ന്റെ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായ ഡാമിയൻ ഗ്രീനിനെ പ്രധാനമന്ത്രി തെരേസമെയ്‌ ഇന്നലെ രാത്രി പുറത്താക്കി. പാർലിമെന്റ് ഓഫീസിലെ അദ്ദേഹത്തിന്റ കമ്പ്യൂട്ടറിൽ നിന്നും നീലച്ചിത്രങ്ങളും ഫോട്ടോകളും കണ്ടെത്തിയത് ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. പത്ത് വർഷം മുമ്പത്തെ ഒരു സദാചാര കുറ്റത്തിനാണ് ഗ്രീനിന് ഇപ്പോൾ പണി തെറിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ തെരേസ മെയ്‌ പുറത്താക്കുന്ന മൂന്നാമെ മന്ത്രിയായിത്തീർന്നിരിക്കുകയാണ് ഗ്രീൻ. പ്രതിരോധമന്ത്രി മൈക്കൽ ഫാലൻ, മറ്റൊരു മന്ത്രിയായ പ്രീതി പട്ടേൽ എന്നിവരെയായിരുന്നു ഈ അടുത്ത കാലത്ത് വിവിധ കുറ്റങ്ങളുടെ പേരിൽ തെരേസ പുറത്താക്കിയിരുന്നത്.

തന്റെ കമ്പ്യൂട്ടറിൽ നിന്നും പോൺ വീഡിയോകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ടതിന് പുറകിലെ സത്യം പറയാൻ ഗ്രീൻ പരാജയപ്പെട്ടുവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ തെരേസ പുറത്താക്കിയിരിക്കുന്നത്. ഇതിനെക്കുറിച്ച് ഗ്രീൻ പര്യാപ്തമല്ലാത്തതും വഴിതെറ്റിപ്പിക്കുന്നതുമായ വിശദീകരണങ്ങളാണ് നൽകിയിരിക്കുന്നതെന്നാണ് കാബിനറ്റ് ഓഫീസ് അന്വേഷണത്തിലൂടെ കണ്ടെത്തിയിരുന്നത്. 2008ൽ പൊലീസ് അദ്ദേഹത്തിന്റെ കോമൺസ് ഓഫീസിലെ കമ്പ്യൂട്ടറിൽ നടത്തി കണ്ടുപിടിച്ച കാര്യങ്ങളെ തീർത്തും നിഷേധിക്കാൻ വരെ ഒരു വേള ഗ്രീൻ ശ്രമിച്ചിരുന്നു.

മന്ത്രിമാർ പാലിക്കേണ്ടുന്ന അടിസ്ഥാന സദാചാര നിയമങ്ങൾ പോലും പാലിക്കാത്ത ഗ്രീനിനെ പുറത്താക്കുകയല്ലാതെ മറ്റ് വഴികൾ പ്രധാനമന്ത്രിക്ക് മുന്നിൽ ഇല്ലാത്തതിനാലാണ് ഈ കടുത്ത നടപടിയെടുക്കുന്നതെന്നാണ് തെരേസയുടെ ഉപദേശകനായ സർ അലക്‌സ് അല്ലെൻ വിശദീകരിച്ചിരിക്കുന്നത്. ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്ന നിലയിൽ തിളങ്ങിയ 61 കാരനായ ഗ്രീനിന്റെ പതനം ഉയിർത്തെഴുന്നേൽക്കാൻ സാധിക്കാത്ത വിധത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുൻ മെറ്റ് പൊലീസ് ചീഫായ ബോബ് ക്യുക്കായിരുന്നു ഗ്രീനിന്റെ കമ്പ്യൂട്ടറിൽ നിന്നും പോൺ ചിത്രങ്ങൾ കണ്ടെത്തിയെന്ന് ആദ്യം വെളിപ്പെടുത്തിയിരുന്നത്.

തുടർന്ന് പത്ത് വർഷത്തോളം നീണ്ട വാഗ്വാദങ്ങൾക്കും അന്വേഷണങ്ങൾക്കും ശേഷമാണ് ഗ്രീനിന് പുറത്ത് പോകേണ്ടി വന്നിരിക്കുന്നത്. പൊലീസ് ഗ്രീനിനെതിരെ ഈ കേസ് കെട്ടിച്ചമച്ച് പൂർവവിരോധം തീർക്കുകയായിരുന്നുവെന്ന ആരോപണം വരെ ഇതിനിടെ ശക്തമായിരുന്നു. ഗ്രീനിന് എതിരെ ടോറി വനിതാ ആക്ടിവിസ്റ്റായ കേറ്റ് മാൽട്ബി ഈ അടുത്ത കാലത്ത് ലൈംഗിക ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ ഒന്നിന് അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് പുതിയൊരു അന്വേഷണം ആരംഭിച്ചിരുന്നു. 2015ൽ ലണ്ടനിലെ പബിൽ വച്ച് തന്റെ കാൽമുട്ടിൽ പിടിച്ച ഗ്രീൻ സഭ്യേതരമായ അഭിപ്രായം പറഞ്ഞുവെന്നായിരുന്നു കേറ്റിന്റെ ആരോപണം. ഇത് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പോൺ വിവാദവും അന്വേഷിക്കുകയും അത് ശരിയാണെന്ന് തെളിയുകയുമായിരുന്നു. എന്നാൽ കേറ്റിന്റെ ആരോപണം താൻ ഇപ്പോഴും ശരിയാണെന്ന് സമ്മതിക്കുന്നില്ലെന്നാണ് തന്റെ രാജിക്കത്തിൽ ഗ്രീൻ വെളിപ്പെടുത്തിയിരിക്കുന്നത്.