- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖത്തർ ലോകകപ്പിന് ആകെ 32 ടീമുകൾ; യോഗ്യത ഉറപ്പാക്കിയത് 29; മൂന്ന് സ്ഥാനങ്ങൾക്കായി രംഗത്ത് എട്ടു ടീമുകൾ; വിധി നിർണയിക്കുകയ വൻകരാ പ്ലേഓഫ് മത്സരങ്ങൾ; വെള്ളിയാഴ്ച ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കും
ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് വെള്ളിയാഴ്ച നടക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിലാണ് നറുക്കെടുപ്പ്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടാകുക. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ്.
ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ ടീമുകൾ 37 ആകും. പ്ലേഓഫ് മത്സരക്രമത്തിനനുസരിച്ച് ഇവരെ സംയുക്തമായിട്ടാണ് പരിഗണിക്കുക. ജൂൺ 13 - 14 തീയതികളിലാണ് വൻകരാ പ്ലേഓഫ് മത്സരങ്ങൾ.
ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗിൽ ബെൽജിയത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബ്രസീൽ ഒന്നാമതെത്തി. ലിയോണൽ മെസിയുടെ അർജന്റീന ലോക ചാംപ്യന്മാരായ ഫ്രാൻസിന് പിന്നിൽ നാലാമതാണ്. ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് അർജന്റീന നാലാമതെത്തിയത്.
സ്പെയ്ൻ, ഇറ്റലി, പോർച്ചുഗൽ, മെക്സികോ, നെതർലൻഡ്സ് എന്നിവരാണ് ആറ് മുതൽ പത്തുവരെയുള്ള സ്ഥാനങ്ങളിൽ. ഒന്നു മുതൽ എട്ട് വരെയുള്ള ടീമുകളേയാണ് സീഡ് ചെയപ്പെട്ടതായി കണക്കാക്കുക. ഇറ്റലി ആദ്യ എട്ടിലുണ്ടെങ്കിലും അവർക്ക് ലോകകപ്പിന് യോഗ്യത നേടാനായിരുന്നില്ല. പകരം ഒമ്പതാമതുള്ള പോർച്ചുഗലിനെ സീഡിംഗിൽ ഉൾപ്പെടുത്തി.
നാളെ ലോകകപ്പ് മത്സരക്രമം പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റാങ്കിങ് പ്രഖ്യാപിച്ചത്. 32 ടീമുകളെ നാല് പോട്ടുകളിലായി തരംതിരിച്ചാണ് ഗ്രൂപ്പ് തിരഞ്ഞെടുക്കുക. ഒരു ഗ്രൂപ്പിൽ നാല് ടീമുകൾ. ഫിഫ റാങ്കിംഗിൽ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളും ആതിഥേയരുമാണ് പോട്ട് ഒന്നിലുള്ളത്. ഇറ്റലിക്ക് പകരം പോർച്ചുഗലും വന്നു.
ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, സ്പെയ്ൻ എന്നിവരാണ് പോട്ട് ഒന്നിലുള്ള മറ്റുടീമുകൾ. പോട്ട് രണ്ടിൽ ഡെന്മാർക്ക്, നെതർലൻഡ്സ്, ജർമനി, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, ഉറുഗ്വെ, മെക്സിക്കോ, യുഎസ് ടീമുകളുണ്ട്. ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലിന്റേയും അർജന്റീനയുടേയും ഗ്രൂപ്പിൽ ജർമനി, നെതർലൻഡ്സ്, ക്രൊയേഷ്യ ടീമുകൾ ഉൾപ്പെടാൻ സാധ്യതയേറെയാണ്.
ഇറാൻ, ജപ്പാൻ, സെർബിയ, ദക്ഷിണ കൊറിയ, ടുണീഷ്യ, പോളണ്ട്, സെനഗൽ, മൊറോക്കോ എന്നിവരാണ് പോട്ട് മൂന്നിൽ. സൗദി അറേബ്യ, ഇക്വഡോർ, ഘാന, കാനഡ, കാമറൂൺ എന്നിൽ നാലാം പോട്ടിലുണ്ട്. യോഗ്യത നേടിവരുന്ന മൂന്ന് ടീമുകളെ കൂടി പോട്ടിൽ ഉൾപ്പെടുത്തും.
യോഗ്യത ഉറപ്പാക്കിയ 29 ടീമുകൾ
ആതിഥേയർ: ഖത്തർ
യൂറോപ്പ്: ജർമനി, ഡെന്മാർക്ക്, ബൽജിയം, ഫ്രാൻസ്, ക്രൊയേഷ്യ, സ്‌പെയിൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്‌സർലൻഡ്, നെതർലൻഡ്‌സ്, പോർച്ചുഗൽ, പോളണ്ട്.
തെക്കേ അമേരിക്ക: ബ്രസീൽ, അർജന്റീന, ഇക്വഡോർ, യുറഗ്വായ്
ആഫ്രിക്ക: കാമറൂൺ, മൊറോക്കോ, സെനഗൽ, ഘാന, തുനീസിയ.
വടക്കേ അമേരിക്ക: കാനഡ, മെക്‌സിക്കോ, യുഎസ്എ
ഏഷ്യ: ഇറാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ജപ്പാൻ
സാധ്യത ശേഷിക്കുന്ന ടീമുകൾ
ന്യൂസീലൻഡ് - കോസ്റ്റ റിക്ക
വെയ്ൽസ് - സ്‌കോട്ട്ലൻഡ്/യുക്രെയ്ൻ
പെറു - ഓസ്‌ട്രേലിയ/യുഎഇ
സ്പോർട്സ് ഡെസ്ക്