- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര ബാലികാ ദിനം; പെൺഭ്രൂണഹത്യക്കെതിരെ രാജ്യ വ്യാപകമായി ഫൈറ്റ് ഫോർ ദ ഫീറ്റസ് ക്യാമ്പയിന് തുടക്കം
പെൺഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി Fight4theFoetus എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങുന്നു. അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബർ 11ന് പ്രചാരണ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2001ലെയും 2011ലെയും സെൻസസ് റിപ്പോർട്ടുകൾ ഇതിന് വ്യക്തമായ തെളിവാണ്. 2025 കഴിയുന്നത
പെൺഭ്രൂണഹത്യക്കെതിരെ രാജ്യവ്യാപകമായി Fight4theFoetus എന്ന പേരിൽ പ്രചാരണ പരിപാടി തുടങ്ങുന്നു. അന്താരാഷ്ട്ര ബാലികാ ദിനമായ ഒക്ടോബർ 11ന് പ്രചാരണ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാജ്യത്ത് പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
2001ലെയും 2011ലെയും സെൻസസ് റിപ്പോർട്ടുകൾ ഇതിന് വ്യക്തമായ തെളിവാണ്. 2025 കഴിയുന്നതോടെ വിവാഹപ്രായമായ യുവാക്കൾക്ക് ഗുരുതരമായ വധൂദാരിദ്ര്യം നേരിടും. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പെരുകുന്നതിലേക്കും ഇത് വഴി വയ്ക്കുന്നു. ഔദ്യോഗിക കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പെരുകുന്നതു വ്യക്തമാകും.
ലക്ഷ്യങ്ങൾ
എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനപരമായ ഭ്രൂണഹത്യകൾ പൂർണ്ണമായി തടയുകയാണ് പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം. പെൺകുട്ടികളെ ഗർഭാവസ്ഥയിൽതന്നെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്നതിന്റെ ഗുരുതര പ്രത്യാഘാതം സംബന്ധിച്ച് സമൂഹത്തെ, പ്രത്യേകിച്ച് യുവസമൂഹത്തെ, ബോധ്യപ്പെടുത്തേണ്ടതിനും ഇതുവഴി സമൂഹത്തിൽ പെൺകുട്ടികളോടുള്ള അടിസ്ഥാന സമീപനത്തിൽ മാറ്റം വരുത്താനും പ്രചാരണം ലക്ഷ്യമിടുന്നു. സമൂഹത്തിലെ മോശം പ്രവണതകളായ ശൈശവ വിവാഹം, ബഹുഭാര്യാത്വം, വധുവിനെ വിലകൊടുത്തുവാങ്ങുന്ന സമ്പ്രദായം ഇതിനെല്ലാമെതിരെ വിവിധ ഏജൻസികളും സംഘടനകളും നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും Fight4theFoetus ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നു.
ലക്ഷ്യം യുവജനത
ക്യാമ്പയിൻ പ്രധാനമായും ലക്ഷ്യമിടുന്നത് യുവസമൂഹത്തെയാണ്. അതായത് മുതിർന്ന കുട്ടികളെയും വിവാഹപ്രായമായവരെയും. പെൺകുട്ടികളുടെ എണ്ണം കുറയുന്നതുവഴിയുള്ള തിക്തഫലങ്ങൾ കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് ഈ വിഭാഗത്തിലുള്ളവരാണ്. അതുകൊണ്ടുതന്നെ പെൺകുട്ടികളുടെ എണ്ണം കുറയുന്നത് പെട്ടെന്ന് തടയാൻ കഴിയുക യുവസമൂഹത്തിനായിരിക്കും. ക്യാമ്പയിൻ വിജയത്തിലെത്തിയാൽ അത്
ഏറ്റവും പ്രയോജനപ്പെടുന്നതും പുതുതലമുറയ്ക്കുതന്നെ. അധികാരത്തിലും സമ്പത്തിലും സമൂഹത്തിൽ പുരുഷന്മാർക്ക് കൂടുതൽ പരിഗണന നൽകുന്ന സാമ്പ്രദായിക രീതിയിൽ നിന്നു മാറി ലിംഗസമത്വത്തിന്റെ പ്രാധാന്യവും ക്യാമ്പയിൻ ലക്ഷ്യം
വയ്ക്കുന്നു.
വേണ്ടത് ഭഗീരഥപ്രയത്‌നം
29 സംസ്ഥാനങ്ങളും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളും 22 അംഗീകൃത ഭാഷകളും 38 പ്രാദേശിക ഭാഷാഭേദങ്ങളും നിറഞ്ഞ വൈവിധ്യമായ സംസ്‌കാരങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഇതിനെല്ലാം ഉപരിയായി ഓരോ പ്രദേശത്തിനും പരമ്പരാഗതമായ ആചാരങ്ങളും രീതികളും മതവിശ്വാസങ്ങളും ജാതി ചിന്തകളുമുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും ഈ സന്ദേശം എത്തിക്കുകയെന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. കൂട്ടായ
പരിശ്രമം ഇതിന് ആവശ്യമുണ്ട്.
സെലിബ്രിറ്റികൾ
ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് വേഗത്തിൽ ഈ സന്ദേശമെത്തിക്കുന്നതിന് അവർക്ക് പ്രിയപ്പെട്ട താരങ്ങൾക്കും, അവർക്കിടയിൽ സാന്നിധ്യമുള്ള പ്രശസ്തരായ വ്യക്തികൾക്കും കഴിയും. അതുകൊണ്ടുതന്നെ സിനിമ, സ്പോർട്സ്, സാഹിത്യം, കല, നാട്യകല, രാഷ്ട്രീയം, മതം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽനിന്നുള്ള പ്രശസ്തരെ പ്രചാരണത്തിൽ പങ്കാളികളാക്കുകയും, അതുപോലെ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡർമാരാക്കുകയും അതുവഴി അവരോട് അടുത്ത വ്യക്തികളിലൂടെയുള്ള പ്രചാരണവും ക്യാമ്പയിനിലൂടെ നടത്തുന്നു.
സോഷ്യൽ മീഡിയ
പുതുതലമുറയ്ക്ക് ഏറ്റവും സ്വാധീനമുള്ള മാദ്ധ്യമമെന്ന നിലയിലാണ് സാമൂഹ്യമാദ്ധ്യമങ്ങളെ ഇതിൽ ഉൾപ്പെടുത്തുന്നത്. യുവാക്കളിൽ സ്വാധീനശക്തിയുള്ള
സെലിബ്രിറ്റികളുടെ പ്രാദേശിക ഭാഷയിലുള്ള വീഡിയോ സന്ദേശങ്ങൾ ഇതിനായി ഉൾപ്പെടുത്തുന്നുണ്ട്. ഇന്റർനെറ്റ്, സോഷ്യൽ മീഡിയകളായ ഫേസ്‌ബുക്ക്, ട്വിറ്റർ, യുട്യൂബ് വഴി ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു.
സന്നദ്ധ സംഘടനകൾ
രാജ്യത്ത് 33,000 സന്നദ്ധ സംഘടനകൾ ഈ മേഖലയിൽ മാത്രം പ്രവർത്തിക്കുന്നതായാണ് കണക്ക്. എന്നാൽ ഇവർക്ക് സന്ദേശങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാൻ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമോ മൾട്ടിമീഡിയ മാദ്ധ്യമങ്ങളോ നിലവിലില്ല. Fight4theFoetus ക്യാമ്പയിൻ ഇത്തരത്തിലുള്ള സന്നദ്ധ സംഘടനൾക്കും മറ്റ് യുവസംഘടനകൾക്കും ചേരുന്ന രീതിയിൽ ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. സംഘടനകൾക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ഒരുക്കുകയും ഇതുവഴി സമാനചിന്താഗതിയുള്ള സന്നദ്ധ സംഘടനകളുടെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യും.
ഹ്രസ്വചിത്രങ്ങളും ചലച്ചിത്രോത്സവങ്ങളും
യുവജനങ്ങളുടെ ഇടയിൽ പെട്ടെന്ന് എത്തിച്ചേരാവുന്ന മാദ്ധ്യമം എന്ന നിലയിൽ ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുകയും ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. എൻജിഒകൾ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ഈ ഹ്രസ്വചിത്രങ്ങൾക്ക് പ്രചാരം നൽകാൻ ക്യാമ്പയിൻ ലക്ഷ്യമിടുന്നു. മറ്റുള്ളവർ തയാറാക്കുന്ന ഹ്രസ്വചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും പ്രോത്സാഹനം നൽകും. ഇതിന്റെ ഭാഗമായി എല്ലാ വർഷവും ഒക്ടോബറിൽ ചലച്ചിത്രോത്സവം സംഘടിപ്പിക്കും.
2015 ഒക്ടോബർ 11ന് ഔദ്യോഗികമായി തുടക്കമിടുന്ന ഈ ക്യാമ്പയിൻ ആറു വർഷ കാലപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പെൺകുട്ടികളുടെ അനുപാതത്തിൽ കാര്യമായ പുരോഗതി 2021 ലെ സെൻസസിൽ ഉണ്ടാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹെറിറ്റേജ് ഇന്ത്യ ഫൗണ്ടേഷൻ നടത്തുന്ന ഈ ക്യാമ്പയിന്റെ വിജയം ഭാരതത്തിന്റെ സാമൂഹ്യ ഭദ്രതക്ക് അനിവാര്യമാണെന്ന് വിവിധ സാമൂഹിക സംസ്‌കാരിക നായകർ വിലയിരുത്തുന്നു.