കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങൾ ഫിഫയുടെ അണ്ടർ 17 ലോകകപ്പിലെ പ്രധാന മത്സരങ്ങൾ കൊച്ചിക്കു നഷ്ടപ്പെടാൻ ഇടയാക്കിയേക്കും. അണ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയൻ സെപ്പി തന്റെ അതൃപ്തി വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യത്തിൽ സംശയം ഉടലെടുത്തിരിക്കുന്നത്. കൊച്ചിയിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഇതാദ്യമല്ലെന്ന് ഹാവിയൻ ചൂണ്ടിക്കാട്ടി.

കേരള ബ്ലാസ്റ്റേഴ്‌സും നോർത്ത് ഈസ്റ്റും തമ്മിൽ തിങ്കളാഴ്ച നടന്ന മത്സരം അവസാനിച്ചശേഷമായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.
സമ്മാനദാന ചടങ്ങിനിടെ ഗ്യാലറിയുടെ സുരക്ഷാ വേലികൾ മറികടന്ന് ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു. തുടർന്ന് താരങ്ങൾ നിൽക്കുന്ന വേദിക്കരികിലേക്ക് ഓടിയ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞിട്ട് കൈകാര്യം ചെയ്തു. ഇത് കണ്ട് ഗ്യാലറിയിലെ ആരാധകക്കൂട്ടം കസേരകളും കുപ്പികളുമെല്ലാം വലിച്ചെറിയാൻ തുടങ്ങി.

സ്റ്റേഡിയത്തിൽ കലാപമാണു നടന്നതെന്നാണു ഹാവിയൻ സെപ്പി പറഞ്ഞത്. ലോകകപ്പിലെ സെമി, ഫൈനൽ പോലുള്ള വലിയ കളികൾ നടത്താനുള്ള കൊച്ചിയുടെ കഴിവിനെയും അദ്ദേഹം ചോദ്യം ചെയ്തു. കാച്ചി സ്റ്റേഡിയത്തിൽ ഇത്തരം സംഭവങ്ങൾ ഇതാദ്യമായല്ല. മുമ്പ് നടന്ന സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തവർഷം ഇന്ത്യ ആദിത്യമരുളുന്ന അണ്ടർ 17 ഫിഫ ലോകകപ്പിന്റെ വേദിയായി കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്.