- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെലിക്കോം കമ്പനികളുടെ പകൽകൊള്ളയ്ക്ക് ചൂട്ടുപിടിക്കുന്ന ട്രായിയുടെ നിലപാടിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ഇരമ്പുന്നു; വാട്സ് ആപ്പും സ്‌കൈപ്പും ഉപയോഗിക്കാൻ അധികചാർജ്ജ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കാമ്പയിൽ ശക്തം; നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടി ഇന്ന് തന്നെ വോട്ട് ചെയ്യൂ..
ന്യൂഡൽഹി: മാർക്കറ്റിൽ പോയി കാശുകൊടുത്ത് ഒരു ചാക്ക് അരി വാങ്ങിയാൽ അതിൽ ഒരുഭാഗം കല്യാണ സദ്യക്ക് ഉപയോഗിക്കുമ്പോഴും വീട്ടിൽ പാചകം ചെയ്യുമ്പോഴും രണ്ട് തരത്തിൽ പണം കൊടുക്കണം എന്ന് നിയമം വന്നാൽ ആരെങ്കിലും അംഗീകരിക്കുമോ? കല്യാണ സദ്യക്കാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് അധിക പണം നൽകണമെന്ന ഘട്ടം വന്നാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന് ചോ
ന്യൂഡൽഹി: മാർക്കറ്റിൽ പോയി കാശുകൊടുത്ത് ഒരു ചാക്ക് അരി വാങ്ങിയാൽ അതിൽ ഒരുഭാഗം കല്യാണ സദ്യക്ക് ഉപയോഗിക്കുമ്പോഴും വീട്ടിൽ പാചകം ചെയ്യുമ്പോഴും രണ്ട് തരത്തിൽ പണം കൊടുക്കണം എന്ന് നിയമം വന്നാൽ ആരെങ്കിലും അംഗീകരിക്കുമോ? കല്യാണ സദ്യക്കാണ് ഉപയോഗിക്കുന്നതെങ്കിൽ അതിന് അധിക പണം നൽകണമെന്ന ഘട്ടം വന്നാൽ? ഇതെന്താ വെള്ളരിക്കാ പട്ടണമോ എന്ന് ചോദിക്കുമെന്ന കാര്യം ഉറപ്പാണ്. അതുപോലെയാണ് അടുത്തകാലത്തായി വൻകിട മുതലാളിമാരെ സഹായിക്കാനായി ടെലക്കോം അഥോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്‌ക്കരണം. നിങ്ങളുടെ മൊബൈലിലോ വീട്ടിലോ ഇന്റർനെറ്റ് കണക്ഷൻ എടുത്താൽ ഉപയോഗിക്കുന്ന സൈറ്റുകൾക്ക് അനുസരിച്ച് പ്രത്യേകം ചാർജ്ജ് ഏർപ്പെടുത്താനാണ് ട്രായ് നീക്കം. ഇക്കാര്യം മറുനാടൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ഇന്റർനെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ചാർജ്ജ് ചെയ്ത പണം കൂടാതെ അധിക ചാർജ്ജ് നൽകണമെന്ന വിധത്തിലാണ് ട്രായിയുടെ പരിഷ്‌ക്കരണങ്ങൾ. ഇതിനെതിരെ സൈബർ ലോകത്ത് പ്രതിഷേധം ഇരമ്പുകയാണ്. #savetheinternet , #NetNeturaltiyInIndia എന്നീ ഹാഷ് ടാഗുകളിലാണ് ഇന്റർനെറ്റ് സമത്വം സംരക്ഷിക്കാൻ വേണ്ടിയുള്ള കാമ്പയിൻ ശക്തമായത്. savetheinternet.in എന്ന സൈറ്റിലൂടെയാണ് ട്രായ് നീക്കത്തിനെതിരെ അതിശക്തമായ പ്രചരണമാണ് നടക്കുന്നത്. ട്രായ് നീക്കം ഇന്റർനെഖറ്റ് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശിച്ചാണ് പ്രചരണം. പതിനായിരക്കണക്കിന് ഇ മെയ്‌ലുകളാണ് ട്രായ് നീക്കത്തെ എതിർത്തുകൊണ്ട് അയക്കുന്നത്.
നിലവിൽ ഡാറ്റ ഉപയോഗത്തിന് നൽകുന്ന പൊതുചാർജ്ജ് ഉപയോഗിച്ച് ഇന്റർനെറ്റിലെ ഏതു സൈറ്റും കാണാനാകും. ഇതിനായി 2ജി, 3ജി പാക്കേജുകൾ പ്രത്യേകം റീചാർജ്ജ് ചെയ്താണ് നാം ഇൻർനെറ്റ് ചെയ്യുന്നത്. ഈ ഇന്റർനെറ്റ് ഉപയോഗിച്ച് ഏത് സേവനവും ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, സാധാരണ ഉപയോഗത്തിന് പുറമേ, വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനും സ്‌കൈപ്പ് ഉപയോഗിക്കുന്നതിനും യൂട്യൂബിൽ വീഡിയോ കാണുന്നതിനും അധിക പണം നൽകുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമാകുന്നത്. ഇന്റർനെറ്റ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടി തന്നെയാണ് ഇത്.
എയർടെൽ റിലയൻസ് പോലുള്ള കമ്പനികൾ ഇത്തരം പ്രത്യേക നിരക്കുകൾ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. നഗ്നമായ ഈ പകൽകൊള്ളക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം അണപൊട്ടി ഒഴുകുകയാണ്. 'ഇന്ത്യാ വാൻഡ്‌സ് നെറ്റ് ന്യൂട്രാലിറ്റി' എന്ന ഹാഷ് ടാഗലൂടെ പ്രതിഷേധം ഉയരുമ്പോഴും പിന്തിരിയുമെന്ന സൂചന ട്രായി ഇനിയും നൽകിയിട്ടില്ല.
പ്രത്യകം ചാർജ്ജ് നൽകാതെ തുല്യതയോടെ ഇന്റർനെറ്റുപയോഗിക്കുന്നതിനാണ് നെറ്റ് ന്യൂട്രാലിറ്റി എന്ന് പറയുന്നത്. മിക്ക പാശ്ചാത്യ രാജ്യങ്ങളിലും ഇന്റർനെറ്റ്് തുല്യതയെ സംരക്ഷിക്കുന്ന നിയമങ്ങളുണ്ട്. എന്നാൽ നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിക്കുന്ന നിയമങ്ങൾ ഇന്ത്യയിലില്ലാത്തത് സെബർ സ്വാതന്ത്ര്യത്തിന് കടുത്ത ഭീഷണിയായി മാറുകയാണ്. അതിനെതിരെയാണ് ഫേസ്‌ബുക്കിലും ട്വിറ്ററിലുമായി സെയ്വ് ഇന്റർനെറ്റ് ക്യാംപെയ്ൻ ശക്തമാകുന്നത്. ടുജി സ്‌പെക്ട്രം ഇടപാടിൽ കോടികൾ കോഴ വാങ്ങിയത് പോലെ ഇന്ത്യയിലെ മൊബൈൽ കമ്പനികളെ സഹായിക്കാനാണ് മോദി സർക്കാറിന്റെ ആസൂത്രിത നീക്കമെന്ന ആരോപണം ഇപ്പോൾ തന്നെ ശക്തമാണ്.
വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബർ തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് സർവീസുകൾ വന്നതോടെ തിരിച്ചടിയായത് മൊബൈൽ കമ്പനികൾക്കാണ്. കോടിക്കണക്കിന് രൂപ ചെലവിട്ട് സ്‌പെക്ട്രം സ്വന്തമാക്കുന്ന കമ്പനികൾക്ക് ഇത്തരം ആപ്ലിക്കേഷനുകൾ കനത്ത നഷ്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ട്രായിയുടെ പുതിയ നീക്കം. വാട്‌സ്ആപ്പും സ്‌കൈപ്പും പോലുള്ള മെസേജിങ് ആപ്ലിക്കേഷനുകൾ മെസേജുകളും ഫോൺവിളിയും സൗജന്യമായി സാധ്യമാക്കിയതാണ് ടെലകോം കമ്പനികൾക്ക് നഷ്ടക്കണക്കുകൾ നിരത്തി രംഗത്തെത്തിയത്.
എന്നാൽ, ഈ വാദം പൊള്ളയാണെന്ന് കണ്ടെത്താൻ പ്രയാസമില്ല. വാട്‌സ്ആപ്പായാലും സ്‌കൈപ്പായാലും പ്രവർത്തിക്കണമെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമാണ്. അതിപ്പോഴും നൽകുന്നത് ടെലിക്കോം കമ്പനികൾ തന്നെയാണ്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഉപയോഗം വർധിച്ചതോടെ, അതിന്റെ വരുമാനം യഥാർഥത്തിൽ ചെന്നുചേരുന്നത് ടെലിക്കോം കമ്പനികളിലാണെന്നതാണ് പരമാർഥം. ഇതിനു പുറമെ കൊള്ളലാഭമുണ്ടാക്കുകയെന്ന തന്ത്രമാണ് ട്രായിയിലൂടെ നടപ്പാക്കാൻ ഒരുങ്ങുന്നത്.
ട്രായ് നീക്കം തടയാൻ വേണ്ടത് ഒരു സൈബർ വിപ്ലവമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി ട്രായി ജനങ്ങളിൽനിന്ന് ചില അഭിപ്രായങ്ങൾ ആരാഞ്ഞിട്ടുണ്ട്. ട്രായി കൺസൽട്ടേഷൻ വെബ്‌സൈറ്റിൽ 113 മുതൽ 116 വരെയുള്ള പേജുകളിലാണ് അഭിപ്രായമാരാഞ്ഞിരിക്കുന്നത്. ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം advqost@rai.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് ഈമാസം 24ന് മുൻപ് അയച്ചു കൊടുക്കുകയാണ് വേണ്ടത്.
ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്കായി തയാറാക്കിയിരിക്കുന്ന ഈ പെറ്റീഷൻ ഒപ്പിടാൻ ആഹ്വാനം ചെയ്തുള്ള വീഡിയോകൾ ട്വിറ്റർവഴിയും ഫേസ്‌ബുക്ക് വഴിയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഷാഷ് ടാഗോടെ ഏവരും ഈ പ്രചരണത്തിന്റെ ഭാഗമാകുകയാണ് വേണ്ടത്. അതിനിടെ എഐബി തയ്യാറാക്കിയ പ്രത്യേക വീഡിയോ ഫേസ്‌ബുക്ക് നീക്കം ചെയ്യപ്പെട്ടതും വിവാദത്തിന് ഇടയാക്കിയിട്ടുണ്ട്. ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ലിങ്ക് ഫേസ്‌ബുക്ക് ഡിലീറ്റ് ചെയ്തതിന് പിന്നിലെ രാഷ്ട്രീയവും ചർച്ചയായിട്ടുണ്ട്.