കൊച്ചി: ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന്റെ ആദ്യ മത്സരം ഒക്ടോബർ ഏഴിന് ബ്രസീലും സ്പെയിനും തമ്മിലാണ്. അന്നു രാത്രി എട്ടിന് നടക്കുന്ന രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയും നൈജീരിയയും ഏറ്റുമുട്ടും. മത്സരത്തിന്റ സമയക്രമങ്ങൾ പൂർത്തിയായി. ഇതനുസരിച്ച് ഒക്ടോബർ പത്തിന് വൈകിട്ട് അഞ്ചിന് സ്പെയിൻ - നൈജീരിയ മത്സരവും രാത്രി എട്ടിന് ദക്ഷിണ കൊറിയ - ബ്രസീൽ മത്സരവും നടക്കും. 

ഒക്ടോബർ 13ന് വൈകിട്ട് അഞ്ചിന് ഗിനിയ - ജർമനി മത്സരവും രാത്രി എട്ടിന് സ്പെയിൻ - ദക്ഷിണ കൊറിയ മത്സരവും നടക്കും. 18ന് പ്രീക്വാർട്ടർ മത്സരത്തിനും 22ന് ക്വാർട്ടർ ഫൈനൽ മത്സരത്തിനും കൊച്ചി വേദിയാകും.

കേരളത്തിൽ നടാടെ എത്തിയ ലോകകപ്പ് പോരാട്ടങ്ങൾക്ക് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കായിക മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. വൺ മില്യൺ ഗോൾ, ദീപശിഖാ റിലേ, ബോൾ റൺ, സെലിബ്രിറ്റി ഫുട്ബാൾ മത്സരങ്ങൾ എന്നിവ നടത്താനാണ് തീരുമാനം. സെപ്റ്റംബർ 27ന് വൈകിട്ട് മൂന്നു മുതൽ രാത്രി ഏഴു മണി വരെ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ പത്തു ലക്ഷം (ഒരു മില്യൺ) ഗോളുകൾ അടിക്കും. ലോകകപ്പിനെക്കുറിച്ചുള്ള വിവരം പരമാവധി പേരിൽ എത്തിക്കുന്നതിനാണ് വൺ മില്യൺ ഗോൾ പരിപാടി നടത്തുന്നത്.

ഗ്രാമപഞ്ചായത്തുകളിൽ രണ്ടു കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളിൽ പത്തു കേന്ദ്രങ്ങളും കോർപ്പറേഷനുകളിൽ 15 കേന്ദ്രങ്ങളും ഗോളടിക്കാനായി സജ്ജീകരിക്കും. സംസ്ഥാനത്തെ ഏഴായിരം വിദ്യാലയങ്ങളും പങ്കാളികളാവും. ഒരു വ്യക്തിക്ക് ഒരു ഗോൾ അടിക്കാനാണ് അവസരം. ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ വോളണ്ടിയർമാരെ ചുമതലപ്പെടുത്തും. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം അറിയാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഗോളുകളടിക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് പ്രത്യേക സമ്മാനം നൽകും. കൂടുതൽ ഗോൾ അടിച്ച സെന്ററിനും സമ്മാനമുണ്ടാവും.

കാസർഗോഡ് ജില്ലയിൽ നിന്ന് ഒക്ടോബർ മൂന്നിന് രാവിലെ 9 ന് ആരംഭിക്കുന്ന ദീപശിഖാ റിലേയ്ക്ക് ഫുട്ബാൾ താരങ്ങളായ ഐ. എം വിജയൻ, സി. കെ. വിനീത് എന്നിവർ നേതൃത്വം നൽകും. റിലേ ഒക്ടോബർ ആറിന് കൊച്ചിയിലെത്തും. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്ന് ഒക്ടോബർ മൂന്നിന്് ബോൾ റൺ ആരംഭിക്കും. തെക്കൻ ജില്ലകളിൽ പര്യടനം നടത്തി ആറിന് കൊച്ചിയിൽ സമാപിക്കും. കായികതാരങ്ങളായ ജിജു ജേക്കബ്, എം. രാജീവ്കുമാർ, വി. പി. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുന്നത്.

ഇതോടൊപ്പം മൂന്ന് സെലിബ്രിറ്റി ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കും. ചീഫ് മിനിസ്റ്റേഴ്സ് ഇലവനും സ്പീക്കേഴസ് ഇലവനും ഒരു മത്സരത്തിൽ ഏറ്റുമുട്ടും. സിവിൽ സർവീസ് ടീമുകൾ തമ്മിലും മാധ്യമപ്രവർത്തകരുടെ ടീമുകൾ തമ്മിലുമുള്ള മത്സരങ്ങളുണ്ടാവും. തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാവും മത്സരങ്ങൾ നടക്കുക.

ലോകകപ്പ് ഫുട്ബാളിന്റെ പ്രധാനവേദിയായ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സജ്ജമായതായി മന്ത്രി അറിയിച്ചു. മൈതാനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്കും മറ്റുമായി 47.33 കോടി രൂപ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും കൊച്ചിയുടെ സൗന്ദര്യവത്കരണത്തിനുമായി 17.77 കോടി രൂപയും ചെലവാക്കിയതായി അദ്ദേഹം അറിയിച്ചു.