ഹൈദരാബാദ്: വിവാദങ്ങളുടെ സഹയാത്രികയാണ് തെന്നിന്ത്യൻ സിനിമാതാരം നയൻതാര. അടുത്ത കാലത്ത് മാത്രമാണ് നയൻസ് അധികം വിവാദങ്ങളിൽ കുടുങ്ങാതെ ഫീൽഡിൽ നിറഞ്ഞു നിൽക്കുന്നത്. എന്നാൽ, വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ശ്രമിച്ചിട്ടും നയൻസിനെ തേടി വിവാദങ്ങൾ എത്തുകയാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന ഫിലിം ഫെയർ അവാർഡ് നിശയിൽ ധനുഷിനെ പരിഹസിച്ച് സംസാരിച്ചാണ് നടി വിവാദത്തിൽ ചാടിയത്. എന്നാൽ, മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടിയ തന്നെ ധനുഷ് പുകഴ്‌ത്താത്തതിലാണ് നയൻസ് പ്രകോപിതയായതും പ്രതികരിച്ചതും.

ധനുഷ് നിർമ്മിച്ച രണ്ട് ചിത്രങ്ങൾക്ക് ഇത്തവണ വിവിധ കാറ്റഗറികളിലായി അവാർഡുകളുണ്ടായിരുന്നു. കാക്കാമുട്ടൈ എന്ന ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോൾ സ്വീകരിക്കാനെത്തിയത് നിർമ്മാതാവായ ധനുഷാണ്. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനമാണ് കാക്കാമുട്ടൈയിൽ ഐശ്വര്യ രാജേഷ് നടത്തിയതെന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് ധനുഷ് പറഞ്ഞു. സിനിമയിൽ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ച ഐശ്വര്യ രാജേഷിന്റെ പ്രകടനം മികച്ചു നിന്നിരുന്നു. എന്നാൽ, ധനുഷിന്റെ നിർമ്മാണകമ്പനിയായ വണ്ടർ ബാർ നിർമ്മിച്ച നാനും റൗഡി താനിലെ പ്രകടനത്തിന് നയൻതാര മികച്ച നടിയായി. എന്നാൽ, കാക്കമുട്ടൈയെ കുറിച്ച് വാചാലനായ ധനുഷ് ഈ ചിത്രത്തിലെ നയൻസിന്റെ അഭിനയത്തെ കുറിച്ച് മൗനം പാലിച്ചു. ഇതോടെയാണ് നയൻസ് പ്രകോപിതയായത്.

ധനുഷിനുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു അവാർഡ് സ്വീകരിച്ചുകൊണ്ട് നയൻതാരയുടെ പ്രസംഗം. ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന സിനിമയിലെ തന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു. തന്നോട് ക്ഷമിക്കണമെന്ന് നയൻതാര പറഞ്ഞു. പുരസ്‌കാരം സംവിധായകൻ വിഗ്‌നേഷ് ശിവന് സമർപ്പിക്കുകയും ചെയ്തു.

സംവിധായകൻ വിഗ്‌നേഷ് ശിവനുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കമാണ് നയൻതാരയെയും ധനുഷിനെയും ശത്രുതയിലെത്തിച്ചത് എന്നാണ് വാർത്തകൾ. നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നയൻതാരയും വിഗ്‌നേഷും പ്രണയത്തിലായെന്നും ഇതേത്തുടർന്ന് സിനിമയുടെ ചിത്രീകരണത്തെ ഇരുവരുടെയും ബന്ധം ബാധിച്ചതായും കോളിവുഡിൽ ഗോസിപ്പുകളുണ്ടായിരുന്നു. സിനിമാ ചിത്രീകരണം വൈകുന്നതിൽ അസംതൃപ്തിയറിയിച്ച ധനുഷ് വിഗ്‌നേഷ് ശിവനെ ഇനി പണം മുടക്കാനാകില്ലെന്ന് അറിയിച്ചു. ഏഴ് ദിവസം ചിത്രീകരണം ബാക്കിനിൽക്കെയായിരുന്നു ധനുഷിന്റെ പ്രഖ്യാപനം. പിന്നീട് നയൻതാരയാണ് നിർമ്മാണത്തിനാവശ്യമായ പണം നൽകിയത്. ഇതാണ് ധനുഷിനെ ചൊടിപ്പിച്ചത്. ഏതായാലും നയൻതാരയുടെ പരിഹാസസ്വരം കേൾക്കാൻ ധനുഷ് സദസ്സിലുണ്ടായിരുന്നില്ല.

ധനുഷും നയൻതാരയും തമ്മിലുള്ള ശീതയുദ്ധം നിലനിൽക്കുന്നതായി വാർത്തകൾ നിരന്തരം വന്നിരുന്നു. ഇതിനിയെടാണ് നയൻസ് ധനുഷിനെതിരെ പരസ്യമായി പ്രതികരിച്ചത്.