- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസ് ഡയലോഗുകൾ പറഞ്ഞു വോട്ടുപിടിച്ചു സുരേഷ് ഗോപി; മാർക്കറ്റിലെത്തി ഓളമുണ്ടാക്കൽ; വെള്ളിത്തിരയിലെ തമാശ വെടിഞ്ഞ് തെരഞ്ഞെടുപ്പു വേദിയിൽ ഗൗരവക്കാരനായി ധർമജൻ ബോൾഗാട്ടി; വിമർശനങ്ങളെ തമാശ പറഞ്ഞ് നേരിട്ട് മുകേഷ്; ഇരുത്തം വന്ന രാഷ്ട്രീയക്കാരനായി വോട്ടുതേടി ഗണേശ് കുമാറും: താരങ്ങളുടെ പ്രചരണം ഇങ്ങനെ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ സിനിമാ താരങ്ങൾ മത്സര രംഗത്തുള്ള തെരഞ്ഞെടുപ്പാണ് ഇക്കുറിയിലേത്. ആക്ഷൻ ഹീറോ സുരേഷ് ഗോപിയും മുകേഷും ഗണേശ് കുമാറിനുമൊപ്പം ധർമ്മജൻ ബൊൾഗാട്ടിയും മത്സരിക്കാൻ കളത്തിലുണ്ട്. സീരിയൽ രംഗത്തു നിന്നും വിവേക് ഗോപൻ കൂടി സ്ഥാനാർത്ഥിയാകുമ്പോൾ ആ പട്ടിക നീളുന്നു. താരങ്ങൾ വോട്ടുപിടിക്കാൻ എത്തുന്നിടത്തെല്ലാം ആളുകൾ കൂടുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും അധികം ഇളക്കിമറിച്ച് പ്രചരണം നടത്തുന്നത് തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായി സുരേഷ് ഗോപിയാണ്. മാസ് ഡയലോഗുകൾ പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപി ആളുകളെ കൈയിൽ എടുക്കുന്നത്. അപ്രതീക്ഷിതമായ എൻട്രിയാണ് സുരേഷ് ഗോപിയുടെ പ്രത്യേകത. അതേസമയം തമാശകൾ പറഞ്ഞ് ആളുകളെ കൈയിലെടുക്കുന്ന ധർമ്മജൻ അൽപ്പം സീരിയസാണ് താനും.
മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി
തൃശ്ശൂര് ഞാനിങ്ങ് എടുക്കുവാ.. എനിക്ക് തൃശ്ശൂര് വേണം എന്നു പറഞ്ഞുള്ള ഡയലോഗിൽ സുരേഷ് ഗോപി തൃശ്ശൂരിൽ ഉണ്ടാക്കിയ ഓളം വളരെ വരുതാണ്. ആ പഞ്ച് ഡയലോഗിന്റെ ചുവടു പിടിച്ചാണ് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചരണങ്ങൾ. തൃശൂർ ശക്തൻ മാർക്കറ്റിൽ അടക്കം ഇളക്കി മറിച്ചാണ് സുരേഷ് ഗോപി പ്രചരണം നടത്തിയത്.
മാർക്കറ്റിലേക്ക് സുരേഷ് ഗോപി എത്തിയത് പതിവു രാഷ്ട്രീയ വേഷം അഴിച്ചുവച്ചായിരുന്നു. ാറിന്റെ ഡോർ തുറന്നിറങ്ങിയതു വെറും സ്ഥാനാർത്ഥിയായിരുന്നില്ല. ശരിക്കും 'മാസ് എൻട്രി.' ഗ്രേ നിറത്തിലുള്ള ട്രാക്ക് സ്യൂട്ട്, സ്പോർട്സ് ഷൂ, കടും നിറത്തിലുള്ള ബ്രാൻഡഡ് സ്പോർട്സ് ലോഗോയുള്ള ടീ ഷർട്ട്. പ്രഭാതനടത്തം പ്രചാരണയാത്രയാക്കിയതാണ്. മാർക്കറ്റിൽനിന്നു തിരിയാൻ ഇടമില്ല. നൂറുകണക്കിനു ചുമട്ടുകാർ ചാക്കുകളുമെടുത്തു പുറത്തേക്കും അകത്തേക്കും ഓടുകയാണ്. സുരേഷ് ഗോപി എത്തിയതോടെ അതൊരു ഓളമായി.
മാർക്കറ്റിലെ ചെറിയ കടകളും അസൗകര്യങ്ങളും കണ്ടതോടെ സുരേഷ് സംസാരിച്ചു തുടങ്ങിയത് ഉച്ചത്തിലുള്ള ഡയലോഗായി മാറി: ''മാർക്കറ്റ് ഇങ്ങനെ കിടന്നാൽ പോരാ. ഇതു നന്നാക്കിയെടുക്കാൻ എന്റെ കയ്യിൽ ചില പദ്ധതികളുണ്ട്. എംപി എന്ന നിലയിൽ ഫണ്ടുണ്ട്. എംഎൽഎ എന്ന നിലയിലാണ് ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും നോക്കാം. അതൊന്നുമില്ലെങ്കിലും ഞാൻ വീട്ടിൽനിന്ന് ഒരു കോടി രൂപയെടുത്ത് അതു ചെയ്യും'' കയ്യടിയും ആരവവും. സുരേഷ് അവസാനിപ്പിച്ചിട്ടില്ല, ''ഇതിനിടയിൽ ഇവിടെ ലോക്കലായി വല്ല തടസ്സവും കുതന്ത്രവും കൊണ്ടുവന്നാൽ അതു നിങ്ങൾ എല്ലാവരും ചേർന്നു നോക്കണം. ''ഏറ്റു, ഏറ്റു എന്നു പലരും പറയുമ്പോൾ സുരേഷ് തിരിച്ചുനിന്നു വിരൽ ചൂണ്ടി പറഞ്ഞു,''ഏൽക്കണം.''
താരം കടന്നുപോകുന്ന വഴിക്കെല്ലാം കച്ചവടം ഒരു മിനിറ്റു നിലച്ചു. സമ്മാനമായി കിട്ടിയ പഴക്കുല ഉയർത്തിപ്പിടിച്ച്, അതുമായി നടന്നു തുടങ്ങി. മത്സ്യ, മാംസ മാർക്കറ്റിൽ മീനിനെക്കുറിച്ചു സംസാരിച്ചു. വലിയൊരു മീനിനെ തലയ്ക്കു മുകളിൽ എടുത്തുയർത്തി. മാർക്കറ്റിൽ നിന്നിറങ്ങി വാഹനത്തിൽ കയറുന്നതിനു മുൻപു അടുത്തു വന്ന ആളോട്, ''പൊളിച്ചില്ലേ?'' എന്നു ചോദിച്ചു. 'പൊളിച്ചു എന്ന മറുപടിക്കു പ്രതികരണമായി വീണ്ടും ഡയലോഗ്: 'തിരിച്ചും പൊളിച്ചു തരണം.'- ചുരുക്കത്തിൽ തീർത്തും സിനിമാറ്റിക്കായാണ് സുരേഷ് ഗോപിയുടെ പ്രചരണം.
സീരിയസായി വോട്ടു പിടിച്ച് ധർമ്മജൻ ബൊൾഗാട്ടി
ബാലുശ്ശേരിയിലെ ധർമ്മജൻ ബൊൾഗാട്ടി അൽപ്പം സീരിയസാണ്. സ്ക്രീനിൽ ചിരിപ്പടക്കങ്ങളൊന്നുമില്ല. തീർത്തും ഗൗരവത്തോടെ വോട്ടു ചോദിച്ചു മടങ്ങുകയാണ് ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാർത്ഥി. പിൻവാതിൽ നിയമനം മുതൽ മണ്ഡലത്തിലെ റോഡ് വികസനം വരെയുള്ള പ്രശ്നങ്ങൾ എതിർ ക്യാംപിലേക്ക് എറിയുമ്പോൾ ധർമജൻ പറയുന്നത് രാഷ്ട്രീയം തനിക്ക് തമാശക്കഥയല്ലെന്നാണ്.
പ്രസംഗിക്കുന്നതിനും വോട്ടുചോദിക്കുന്നതിനും മുൻപ് ആളുകൾ സെൽഫിയെടുക്കാനും കെട്ടിപ്പിടിക്കാനും ഓടിയെത്തുന്നു. വീട്ടമ്മമാരുടെ മുഖത്ത് നാണം കലർന്നൊരു പുഞ്ചിരി വിടർന്നു. മുഖംപൊത്തി ചിരി മറച്ച് അവർ പരസ്പരം പറയുന്നുണ്ട് നടനെ കുറിച്ച്. ധർമജൻ പല വീടുകളിലേക്കും കയറിച്ചെല്ലുന്നു. പ്രായമായവർ പ്രിയതാരത്തെ കണ്ട സന്തോഷത്തിൽ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ കൊടുക്കുന്നു. ധർമജനും തിരികെ കെട്ടിപ്പിടിക്കുന്നു. ഇതിനിടെ ചോദിക്കാൻ മടിയോടെ നിൽക്കുന്ന നാട്ടുകാരിൽ പലരുടെയും ഫോൺ വാങ്ങി ധർമജൻ തന്നെ സെൽഫിയെടുത്തു കൊടുക്കുന്നു.
'എനിക്കൊരവസരം തരണം. ഇത്രയും കാലം പലരെയും പരീക്ഷിച്ചതല്ലേ? വേട്ടക്കാർക്ക് കുടപിടിച്ച സർക്കാരാണ് ഇവിടെയുള്ളത്. വീട്ടമ്മമാരുടെ ശാപം പേറുന്ന സർക്കാരാണിത്. പിൻവാതിൽ നിയമനത്തിലൂടെ സിനിമയിലെത്തിയ ആളല്ല ഞാൻ. കഷ്ടപ്പെട്ട് അധ്വാനിച്ചാണ് എത്തിയത്'' ധർമജന്റെ വാക്കുകൾ. കൂട്ടുകാരനു വേണ്ടി രമേശ് പിഷാരടി അടക്കമുള്ള സിനിമാ താരങ്ങൾ ഇടയ്ക്കിടെ വോട്ട് ചോദിച്ചെത്തുന്നുണ്ട്. കൊച്ചിയിൽനിന്നു കുടുംബസമേതമാണു ധർമജൻ ബാലുശ്ശേരിയിൽ വന്നത്.
വിമർശനങ്ങളെ തമാശയോടൈ നേരിട്ട് മുകേഷ്
കൊല്ലത്ത് മുകേഷിന് രണ്ടാമൂഴമാണ്. അതുകൊണ്ട് തന്നെ വോട്ടു പിടിക്കേണ്ടത് എങ്ങനെയാണെന്ന കാര്യത്തിൽ അടക്കം അദ്ദേഹത്തിന് കൃത്യമായ ബോധ്യമാണ്. വിമർശനങ്ങൾ ഉയരുമ്പോഴും തമാശകൊണ്ട് നേരിടുന്നതാണ് മുകേഷിന്റെ ശൈലി. സെൽഫി എടുക്കാനൊക്കെ ആളുകൾ എത്തുന്നു. പ്രചാരണത്തിനിടയിൽ തകർപ്പൻ ഡയലോഗൊന്നും മുകേഷ് പറയാറില്ല. രണ്ടോ മൂന്നോ വാചകം മാത്രം, ''സ്ഥാനാർത്ഥിയാണ്, സഹായിക്കണം.'' എന്നൊക്കെയേ പറയുകയുള്ളു. തൊഴുകയ്യുമായാണ് വോട്ട് അഭ്യർത്ഥന.
എംഎൽഎയെ മണ്ഡലത്തിൽ കാണാനില്ലെന്ന ആരോപണത്തിനു മുകേഷിന്റെ മറുപടി ഇങ്ങനെ: ''എംഎൽഎ രാവിലെ ചിന്നക്കടയിൽ വന്നു നിൽക്കാം. എന്നിട്ട് ഓരോരുത്തരെയും കൈവീശി കാണിച്ചിട്ടു പറയാം, ഏയ് ഞാൻ ഇവിടുണ്ട്. എംഎൽഎയുടെ ജോലി മണ്ഡലത്തിൽ തന്നെ നിൽക്കുകയല്ല. ഡൽഹിയിലും തിരുവനന്തപുരത്തുമൊക്കെ ഉദ്യോഗസ്ഥരെ പോയി കണ്ടു റോഡു താ, പാലം താ... എന്നൊക്കെ പറഞ്ഞാണ് മണ്ഡലത്തിൽ വികസനം കൊണ്ടുവന്നത്. അതിനു ചിന്നക്കടയിൽ നിന്നാ മതിയോ?''പ്രചാരണത്തിലും സിനിമ ടച്ച് ഉണ്ട്.
അർധരാത്രിയിൽ നടനെ വിളിച്ചു ശല്യം ചെയ്ത ആരാധകന് കണക്കിനു കൊടുത്തതിന്റെ ഓഡിയോ ക്ലിപ് ഇടതുപക്ഷം തന്നെ പ്രചാരണായുധമാക്കി തിരിച്ചടിയും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പു കാലത്ത് ഓഡിയോ ക്ലിപ് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അതേ ഓഡിയോ ഉപയോഗിച്ചു മറുതന്ത്രം ഒരുക്കിയത്.
കഴിഞ്ഞ ദിവസം വാടി, തങ്കശ്ശേരി തീരദേശ മേഖലയിൽ പര്യടനം നടത്തുമ്പോൾ, സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിനു ലോറിയിൽ അവിടെ എത്തി. തുറന്ന ജീപ്പിൽ മുകേഷ്, തൊട്ടിപ്പുറത്തു മിനി ലോറിയിൽ കിറ്റുകൾ. തീരദേശത്തോടു സർക്കാർ കാട്ടുന്ന അവഗണനയ്ക്കെതിരെ പ്രതിപക്ഷം ഇറക്കിയ ലഘുലേഖ തീരദേശത്തു പ്രചരിച്ചതിനു പിറ്റേന്നായിരുന്നു ഇത്. ഈ ഫോട്ടോ പകർത്തി ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്തായിരുന്നു മുകേഷിന്റെ മറുപടി.
പതിവു ശൈലിയിൽ ഗൗരവത്തോടെ ഗണേശ് കുമാർ
പത്തനാപുരം മണ്ഡലത്തിൽ ഗണേശ് കുമാറിന്റെ പ്രചരണം പതിവു രാഷ്ട്രീയ ശൈലിയാണ്. ഇരുത്തംവന്ന രാഷ്ട്രീയക്കാരനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ വോട്ടുപിടിക്കേണ്ടത് എങ്ങനെയാണെന്ന് ഗണേശിനെ പ്രത്യേകം പഠിപ്പിക്കേണ്ട കാര്യവുമില്ല. അതെല്ലാം അദ്ദേഹം കൃത്യമായി തന്നെ നടത്തിപ്പോരുന്നു. പാർട്ടി പ്രവർത്തകർക്കൊപ്പം മണ്ഡലത്തിൽ ഓടി നടന്നാണ് വോട്ടുപിടുത്തം. ഇക്കുറിയും ഭൂരിപക്ഷം കൂടുമെന്നാണ് ഗണേശിന്റെ ആത്മവിശ്വാസം.
ഇതിനിടെ കെ.ബി ഗണേശ് കുമാറിന് വോട്ട് ചോദിച്ച് സിനിമ താരം മോഹൻലാലും രംഗത്തുവന്നു. വോട്ട് ചോദിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.മറ്റുള്ളവരെ കേൾക്കാനുള്ള കഴിവാണ് ഒരു ജനപ്രതിനിധിക്ക് ഉണ്ടായിരിക്കേണ്ട അത്യാവശ്യ ഗുണം.മറ്റുള്ളവർ ദുഃഖം തീർക്കാനും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ശൈലിയാണ് ഗണേശ് കുമാറിന് ഉള്ളത്.
പത്തനാപുരത്തെ കുറിച്ച് പറയുമ്പോൾ നൂറു നാവാണ്.സ്വകാര്യ സംഭാഷണങ്ങളിൽ പോലും പത്തനാപുരം കടന്നുവരുന്നത് അതിശയത്തോടെ ഞങ്ങളും കേട്ടിരിക്കാറുണ്ട്.പുതിയ വികസന സ്വപ്നങ്ങളും ആശയങ്ങളും പങ്കുവയ്ക്കുമ്പോൾ അഭിനയത്തേക്കാൾ ഉപരിപത്തനാപുരത്തോടുള്ള വലിയ അഭിനിവേശം ഞങ്ങൾ കാണാറുണ്ട്. ഗണേശിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയ ഒന്നാണ് പത്തനാപുരം.നിങ്ങൾ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതിൽ ഗണേശ്കുമാറിന്റെ സംഭാവന എന്നേക്കാൾ നിങ്ങൾക്ക് നന്നായി അറിയാം.പ്രിയ സഹോദരൻ ഗണേശ് കുമാറിന്റെ വികസനസ്വപ്നങ്ങൾ പൂർത്തീകരിക്കുവാൻ നിങ്ങൾ ഒപ്പമുണ്ടാകുമെന്ന് എനിക്കറിയാം.
മറക്കരുത്, വികസനമാണ് നമുക്ക് വേണ്ടത്.എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ