ന്യൂഡൽഹി : അഫ്ഗാനും പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന വെല്ലുകളികളെ നേരിടാൻ വ്യോമസേന കൂടുതൽ കരുത്ത് നേടും. ഫ്രാൻസിൽ ഉപയോഗിക്കാതെ കിടക്കുന്ന 24 മിറാഷ് 2000 യുദ്ധവിമാനങ്ങൾ വ്യോമസേന വാങ്ങും. രാജ്യത്തിന്റെ യുദ്ധവിമാന ക്ഷാമം കണക്കിലെടുത്താണ് ഇത്. ഇതിൽ 8 എണ്ണം പ്രവർത്തനക്ഷമമാണ്. അതിവേഗം വിമാനങ്ങളുടെ എണ്ണം കൂട്ടാനാണ് ഈ നീക്കം.

ചെറിയ ദൂരങ്ങളിലെ ലക്ഷ്യങ്ങൾ കൃത്യതയോടെ പരമാവധി പ്രഹര ശേഷിയോടെ ആക്രമിച്ച് ശത്രു തിരിച്ചടിക്കും മുൻപ് തിരിച്ചെത്താൻ മിറാഷ് വിമാനങ്ങൾക്ക് കഴിയും. കൃത്യതയിലും വേഗതയിലുമുള്ള ഈ വിശ്വാസമാണ് അഭിമാന സംരക്ഷണ പോരാട്ടങ്ങൾക്കായി മിറാഷ് -2000 നെ ഇന്ത്യൻ വായുസേന തെരഞ്ഞെടുക്കാൻ കാരണം. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് 24 മിറാഷ് വിമാനങ്ങൾ വാങ്ങാനുള്ള നീക്കം.

ഇങ്ങനെ വാങ്ങുന്ന വിമാനത്തിൽ അറ്റകുറ്റ പണികൾ നടത്തി 5 എണ്ണം ഉപയോഗിക്കാം. ബാക്കി 11 എണ്ണം ഭാഗികമായി നിർമ്മാണം പൂർത്തിയായവയാണ്. അവ ഇന്ത്യയിലെത്തിച്ച ശേഷം പൂർത്തിയാക്കും. ഈ വിമാനങ്ങളുടെ ഭാഗങ്ങൾ സേന ഇപ്പോൾ ഉപയോഗിക്കുന്ന മിറാഷ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്. പുൽവാമയിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ബാലാകോട്ടിലെ ഭീകര ക്യാമ്പുകൾക്ക് മുകളിൽ 1000 കിലോ ലേസർ നിയന്ത്രിത ബോബ് വർഷിച്ചത് 'മിറാഷ്-2000' പോർ വിമാനങ്ങളാണ്. റാഫേൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ഡെസാൾട്ട് ഏവിയേഷന്റെ ലൈസൻസിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് മിറാഷ് നിർമ്മിച്ചത്.

സുഹോയ് 30 എംകെഐ, മിഗ് 29 തുടങ്ങി പുത്തൻ തലമുറയിൽപ്പെട്ട പോർ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണെങ്കിലും കാർഗിൽ യുദ്ധത്തിന് ഉപയോഗിച്ച് അതേ 'മിറാഷ്- 2000' ജെറ്റുകളാണ്, ചരിത്രത്തിൽ ഇതുവരെ നടത്തിയിട്ടില്ലാത്ത അതിർത്തി കടന്നുള്ള ആക്രമണത്തിന് ഉപയോഗിച്ചത്. ബാൽക്കോട്ട് മേഖലയിലെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ കേന്ദ്രത്തിനു നേരെയാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള ഏറ്റവും ആക്രമണകാരിയായ മിറാഷ് -2000 1985 ലാണ് കമ്മീഷൻ ചെയ്തത്. സംസ്‌കൃതത്തിൽ 'ഇടിമിന്നൽ' എന്ന് അർഥമുള്ള 'വജ്ര' എന്നപേരിലാണ് മിറാഷ് ഇന്ത്യൻ വ്യോമസേനയിൽ അറിയപ്പെടുന്നത്.

1999-ലെ കാർഗിൽ യുദ്ധകാലത്ത് ഇന്ത്യൻ വിജയത്തിൽ സുപ്രധാന പങ്കാണ് മിറാഷ്- 2000 ജെറ്റുകൾക്കുണ്ടായിരുന്നത്. ഇതിനു പിന്നാലെ 2004-ൽ 50 ജെറ്റുകൾക്കൊപ്പം 10 മിറാഷ് വിമാനങ്ങൾ കൂടി ഇന്ത്യ വാങ്ങി. 2011-ൽ ഒപ്പിട്ട പുതിയ കരാറിലൂടെ മിറാഷ്-2000 വിമാനങ്ങളുടെ ആയുർദൈർഘ്യം കൂട്ടി മിറാഷ് 2000-5 എം.കെയാക്കി. ഇത് 2030 വരെ കരുത്തോടെ നിലനിൽക്കും. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ. മിറാഷ് 2000 ൽ ഉപയോഗിക്കുന്ന SNECMA M53 എന്ന ഒറ്റ ഷാഫ്റ്റ് എൻജിൻ മറ്റു പോർ വിമാനങ്ങളെക്കാൾ ഭാരം കുറഞ്ഞതും ലളിതവുമാണ്.

ഇന്ത്യയെ കൂടാതെ എട്ട് രാജ്യങ്ങൾക്കാണ് മിറാഷ് -200 സ്വന്തമായുള്ളത്. ഫ്രാൻസ്, ഈജിപ്ത്, യുഎഇ, പെറു, തായ്വാൻ, ഗ്രീസ്, ബ്രസീൽ എന്നീ രാജ്യങ്ങൾക്കും ഡെസാൾട്ട് ഏവിയേഷൻ മിറാഷ് 2000 നിർമ്മിച്ച് നൽകിയിട്ടുണ്ട്. ഇതിൽ ബ്രസീൽ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും ഈ ജെറ്റ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 125 റൗണ്ട് വീതമുള്ള രണ്ട് ഓട്ടോമാറ്റിക്ക് DEFA 554 റിവോൾവർ തോക്കുകൾ മിറാഷ് 2000 ലുണ്ട്. ഇവക്ക് മിനിട്ടിൽ 1200 അല്ലെങ്കിൽ 1800 റൗണ്ട് വരെ വെടിയുതിർക്കാൻ കഴിയും.

ഇതിനു പുറമെ മിഷന്റെ സ്വഭാവമനുസരിച്ച് ഇന്ന് ഇന്ത്യ ഉപയോഗിച്ച ലേസർ ഗൈഡഡ് ബോംബുകൾ, Air to Air മിസൈൽ , Air to Ship മിസൈൽ, Air to Surface മിസൈൻ , ആന്റി റഡാർ മിസൈൽ തുടങ്ങി അണുവായുധം വരെ വഹിക്കാനുള്ള ശേഷി ഈ വിമാനങ്ങൾക്കുണ്ട്. ഏകദേശം പതിനഞ്ചോളം വേരിയന്റുകൾ മിറാഷ് 2000 നുണ്ട്.