- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോർജുകുട്ടി തൊടുപുഴയിൽ ധ്യാനത്തിനു പോയ വർഷം; അഥവാ 2014ലെ മലയാള സിനിമ
ജോർജ്കുട്ടിയുടെ വർഷമായിരുന്നു പോയിമറയുന്നത്. ജോർജുകുട്ടി തൊടുപുഴയിൽ ധ്യാനത്തിനു പോയ വർഷം. 2013 ഡിസംബർ പകുതിയിലായിരുന്നു റിലീസെങ്കിലും പൊലീസിനും നിയമത്തിനും തെളിവുകൾക്കുമെതിരായ ജോർജ്കുട്ടിയുടെ പോരാട്ടം ദൃശ്യം, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ചരിത്രം സൃഷ്ടിച്ചത് 2014ലാണ്. ഒരർഥത്തിൽ പറഞ്ഞാൽ ന്യൂജനറേഷൻ തരംഗത്തിൽമുങ്ങി
ജോർജ്കുട്ടിയുടെ വർഷമായിരുന്നു പോയിമറയുന്നത്. ജോർജുകുട്ടി തൊടുപുഴയിൽ ധ്യാനത്തിനു പോയ വർഷം. 2013 ഡിസംബർ പകുതിയിലായിരുന്നു റിലീസെങ്കിലും പൊലീസിനും നിയമത്തിനും തെളിവുകൾക്കുമെതിരായ ജോർജ്കുട്ടിയുടെ പോരാട്ടം ദൃശ്യം, മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി ചരിത്രം സൃഷ്ടിച്ചത് 2014ലാണ്. ഒരർഥത്തിൽ പറഞ്ഞാൽ ന്യൂജനറേഷൻ തരംഗത്തിൽമുങ്ങിത്താണ പോപ്പുലർ സിനിമയുടെ തിരിച്ചുവരവുകൂടിയായിരുന്നു ദൃശ്യം.
ആഖ്യാനഭംഗികൊണ്ട്, സുദൃഢമായ തിരക്കഥകൊണ്ട് സിനിമ എന്ന മാദ്ധ്യമത്തിന്റെ സാധ്യതകളെ സമർഥമായി ഉപയോഗിച്ച ഹിറ്റായിരുന്നു ദൃശ്യം. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളൊന്നും ജിത്തുജോസഫ് എന്ന സംവിധായകന്റെ കരിയർ അസാധാരണമാംവിധം മാറ്റിയ ചിത്രവുമാണ് ദൃശ്യം. കന്നടപതിപ്പ് റിലീസായി. കമൽഹാസനെ നായകനാക്കി ജിത്തുതന്നെ ഒരുക്കുന്ന 'പാപനാശം' എന്ന തമിഴ്പതിപ്പ് അണിയറയിൽ. മോഷണ, അനുകരണ വിവാദങ്ങൾക്കൊപ്പം കുറ്റകൃത്യങ്ങൾ മറയ്ക്കാൻ പ്രേരിപ്പിക്കുന്നു എന്ന രൂക്ഷമായ വിമർശനവും ചിത്രത്തിനെതിരേ ഉയർന്നിരുന്നു.
സസ്പെക്ട് എക്സ് എന്ന ജാപ്പനീസ് നോവലിന്റെ അനുകരണമായിരുന്നു ദൃശ്യം എന്നാണു തുടക്കത്തിൽ ആരോപണം ഉയർന്നതെങ്കിൽ തമിഴ്പതിപ്പിന്റെ ചിത്രീകരണവേളയിലാണു തന്റെ കഥ മോഷ്ടിച്ചതാണെന്നു സംവിധായകൻ കൂടിയായ സതീഷ്പോൾ ആരോപണമുയർത്തുന്നതും സിനിമ കോടതി കയറുന്നതും. ഇതിനുള്ളിലെ വാസ്തവം എന്തായാലും ദൃശ്യത്തിന്റെ അസാധാരണമായ ജനസമ്മിതിയായിരുന്നു ഈ വിവാദങ്ങൾക്കെല്ലാം പിന്നിലെന്നു നിസ്തർക്കം.
നൂറുദിവസമോടുന്ന ഹിറ്റുകൾ പഴങ്കഥയായപ്പോഴാണു വാണിജ്യസിനിമയുടെ പ്രതാപകാലമോർമ്മിപ്പിച്ച് ദൃശ്യം റിലീസ് കേന്ദ്രങ്ങളിൽപോലും നൂറും നൂറ്റമ്പതും തികച്ചത്. അതുകൊണ്ടുതന്നെ 2014 മലയാളസിനിമയെ അടയാളപ്പെടുത്തുന്നതു ദൃശ്യത്തിന്റെ പേരിൽതന്നെയാവും. 2013 ഒടുവിൽ ഇറങ്ങിയ ഒരു ഇന്ത്യൻ പ്രണയകഥയും 2014ന്റെ ആദ്യമാസങ്ങളിൽ തിയേറ്ററിൽ നിറഞ്ഞോടിയ സിനിമയാണ്.[BLURB#1-H]നൂറ്റമ്പതോളം ചിത്രങ്ങൾ ഇറങ്ങിയ 2014ൽ വലിയ ഹിറ്റുകൾ എന്നുവിശേഷിപ്പിക്കാവുന്ന അഞ്ചുസിനിമകൾ ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ്, ഹൗ ഓൾഡ് ആർ യു, 1983, വെള്ളിമൂങ്ങ എന്നിവയാണ്. ഇതിൽ ബാംഗ്ലൂർ ഡെയ്സ് ഒഴികെയുള്ളവ എല്ലാം സർപ്രൈസ് ഹിറ്റുകളായിരുന്നു. മലയാളത്തിന്റെ യുവനിര അണിയറയിലും വെള്ളിത്തിരയിലും ഒന്നിച്ച ബാംഗ്ലൂർ ഡെയ്സ് 'ഷുവർ ബെറ്റാ'യിരുന്നു. അഞ്ജലി മേനോൻ, അൻവർ റഷീദ്സമീർ താഹിർ എന്നിവർ കാമറയ്ക്കു പിന്നിലും ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നീ മലയാളത്തിന്റെ നാലാംതറമുറ നായകനിര കാമറയ്ക്കുമുന്നിലും അണിനിരന്ന ഉത്സവമായിരുന്നു ബാംഗ്ലൂർ ഡെയ്സ്. വാണിജ്യസിനിമയിലേക്കു വൻവിജയം കൊയ്യുന്ന ആദ്യവനിതാ സംവിധായിക എന്ന ക്രെഡിറ്റും ബാംഗ്ലൂർ ഡെയ്സ് സൃഷ്ടിച്ചു. പലകാരണങ്ങൾകൊണ്ടും സാധാരണസിനിമയായിരുന്നുവെങ്കിലും യുവത്വം ഏറ്റെടുത്തതോടെ ബാംഗ്ലൂർ ഡെയ്സിന് അസാധാരണ സ്വീകരണമാണുണ്ടായത്. 2014ലെ ആദ്യവലിയ ഹിറ്റ് ഓം ശാന്തി ഓശാനയായിരുന്നു. റൊമാന്റിക് കോമഡി വിഭാത്തിൽപ്പെടുത്താവുന്ന ഓം ശാന്തി ഓശാന ജൂഡ് ആന്റണി ജോസഫ് എന്ന നവാഗതന്റെ വരവറിയിച്ച സിനിമ കൂടിയാണ്. നേരത്തിനുശേഷം നിവിൻപോളിയും നസ്രിയ നസീമും ജോഡികളായ ഓം ശാന്തി ഓശാനയ്ക്കു കുടുംബപ്രേക്ഷകരിൽനിന്നു വൻസ്വീകരണമാണു ലഭിച്ചത്.1983യായിരുന്നു അടുത്ത സർപ്രൈസ്. ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ മൂന്നു തലമുറയുടെ കഥപറഞ്ഞ 1983 നൊസ്റ്റാൾജിയയുടെ ആഘോഷമായിരുന്നു. ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഒരുപോലെ ആഘോഷിച്ച സിനിമ എബ്രിഡ് ഷൈൻ എന്ന ഫോട്ടോഗ്രാഫറുടെ സംവിധായകൻ എന്ന നിലയിലേയ്ക്കുള്ള വളർച്ചകൂടിയായിരുന്നു. ഈ മൂന്നുസിനിമകളുടേയും പ്രത്യേകത നിവിൻ പോളി മുഖ്യവേഷങ്ങളിലുണ്ടായിരുന്നു എന്നതുതന്നെയാണ്. മലയാളസിനിമയുടെ 'ഗോൾഡൻ ബോയി' എന്ന ഇമേജിലേയ്ക്കു നിവിൻ ഭാഗ്യം കൊണ്ടുവന്ന വർഷം കൂടിയായി 2014. [BLURB#2-VR]മഞ്ജുവാര്യരുടെ തിരിച്ചുവരവ് എന്ന നിലയിലായിരുന്നു 'ഹൗ ഓൾഡ് ആർ യു' റിലീസിനു മുമ്പ് ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ സ്ത്രീപക്ഷ സിനിമ, അല്ലെങ്കിൽ നായികയുടെ തിരിച്ചുവരവ് എന്ന നിലയിൽ ആഘോഷിക്കപ്പെട്ട റോഷൻ ആൻഡ്രൂസ്സഞ്ജയ് ബോബി ടീമിന്റെ ഹൗ ഓൾഡ് ആർ യു പോയവർഷത്തെ ശ്രദ്ധേയ ഹിറ്റുകളൊന്നായി. ഉപരിപ്ലവമായ സ്ത്രീപക്ഷവാദവും ദുർബലമായ തിരക്കഥയുമായിരുന്നെങ്കിലും സമർഥമായ ആഖ്യാനം സിനിമയ്ക്കു തുണയായി. ഈ നാലുസിനിമകളും മലയാളസിനിമയുടെ മാറുന്ന മുഖത്തിന്റെ കൂടെ പ്രതീകമായിരുന്നു. സാമ്പ്രദായികമായ കഥയോ കഥപറച്ചിലോ, സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യമോ, 'കോമഡി ബിറ്റുകളോ' തുണയുണ്ടായിരുന്നില്ല. പുതിയ ആസ്വാദകരേയും മാറുന്ന ആസ്വാദനശീലത്തേയും ലക്ഷ്യമിട്ട സാങ്കേതികത്തികവൊത്ത ഉൽപന്നങ്ങൾ എന്നനിലയിൽ കൂടിയാണ് ഈ വലിയവിജയങ്ങളെ നോക്കിക്കാണേണ്ടത്. എന്നാൽ വെള്ളിമൂങ്ങ എന്ന സിനിമ സാമ്പ്രദായികമായ മലയാളസിനിമയുടെ ഓരംപിടിച്ച ഒരു കുഞ്ഞുസിനിമയായിരുന്നു. ഉള്ളുതുറന്നു ചിരിക്കാൻ തിയറ്ററിലെത്തുന്നവരെ ലക്ഷ്യമിട്ടിറങ്ങിയ പൊളിറ്റിക്കൽ സറ്റയറായ വെള്ളിമൂങ്ങ അതുകൊണ്ടുതന്നെ ഈവർഷത്തെ ഏറ്റവും വലിയ അത്ഭുതവുമായി.സിനിമ ഇറങ്ങി നൂൺഷോ കഴിയുംമുമ്പേ നൂലിഴ കീറിയുള്ള പരിശോധന നടക്കുന്ന സോഷ്യൽമീഡിയ കാഴ്ചക്കാരുള്ള കാലത്തും കാഴ്ചക്കാരനെ കൊന്നുകൊലവിളിക്കാത്ത സിനിമകൾക്കു തിയറ്ററും കാണികളും ഉണ്ടെന്നു വെള്ളിമൂങ്ങ കാട്ടിത്തന്നു. ജിബു ജേക്കബ് എന്നൊരു നവാഗതസംവിധായകനായിരുന്നു വെള്ളിമൂങ്ങയ്ക്കുപിന്നിലും. ഇയ്യോബിന്റെ പുസ്തകം, സപ്തമശ്രീ തസ്കര, വിക്രമാദിത്യൻ, ആംഗ്രി ബേബീസ്, റിങ് മാസ്റ്റർ, എന്നീസിനിമകൾ തിയറ്റർവിജയം നേടിയ സിനിമയാണ്. അമൽ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം കാഴ്ചയുടെ വിസ്മയം എന്നനിലയിലാണു ശ്രദ്ധിക്കപ്പെട്ടത്. എന്നിരുന്നാലും പത്തുകോടി രൂപയോളം ചെലവിട്ട വലിയബജറ്റിൽ നിർമ്മിച്ച ചിത്രത്തിന് അർഹിച്ച, അല്ലെങ്കിൽ പ്രതീക്ഷിച്ച തിയറ്റർ വിജയം സ്വന്തമായില്ലെന്നു വേണം കരുതാൻ. ചില മാരകസിനിമകളുടെ വർഷം കൂടിയായിരുന്നു 2014. ഗ്യാങ്സ്റ്റർ, കൂതറ, പെരുച്ചാഴി, ടമാർ പഠാർ, മാന്നാർ മത്തായി സ്പീക്കിങ് പാർട്2, സലാം കാശ്മീർ, അവതാരം, ഹായ് അയാം ടോണി എന്നിങ്ങനെ കാണികളുടെ കിളി പോയ സിനിമകൾ ഒട്ടും കുറവല്ലായിരുന്നു. ഡാഡി കൂളിനുശേഷമുള്ള മമ്മൂട്ടിആഷിഖ് അബു ചിത്രം ഗ്യാങ്സ്റ്റർ ആയിരുന്നു ഏറ്റവും വലിയ 'ഡിസാസ്റ്റർ'. മെഗാ സ്റ്റാറിന്റെ കടുത്ത ആരാധകരെപ്പോലും നിരാശയിലാക്കിയ ഗ്യാങ്സ്റ്റർ മെഗാ സ്റ്റാറിന്റെ നിറംമങ്ങിയ വർഷത്തെ ഒന്നുകൂടി ദുരന്തമാക്കി. ന്യൂജനറേഷൻ സെറ്റപ്പിയേയ്ക്കുള്ള മോഹൻലാലിന്റെ പരീക്ഷണമായിരുന്നു 'പെരുച്ചാഴി'. പക്ഷേ വികൃതമായ സിനിമാസങ്കൽപങ്ങൾ നിറച്ച പെരുച്ചാഴി 2014ൽ ഇറങ്ങിയ ഏറ്റവും വലിയ മണ്ടൻ പടങ്ങളുടെ ലിസ്റ്റിൽ പെടത്തേണ്ടതാണ്. വലിയ പ്രതീക്ഷകളുമായി വന്നു മുക്കുകുത്തിയത് അരുൺകുമാർ അരവിന്ദിന്റെ വൺ ബൈ ടു എന്ന സിനിമയാണ്. ഒരു സൈക്കോ ത്രില്ലർ എന്നനിലയിൽ വേറിട്ട പരീക്ഷണമാണു വൺ ബൈ ടു കാഴ്ചവച്ചതെങ്കിലും പ്രേക്ഷകർ നിഷ്കരുണം തള്ളിക്കളഞ്ഞു. അനൂപ് കണ്ണന്റെ ഹോംലി മീൽസ്, മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി, രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, അജിത്ത് പിള്ളയുടെ മോസയിലെ കുതിരമീനുകൾ, എസ്. ബിനുവിന്റെ ഇതിഹാസ എന്നിവ പ്രമേയ/ആഖ്യാനപരമായ വ്യത്യസ്ത കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. എന്നാൽ ഇവയ്ക്കെല്ലാത്തിനുമൊന്നും തിയറ്റർ വിജയങ്ങളാകാൻ കഴിഞ്ഞില്ല. അന്നയും റസൂലിനും ശേഷമുള്ള രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസിനു സവിശേഷമായ നിരൂപകശ്രദ്ധ നേടാൻ കഴിഞ്ഞുവെന്നതുമാത്രമാണു മെച്ചം. അങ്ങേയറ്റം സാമൂഹികപ്രസക്തിയുള്ള വിഷയമാണ് അപ്പോത്തിക്കിരി സ്വീകരിച്ചതെങ്കിലും അതിനാടകീയമായ ആഖ്യാനം വിനയായിരിക്കണം.[BLURB#6-H]സൂപ്പർസ്റ്റാറുകൾക്ക് അത്ര ഗുണകരമായ വർഷമായിരുന്നില്ല കടന്നുപോയത്. മോഹൻലാലിനു ദൃശ്യത്തിന്റെ ദീർഘപ്രദർശനത്തിനു പിന്നാലെയെത്തിയ മിസ്റ്റർ ഫ്രോഡ് പ്രദർശനത്തിലും നിലവാരത്തിലും ശരാശരി മാത്രമായി. പെരുച്ചാഴി, കൂതറ എന്നീ നാണക്കേടുകളായിരുന്നു ലാലിനു ബാക്കിയുണ്ടായിരുന്നത്. ഗ്യാങ്സ്റ്റർ, രാജാധിരാജ, വർഷം, മംഗ്ലീഷ്, പ്രെയ്സ് ദി ലോർഡ്, ബാല്യകാലസഖി, മുന്നറിയിപ്പ് എന്നീ ഏഴു സിനിമകളിറങ്ങിയെങ്കിലും മമ്മൂട്ടിക്ക് അഭിമാനിക്കാനായത് മുന്നറിയിപ്പിൽ മാത്രമാണ്. മുന്നറിയിപ്പ് പലകാരണങ്ങൾകൊണ്ടും പോയവർഷത്തെ മികച്ച സിനിമകളിലൊന്നായിരുന്നു. ദയ എന്ന സിനിമയുടെ നീണ്ട ഇടവേളയ്ക്കുശേഷം ഛായാഗ്രഹകൻ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് സ്വീകരിച്ച പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും ഉത്തമമായ സൃഷ്ടിയായിരുന്നു. സങ്കീർണതലങ്ങളുള്ള പ്രമേയത്തെ കൈയടക്കത്തോടെ, എന്നാൽ സിനിമ ആവശ്യപ്പെടുന്ന ലാവണ്യപരതയോടെയാണു വേണുവും തിരക്കഥാകാരനായ ഉണ്ണി ആറും രാഘവൻ എന്ന മുഖ്യകഥാപാത്രമായി മാറിയ മമ്മൂട്ടിയും പ്രവർത്തിച്ചത്. രഞ്ജിത്ത് ശങ്കറിന്റെ വർഷവും മമ്മൂട്ടിയെന്ന നടനു മികച്ചതായിരുന്നെങ്കിലും കണ്ണീർസീരിയലുകളുടെ അതേ രൂപഭാവങ്ങളുള്ള വർഷം തിയറ്ററിലും ശരാശരിയായി. [BLURB#3-H] മുന്നറിയിപ്പിന്റെ നിർമ്മാതാക്കളിലൊരാളായ സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്ത ഞാനും പോയവർഷം ശ്രദ്ധേയമായി. പ്രായത്തിൽ കവിഞ്ഞ വേഷം ദുൽഖർ സൽമാനു നൽകുക എന്നസാഹസം കൂടിയാണു രഞ്ജിത്ത് ഞാനിലൂടെ ചെയ്തത്. തിയറ്റർ വിജയം അന്യമായെങ്കിലും രഞ്ജിത്തിന് അഭിമാനിക്കാവുന്ന സൃഷ്ടികളൊന്നു തന്നെയാണു ഞാൻ. ഞാൻ, ബാംഗ്ലൂർ ഡെയ്സ്, സലാല മൊബൈലസ്, വിക്രമാദിത്യൻ, എന്നീചിത്രങ്ങളിലൂടെ ആസ്ഥാന ക്ഷോഭിക്കുന്ന യുവത്വമായി ദുൽഖർ മാറി. ബാംഗ്ലൂർ ഡെയ്സും, വിക്രമാദിത്യനുമേ ഹിറ്റുകളായെങ്കിലും താരപുത്രൻ എന്ന ഇമേജിൽനിന്നുമാറി മലയാളസിനിമയുടെ പുതുയുഗ സൂപ്പർസ്റ്റാർ എന്നനിലയിലേയ്ക്കുള്ള ദുൽക്കറിന്റെ വളർച്ചയുടെ വർഷം കൂടിയായി 2014. ദുൽഖർ, ഫഹദ് ഫാസിൽ, നിവിൻ പോളി എന്നിവരും പൃഥ്വിരാജ് എന്ന ഒറ്റയാനുമാണു പുതിയ മലയാളസിനിമയെ നയിക്കേണ്ട നായകന്മാർ എന്ന് തെളിയിച്ച വർഷം കൂടിയായിരുന്നു 2014. മോഹൻലാൽമമ്മൂട്ടി ദ്വയത്തിൽനിന്ന് ഈ നാൽവർസംഘത്തിലേയ്ക്കുള്ള അധികാരകൈമാറ്റത്തിലേയ്ക്കുള്ള ശക്തമായ സൂചനകൾ കഴിഞ്ഞവർഷമിറങ്ങിയ സിനിമകളുടെ പൊതുസ്വഭാവങ്ങൾ കാട്ടുന്നു.
[BLURB#7-VR]നിവിൻ തൊട്ടസിനിമകളെല്ലാം ഹിറ്റായെങ്കിൽ( വിക്രമാദിത്യനിലെ അതിഥി വേഷമടക്കം) 2013നെ അപേക്ഷിച്ചു ഫഹദ് ഫാസിലിനു മോശമായിരുന്നു 2014. ആർടിസ്റ്റിലെ പ്രകടനത്തിനു മികച്ച നടനുള്ള പുരസ്കാരം തേടിയെത്തിയത് ഈ വർഷമായിരുന്നെങ്കിലും മൾട്ടിസ്റ്റാർ ചിത്രങ്ങളായ ബാംഗ്ലൂർ ഡെയ്സും ഇയ്യോബിന്റെ പുസ്തകവും ഒഴിച്ച് കാര്യമായ വിജയങ്ങൾ അവകാശപ്പെടാനില്ല. ഇയ്യോബിന്റെ പുസ്തകത്തിന്റെ നിർമ്മാണപങ്കാളിയും ഫഹദ് ആയിരുന്നു. ശരാശരിയായിപ്പോയ ഗോഡ്സ് ഓൺ കൺട്രി, നിർമ്മാതാവിന്റെ മണികളഞ്ഞ മണിരത്നം, പ്രതീക്ഷകളോടെവന്നു പരാജയപ്പെട്ട വൺ ബൈ ടു എന്നിവയായിരുന്നു ഫഹദിന്റെ മറ്റുചിത്രങ്ങൾ. പൃഥ്വിയുടെ വിജയം സപ്തമശ്രീ തസ്കരയിലും സെവൻത് ഡേയിലുമായിരുന്നു. തുടർച്ചയായ മൂന്നുഹിറ്റുകൾക്കുശേഷം വന്ന പൃഥ്വി സിനിമയായ ലണ്ടൻ ബ്രിഡ്ജ് ഒരു ചലനവുമുണ്ടാക്കിയില്ല. സെവൻത് ഡേ ഒരു ആവറേജ് ജാഡപ്പടമായിരുന്നെങ്കിലും സൃഷ്ടിച്ചെടുത്ത ഹൈപ്പ് സിനിമയ്ക്കു ഗുണമായി. മുഴുനീളവേഷങ്ങളില്ലാത്ത മുന്നറിയിപ്പും ടമാർ പഠാറുമായിരുന്നു പൃഥിയുടേതായി പുറത്തിറങ്ങിയ സിനിമകൾ. വസന്തബാലന്റെ തമിഴ്ചിത്രം കാവിയ തലൈവനും നടനെന്ന നിലയിൽ പൃഥ്വിക്കു നേട്ടമുണ്ടാക്കി. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ, അവതരിപ്പിക്കുന്ന കാര്യത്തിൽ സൂക്ഷ്മത വച്ചുപുലർത്തുന്നതുകൊണ്ടുതന്നെ യുവനിരക്കാരിലെ ഒന്നാംസ്ഥാനക്കാരനും പ്രേക്ഷകർക്ക് എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കാനും ആവുന്ന താരമായി പൃഥ്വി കഴിഞ്ഞ രണ്ടുവർഷങ്ങൾക്കുള്ളിൽ വളർന്നു എന്നുപറയുന്നത് അതിശയോക്തിയാവില്ല.
ആമേൻ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ഡബിൾ ബാരൽ (നിർമ്മാണം പൃഥ്വിരാജിന്റെ ഓഗസ്റ്റ് സിനിമയാണ്) ആണ് പൃഥ്വിയുടെ പുതുവർഷ റിലീസ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ൻ എന്നയുവതാരങ്ങളിൽ ദേദപ്പെട്ട സിനിമകൾ ഇറങ്ങിയത് ആസിഫ് അലിയുടേതാണ്. മോസയിലെ കുതിരമീനുകൾ, സപ്തമശ്രീ തസ്കര പോലുള്ള നല്ലചിത്രങ്ങളിൽ ആസിഫ് അലി പങ്കാളിയായി. സലാം കാശ്മീർ എന്ന അബദ്ധത്തിൽ തലവച്ചുവെങ്കിലും അപ്പോത്തിക്കിരി, ഡോൾഫിൻസ് എന്ന സിനിമകളിലൂടെ തിരിച്ചുവരവിന് സുരേഷ്ഗോപി മാന്യമായ ശ്രമം നടത്തിയിട്ടുണ്ട്.2104 ദുരന്തമായത് ഫോർമുലകളുടെ ആശാന്മാരായ ദിലീപിനും ജയറാമിനും ജയസൂര്യയ്ക്കുമാണ്. ആരെ വെറുപ്പിച്ചാലും ചവറുകോമഡി സിനിമകളിൽ അഭിനയിക്കുകയേയുള്ളു എന്നു വാശിപിടിക്കുന്ന ദിലീപിന്റെ ഏകഹിറ്റ് റിങ് മാസ്റ്ററാണ്. വില്ലാളിവീരൻ, അവതാരം എന്നീമാരകവധങ്ങൾ തിയറ്ററിൽ പൊട്ടിത്തകർന്നു. ജയറാമാവട്ടെ ഒന്നുംമിണ്ടാതെ, മൈലാഞ്ചി മൊഞ്ചുള്ള വീട്, സലാം കാശ്മീർ, ഞങ്ങളുടെ വീട്ടിലെ അതിഥികൾ, ഉത്സാഹ കമ്മിറ്റി തുടങ്ങിയ അസഹനീയമായ വധങ്ങളിലൂടെ തിയറ്ററുകളെ വെറുപ്പിച്ചു. അപ്പോത്തിക്കിരിയും സെക്കൻസും ജയസൂര്യയുടെ ഭേദപ്പെട്ട സിനിമകളായെങ്കിൽ ലാൽ ബഹാദൂർ ശാസ്ത്രി, ആമയും മുയലും, മത്തായി കുഴപ്പക്കാരനല്ല, ഹാപ്പി ജേണി എന്നീ സിനിമകൾ പ്രേക്ഷകന്റെ പോക്കറ്റടിച്ചു.
യുവനടന്മാർ സ്ഥാനം ഉറപ്പിക്കുമ്പോഴും നടിമാർ എവിടെയെന്നൊരു ചോദ്യമുണ്ട്. ന്യൂ ജനറേഷൻ തരംഗം പുതിയ താരങ്ങളുടെ വലിയ ശൃംഖല സൃഷ്ടിച്ചെങ്കിലും പ്രഫഷണലായി ഉറച്ചുനിൽക്കുന്ന നടികൾ കുറവാണ്. മിക്കസിനിമകളിലും അന്യഭാഷാനടിമാർ തന്നെയാണു താരങ്ങളാവുന്നത്. അതുകൊണ്ടുതന്നെയാവണം 14 വർഷം മുമ്പ് സിനിമ ഉപേക്ഷിച്ച മഞ്ജുവാര്യർ എന്ന നടിക്ക് അസാധാരണമായ സ്വീകരണം ലഭിച്ചത്. മഞ്ജുവിന്റെ വരവ് നായികയുടെ മടങ്ങിവരവു കൂടിയായിരുന്നു. 1983യിൽ നിവിൻ പോളിയുടെ നായികയായ, സച്ചിനെ അറിയില്ലെന്ന വിശ്വവിഖ്യാതമായ ഡയലോഗ് അടിച്ച സുശീലയെ അവതരിപ്പിച്ച സ്രിൻഡ ആഷാബ് ടമാർ പഠാർ, മംഗ്ലീഷ്, ഹോംലി മീൽസ് എന്നീ സിനിമകളിലെ സ്വഭാവിക അഭിനയത്തിന് കൈയടിവാങ്ങി.നസ്റിയ നസീമും( ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ്) അനുശ്രീ( ആംഗ്രി ബേബീസ്, ഇതിഹാസ) നമിത പ്രമോദ്(വിക്രമാദിത്യൻ, ഓർമയുണ്ടോ ഈ മുഖം) ആശാ ശരത്( ദൃശ്യം, വർഷം, എയ്ഞ്ചൽസ്) എന്നിവരാണു ശ്രദ്ധേയമായ സിനിമകളിൽ വേഷമിട്ട മറ്റു നായികമാർ.[BLURB#4-VL]സംവിധായകരിൽ പഴയ പടക്കുതിരകളെല്ലാം വീണുകിടപ്പായി. ജോഷി(അവതാരം) സിബി മലയിൽ(ഞങ്ങളുടെ വീട്ടിലെ അതിഥികൾ) പ്രിയദർശൻ(ആമയും മുയലും) എന്നിവർ മാറിയ അഭിരുചികളുടെ മാരകപ്രഹരമറിഞ്ഞു. പിടിച്ചുനിന്നത് ലാൽ ജോസ്, അമൽനീരദ് എന്നിവർ മാത്രമാണ്. സാഹചര്യങ്ങൾക്കൊത്തുമാറാനുള്ള ശേഷിയാണു ലാൽജോസിനെ ഒന്നരപ്പതിറ്റാണ്ടായിട്ടും മലയാളത്തിലെ ഏറ്റവും വിപണിമൂല്യമുള്ള സംവിധായകനായി നിലനിർത്തുന്നത് എന്നുചുരുക്കം.
ആഷിഖ് അബുവിന്റേതുപോലുള്ള ടാരന്റിനോ ജാഡകളേയും നിലംതൊടുവിച്ച കാഴ്ചക്കാർ അംഗീകരിച്ചത് ഏറെയും നവസിനിമകളെയാണ്. രണ്ടാം സിനിമ സംവിധാനം ചെയ്ത അഞ്ജലി മേനോൻ, കന്നിക്കാരായ എബ്രിഡ് ഷൈൻ, ജൂഡ് ആന്റണി ജോസഫ്, ജിബു ജേക്കബ് എന്നിവർ വൻനേട്ടം സ്വന്തമാക്കി. നൂറോളം വേറെയും പുതുസംവിധായകർ അരങ്ങേറിയെങ്കിലും ശ്രദ്ധേയമായത് അജിത്ത് പിള്ള(മോസയിലെ കുതിരമീനുകൾ), അൻവർ സാദിഖ്(ഓർമയുണ്ടോ ഈ മുഖം) എസ്. ബിനു(ഇതിഹാസ) സേനൻ പള്ളാശേരി(പറങ്കിമല) ജീൻ മാർക്കോസ്(എയഞ്ചൽസ്) അങ്ങനെ വളരെക്കുറച്ചുപേരുകൾ മാത്രം.സിനിമയുടെ രചനയിലേയ്ക്കാണു നവാഗതരുടെ കുത്തൊഴുക്കുണ്ടായത്. ന്യൂജനറേഷൻ എന്നുവിളിക്കപ്പെടുന്ന തരംഗത്തിന്റെ യാഥാർഥ്യങ്ങളെന്തായാലും അസംഖ്യം എഴുത്തുകാർ ഈ തരംഗത്തിലേറി മുഖ്യധാരയിലേയ്ക്കു വന്നു എന്നതു തന്നെയാണു യാഥാർഥ്യം. അജിത് പിള്ള, വിപിൻ രാധാകൃഷ്ണൻ(മോസയിലെ കുതിരമീനുകൾ) ജോജി തോമസ്(വെള്ളിമൂങ്ങ) മിഥുൻ മാനുവൽ തോമസ്, ജൂഡ് ആന്റണി ജോസഫ്( ഓം ശാന്തി ഓശാന) വിപിൻ ആറ്റ്ലി( ഹോംലി മീൽസ്) അനീഷ് ലീ അശോക്(ഇതിഹാസ) എന്നീ പുതുരചയീതാക്കൾ തങ്ങൾ പറയുന്ന വിഷയങ്ങളുടെ പുതുരീതികൊണ്ടു ശ്രദ്ധിക്കപ്പെട്ടവരാണ്. ഇവരെല്ലാവരും മികച്ച സിനിമകൾ സൃഷ്ടിച്ചെന്നോ ഇവരുടെ സിനിമകൾ വിജയം നേടിയെന്നോ അഭിപ്രായമില്ല. പക്ഷേ മലയാളസിനിമയുടെ മാറ്റത്തിന്റെ സമഗ്രമായ ലക്ഷണങ്ങളായികാണണം എഴുത്തുകുത്തകകളെ അവസാനിപ്പിച്ചുള്ള ഈ പുതുതരംഗം.[BLURB#5-VR]150 സിനിമകൾ ഇറങ്ങിയതിൽ പത്തുശതമാനം പോലും പ്രേക്ഷകപ്രീതി നേടാത്ത സാഹചര്യത്തിൽ മലയാളസിനിമ പ്രതിസന്ധിയിലാണോ എന്നു ചോദിച്ചാൽ അല്ല എന്നേ മറുപടിയുള്ളു. പുതുരീതികളെ, പുതുസിനിമകളെ പുൽകാനുള്ള മോഹം സിനിമ സൃഷ്ടിക്കുന്നവരിലും കാണാനെത്തുന്നവരിലും പ്രകടമാണ്.
പഴയബിംബങ്ങൾ തകരുകയും പുതിയ ബിംബങ്ങൾ പണിതുയരുകയും ചെയ്യുന്ന രൂപാന്തരകാലം മാത്രമാണിത്. പുതിയ ബിംബങ്ങളിൽ കെട്ടുറപ്പുള്ളതു മാത്രം നിലനിൽക്കട്ടെ. നല്ലസിനിമകകൾ, കാഴ്ചക്കാരനെ ഉല്ലസിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ഉദ്വേഗപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്താൽ സിനിമകാണുന്നതിനുള്ള വൻചെലവു പോലും കണക്കിലെടുക്കാതെ ജനം തിയറ്ററിലെത്തുമെന്നു എണ്ണത്തിൽ കുറവെങ്കിലും 2014ലെ ചില വൻവിജയങ്ങൾ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
(മംഗളം ലേഖകൻ ഇ വി ഷിബു മംഗളത്തിൽ പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നത്.)