ബഹ്‌റിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം 'നിയതം' ഡിസംബർ രണ്ടാം വാരത്തോടെ റിലീസിംഗിനായി ഒരുങ്ങുന്നു.

നവാഗതനായ സോമൻ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസിങ് നവംബർ 18 ബുധനാഴ്ച വൈകീട്ട് ബഹ്‌റിൻ കേരളീയ സമാജം പ്രസിഡണ്ട് ശ്രീ. പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, സമാജം സിനിമ ക്ലബ് കൺവീനർ രെമു രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മഹാമാരിയെ മാനസികമായി ചെറുക്കുന്നതിൽ കല വഹിക്കുന്ന പങ്ക് മഹത്തരമാണെന്നും, സമാജത്തിന്റെ മറ്റ് കോവിഡ് റിലീഫ് പ്രവർത്തനങ്ങളോടൊപ്പം BKS കലാവിഭാഗം നിരവധിയായ കലാപരിപാടികളാണ് ഇക്കാലഘട്ടത്തിൽ നടത്തിയത് എന്നും, 'നിയതം' സിനിമയിലെ അണിയറ പ്രവർത്തകരെ അനുമോദിക്കുന്നതായും, ആശംസ അർപ്പിച്ചു സംസാരിച്ച പ്രെസിഡന്റും സെക്രെട്ടറിയും പറഞ്ഞു. കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫിലിം ക്ലബ് കൺവീനർ രെമു രമേഷ് നന്ദി രേഖപ്പെടുത്തി.

ഒട്ടേറെ പ്രതിസന്ധികൾ നിറഞ്ഞ, കൊറോണ എന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ പ്രവാസലോകത്തുള്ളവർ എത്രത്തോളം പ്രക്ഷുബ്ദരായിരുന്നുവെന്നു ലോകം കണ്ടിട്ടുണ്ടാകും.

അത്തരം അവസ്ഥകളിലൂടെ കടന്നുപോയ ഒരു കൂട്ടം സാധാരണ മനുഷ്യരുടെ അനുഭവങ്ങൾ, സമകാലീന പ്രശ്‌നങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോർത്തിണക്കികൊണ്ട് ഒരുക്കിയ, പ്രവാസികളുടെ നൊമ്പരങ്ങൾ തുറന്നുകാട്ടുന്ന ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരിക്കും.

ഈ ചിത്രത്തിന്റ പ്രൊഡക്ഷൻ കൺട്രോളർ മനോഹരൻ പാവറട്ടിയും, പ്രൊഡക്ഷൻ കോർഡിനേറ്റർ വിനോദ് അലിയത്തും ആണ്. ഇരുപത്തി അഞ്ചു വർഷമായി, നാട്ടിലും ബഹറൈനിലുമായി ഛായാഗ്രഹണ രംഗത്ത് പ്രശസ്തനായ ജീവൻ പത്മനാഭനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രണം നിർവ്വഹിക്കുന്നത് .മലയാള സിനിമ രംഗത്തെ സജീവ സാന്നിധ്യമായ സച്ചിൻ സത്യ എഡിറ്റിങ്ങും, വിനേഷ് മണി പച്ഛാത്തല സംഗീതവും നിർവ്വഹിക്കുന്നു. വിജയൻ കല്ലാച്ചി രചനയും, സംവിധാനവും നിർവ്വഹിച്ച ഇതിലെ ഗാനം ആലപിച്ചത് ബഹറിനിലെ ശ്രദ്ധേയ ഗായകനായ ഉണ്ണികൃഷ്ണൻ ആണ്.

ഈ ചിത്രത്തിന്റെ മറ്റു അണിയറ ശിൽപ്പികൾ; ക്രീയേറ്റീവ് ഡയറക്ടർ അച്ചു അരുൺരാജ്, കലാ സംവിധാനം സുരേഷ് അയ്യമ്പിള്ളി, ചമയം സജീവൻ കണ്ണപുരം എന്നിവരാണ്. ഹരി ശങ്കർ, പ്രജീഷ് ബാല, എന്നിവർ സഹ സംവിധായകർ ആയും, അർഷാദ്, ഉണ്ണി എന്നിവർ ടെക്‌നീക്കൽ സപ്പോർട്ടേഴ്സ് ആയും ഈ ചിത്രത്തോടൊപ്പം പ്രവർത്തിക്കുന്നുണ്ട്.

ബഹറിനിൽ കലാരംഗത്ത് പ്രവർത്തിക്കുന്ന മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, സജിത്ത്, ജയ രവികുമാർ, സൗമ്യ സജിത്ത്, മുസ്തഫ ആദൂർ, ശരത് ജി, ഉണ്ണി, എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രത്തിൽ, അവരെ കൂടാതെ സുവിത രാകേഷ്, ലളിത ധർമരാജൻ, രമ്യ ബിനോജ് ഗണേശ് കൂരാറ, രാകേഷ് രാജപ്പൻ, ഹനീഫ് മുക്കത്ത് തുടങ്ങിയവരും വേഷമിടുന്നുണ്ട്.