- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പടിക്കൽ കലമുടച്ച് വീണ്ടും ഇറ്റലി; യൂറോ ചാമ്പ്യന്മാരായ അസൂറികൾ ഖത്തർ ലോകകപ്പിനില്ല!; നോർത്ത് മാസിഡോണിയയോടു തോറ്റ് യോഗ്യത നേടാതെ പുറത്ത്!; ഒരു ജയം അകലെ ഖത്തറിലേക്ക് കണ്ണുനട്ട് പോർച്ചുഗൽ
പലേർമോ: യൂറോ ചാമ്പ്യന്മാരായ ഇറ്റലി ഖത്തർ ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറിടൈമിൽ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് മുൻ ചാമ്പ്യന്മാരെ അട്ടിമറിച്ചത്. അതേസമയം തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഖത്തറിലേക്കുള്ള സാധ്യത നിലനിർത്തി
ഇറ്റലിയോ പോർച്ചുഗലോ, ഏറെ ആരാധകരുള്ള രണ്ടു ടീമുകളിൽ ഏതെങ്കിലും ഒരു ടീമേ ഖത്തറിലേക്ക് ടിക്കറ്റെടുക്കൂ എന്ന് ഫുട്ബോൾ ലോകത്തിന് ഉറപ്പായിരുന്നു. എന്നാൽ പടിക്കൽ കലമുടയ്ക്കാനായിരുന്നു ഇത്തവണയും ഇറ്റലിയുടെ വിധി. ലോകകപ്പ് യോഗ്യതയ്ക്കായുള്ള പ്ലേഓഫ് സെമിയിൽ ദുർബലരായ നോർത്ത് മാസിഡോണിയയോടു അപ്രതീക്ഷിത തോൽവി വഴങ്ങുകയായിരുന്നു. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ ഇൻജറി ടൈമിൽ അലക്സാണ്ടർ താജ്കോവ്സ്കിയാണ് നോർത്ത് മാസിഡോണിയയുടെ വിജയഗോൾ നേടിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിലാണ് ഇറ്റലി ദുർബലരായ എതിരാളികളോട് പരാജയപ്പെട്ടത്.
ജീവന്മരണ പോരാട്ടത്തിൽ 65 ശതമാനം പന്തടക്കമുണ്ടായിട്ടും നിർഭാഗ്യം ഇറ്റലിയുടെ വഴിമുടക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് അഞ്ച് തവണ തൊടുത്തെങ്കിലും തലവര മാറിയില്ല. ഇതോടെ തുടർച്ചയായ രണ്ടാം ലോകകപ്പിനും യോഗ്യത നേടാനാകാതെ യൂറോ ചാമ്പ്യന്മാർ യോഗ്യതാ റൗണ്ടിൽ നിന്ന് മടങ്ങി.
നേരത്തെ, 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിനും ഇറ്റലിക്കു യോഗ്യത നേടാനായിരുന്നില്ല. പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി കഴിഞ്ഞ വർഷം നടന്ന യൂറോ കപ്പിൽ ഇറ്റലി ജേതാക്കളായിരുന്നു. യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയായിരുന്നു ഇറ്റലിയുടെ കിരീടനേട്ടം. യൂറോകപ്പ് നേടി വെറും എട്ടു മാസം പിന്നിടുമ്പോഴാണ് നോർത്ത് മാസിഡോണിയയോടു തോറ്റ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകുന്നത്.
ഫലത്തിൽ യൂറോപ്യൻ ചാംപ്യന്മാരില്ലാതെയാകും ഇത്തവണ ഖത്തർ ലോകകപ്പിൽ പന്തുരുളുക. മാത്രമല്ല, ലോകകപ്പ് വേദിയിൽ ഇറ്റലിയെ കാണാൻ കുറഞ്ഞത് 12 വർഷം കാത്തിരിക്കേണ്ട ഗതികേടിലായി അവരുടെ ആരാധകർ!
ആദ്യ പ്ലേഓഫിൽ തുർക്കിയെ വീഴ്ത്തിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെയെത്തിയത്. സിആർ7 ആരാധകർ കണ്ണിമചിമ്മാതെ കാത്തിരുന്ന രാത്രിയിൽ ഒട്ടാവിയോ, ഡിയോഗോ ജോട്ട, മാത്യൂസ് ന്യൂനെസ് എന്നിവർ സ്കോറർമാരായപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഖത്തറിലേക്കുള്ള ദൂരം ഒരു ജയം മാത്രമാക്കി ചുരുക്കി.
തുർക്കിയുടെ ആശ്വാസ ഗോൾ നേടിയ യിൽമാസ് 86-ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതും പോർച്ചുഗൽ ജയത്തിൽ നിർണായകമായി. ചൊവ്വാഴ്ച വിധി നിർണയ പോരാട്ടത്തിൽ നോർത്ത് മാസിഡോണിയയാണ് പറങ്കികളുടെ എതിരാളികൾ.
സൂപ്പർതാരം ഗാരെത് ബെയിലിന്റെ ഇരട്ട ഗോൾ മികവിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച വെയിൽസും ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം മാത്രം അകലെയെത്തി എന്നതും ശ്രദ്ധേയമാണ്.
ആദ്യ പ്ലേഓഫ് സെമിയിൽ കരുത്തരായ ഓസ്ട്രിയയെ വീഴ്ത്തിയാണ് വെയ്ൽസ് ആദ്യ റൗണ്ട് വിജയകരമായി പിന്നിട്ടത്. ക്യാപ്റ്റൻ ഗാരത് ബെയ്ൽ ഇരട്ടഗോളുമായി മിന്നിയ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെയ്ൽസ് ഓസ്ട്രിയയെ വീഴ്ത്തിയത്. 25, 51 മിനിറ്റുകളിലായിരുന്നു ബെയ്ലിന്റെ ഗോളുകൾ. ഓസ്ട്രിയയുടെ ആശ്വാസഗോൾ 64ാം മിനിറ്റിൽ മാർസൽ സാബിറ്റ്സർ നേടി.
യുക്രെയ്ൻ സ്കോട്ലൻഡ് പ്ലേഓഫ് സെമി വിജയികളുമായാണ് ലോകകപ്പ് യോഗ്യതയ്ക്കായി വെയ്ൽസ് അവസാന റൗണ്ടിൽ മത്സരിക്കും. യുക്രെയ്ൻ സ്കോട്ലൻഡ് പ്ലേഓഫ് സെമി തൽക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. പ്ലേഓഫ് ഫൈനൽസിൽ ജയിച്ചാൽ 58 വർഷത്തെ ഇടവേളയ്ക്കു ശേഷമാകും വെയ്ൽസ് ലോകകപ്പ് കളിക്കുക.
മറ്റൊരു മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയാണ് സ്വീഡൻ ലോകകപ്പ് യോഗ്യതയ്ക്ക് ഒരു ജയം അകലെ എത്തിയത്. അധിക സമയത്ത് 110ാം മിനിറ്റിൽ റോബിൻ ക്വയ്സനാണ് സ്വീഡന്റെ വിജയഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോളടിക്കാതെ പിരിഞ്ഞതോടെയാണ് വിജയികളെ കണ്ടെത്താൻ അധിക സമയം അനുവദിച്ചത്.
പ്ലേഓഫ് ഫൈനൽസിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് സ്വീഡന്റെ എതിരാളികൾ. യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ റഷ്യയെ വിലക്കിയതോടെ, പ്ലേഓഫ് സെമി കളിക്കാതെ തന്നെ പോളണ്ട് ഫൈനൽസിന് യോഗ്യത നേടുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്