊളംബിയയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ.

ഞങ്ങൾ ആത്മവിശ്വാസത്തിലാണ്. കൂട്ടായ്മയിലൂടെ ഈ ലോകകപ്പിൽ മികവുകാട്ടാനാകും. ജയത്തിനുവേണ്ടിത്തന്നെയാണ് കളിക്കുന്നത്. എതിരാളികൾക്ക് കടുത്ത വെല്ലുവിളിതന്നെ ഉയർത്തും. അവരെ ഞെട്ടിക്കാനുള്ള പദ്ധതികൾ ടീമിനുണ്ട്- സ്റ്റാലിൻ വ്യക്തമാക്കി. ഇന്ത്യൻ ഫുട്‌ബോളിലെ ചരിത്രനിമിഷമാണിത്. കാണികളുടെ മികച്ച പിന്തുണയുണ്ടാകും. സമ്മർദങ്ങൾ ബാധിക്കില്ല- സ്റ്റാലിൻ പറഞ്ഞു.

ഹരിയാനയിൽ പോർച്ചുഗീസുകാരൻ ലൂയിസ് നോർട്ടൺ ഡി മാറ്റോസിന്റെ ശിക്ഷണത്തിലാണ് ഇന്ത്യ ടീം ഫുട്‌ബോൾ മാമാങ്കത്തിന് ഒരുങ്ങുന്നത്. ഏഷ്യന്മേഖലയിൽപ്പോലും തെളിയാത്ത ഇന്ത്യക്ക് ലോകകപ്പ് വലിയ ആത്മവിശ്വാസം നൽകുമെന്നാണ് ഡി മാറ്റോസ് പറയുന്നത്. ഫലത്തിന് അപ്പുറം ലോകകപ്പ് ഇന്ത്യയിൽ സ്വാധീനമുണ്ടാക്കുമെന്നും ഡി മാറ്റോസ് വ്യക്തമാക്കുന്നു.

മധ്യനിര താരങ്ങളായ സുരേഷ് സിങ് വാങ്ജാം, അഭിജിത് സർക്കാർ, മുന്നേറ്റക്കാരൻ അനികേത് ജാദവ്, ഗോൾകീപ്പർ ധീരജ് സിങ് മൊയ്‌റാങ്‌തെം എന്നിവരും ഇന്ത്യൻ ടീമിലെ നിർണായക കളിക്കാരാണ്. അമേരിക്കൻ സ്വദേശി നമിത് ദേശ്പാണ്ഡെയിലും ഇന്ത്യയ്ക്ക് പതീക്ഷയുണ്ട്.