- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആഫ്രിക്കയിൽനിന്നു തിരിച്ചുവന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നു'വെന്ന് അബ്ദുറബ്ബ്; 'നാണിക്കേണ്ടാ റബ്ബേ.. വേണേൽ എക്സ്.എംഎൽഎ എന്ന് പേജിൽ ഒരു ബോർഡ് വെച്ചോളീ' എന്ന് പി വി അൻവർ; സമൂഹമാധ്യമത്തിൽ പോരുമുറുകുന്നു
മലപ്പുറം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ സാമൂഹ്യമാധ്യമത്തിൽ പരസ്പരം പോരടിച്ച് പി.കെ. അബ്ദുറബ്ബും പി.വി. അൻവർ എംഎൽഎയും.
ശനിയാഴ്ച അബ്ദുറബ്ബ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ആഫ്രിക്കയിൽനിന്നു തിരിച്ചുവന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന പോസ്റ്റ് യുഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തതോടെ അൻവർ പിന്നാലെ തിരിച്ചടിയുമായി എത്തി. അബ്ദുറബ്ബിന്റെ പേജിൽ അദ്ദേഹം ഇപ്പോഴും തിരൂരങ്ങാടി എംഎൽഎ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യമാണ് അൻവർ ഉന്നയിക്കുന്നത്.
'തിരൂരങ്ങാടി മണ്ഡലത്തിൽ മാത്രം ഇന്ന് എംഎൽഎമാർ രണ്ടാണ്. ഒന്ന് ജനങ്ങൾ തിരഞ്ഞെടുത്ത കെ.പി.എ മജീദ് സാഹിബും, രണ്ട് 'ഇപ്പോളും ഞാനാണ് എംഎൽഎ' എന്നും പറഞ്ഞ് കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന പി.കെ.അബ്ദു റബ്ബും. വിദ്യാഭ്യാസ മന്ത്രി ഇന്ന് സഖാവ് വി.ശിവൻകുട്ടിയാണ്. ഇനി പഴയ ഓർമ്മയ്ക്ക് അത് കൂടി ഏറ്റെടുത്തുകൊണ്ട് ഇറങ്ങിയേക്കരുത്. ദാ..ഇനി.പി.വി.അൻവർ പറയും റബ്ബ് അനുസരിക്കും..അന്നെ മെരുക്കാൻ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ. 'നാണിക്കേണ്ടാ റബ്ബേ..വേഗം മാറ്റിക്കോളീം..ന്നിട്ട് വേണേൽ എക്സ്.എംഎൽഎ എന്ന് പേജിൽ ഒരു ബോർഡ് വെച്ചോളീ..'' അൻവർ കുറിച്ചു.
മുസ്ലിം ലീഗിനെ ഉന്നമിട്ട് പി.വി.അൻവർ എംഎൽഎ പങ്കുവച്ച പരിഹാസ പോസ്റ്റിന് മറുപടിയുമായാണ് അബ്ദുറബ്ബ് രംഗത്തെത്തിയത്. 'ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.' എന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം.
ന്യൂസ് ഡെസ്ക്