ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി അതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് സമനിലയോടെ തുടക്കം. മഴ രസംകൊല്ലിയായി എത്തിയ ആദ്യമത്സരത്തിൽ തുർക്കി- ന്യൂസിലാന്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ആദ്യം ഗോൾ നേടിയത് തുർക്കിയാണ്. ഒന്നാം പകുതിയിൽ ഒരു ഗോൾ വഴങ്ങിയ ന്യൂസീലൻഡ് രണ്ടാം പകുതിയിൽ സമനില ഗോൾ നേടി.

മത്സരത്തിന്റെ പതിനെട്ടാം മിനിറ്റിൽ അഹമ്മദാണ് തുർക്കിക്കു വേണ്ടി ഗോൾ നേടിയത്. ബോക്‌സിന് പുറത്തുനിന്നു പറന്നു വന്ന ഒരു ക്രോസ് അഹമ്മദ് കൃത്യമായി കുത്തി നെറ്റിന്റെ മൂലയിലിടുകയായിരുന്നു. ഗോളി പറന്നു ചാടിയെങ്കിലും പന്തിൽ കൈയെത്തിക്കാനായില്ല. 58-ാം മിനിറ്റിൽ തീർത്തും അപ്രതീക്ഷിതമായാണ് ന്യൂസീലൻഡിന് വേണ്ടി മാക്‌സ് മാട്ട സമനില ഗോൾ നേടിയത്. തുർക്കി തയ്യാറെടുക്കും മുൻപ് എടുത്ത ഫ്രീകിക്ക് പ്രതിരോധ നിരക്കാർക്ക് ഇടയിലൂടെ കരസ്ഥമാക്കിയ മാട്ട ഒന്നാന്തരമൊരു ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു.

അതേസമയം കൗമാര ലോകകപ്പിലെ ആദ്യ ജയം ഘാന സ്വന്തമാക്കി. എതിരാളികളായ കൊളംബിയയെ ഒരു ഗോളിനാണ് ഘാന പരാജയപ്പെടുത്തിയത്. 39-ാം മിനിറ്റിൽ മനോഹരമായൊരു നീക്കത്തിനൊടുവിൽ സാദിഖ് ഇബ്രാഹിമാണ് ഘാനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. രണ്ടാം പകുതുയിൽ സമനില ഗോളിന് വേണ്ടി കൊളംബിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.