- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിനിമ മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന മുന്നിട്ടിറങ്ങണം; അഹിതമായൊരു നോട്ടമുണ്ടായാൽ പോലും സ്ത്രീകൾ തുറന്നു പറയണം; അതിജീവിതയ്ക്കൊപ്പം നിൽക്കണം'; 'അമ്മ'യുടെ വനിതാദിന പരിപാടിയിൽ കെ കെ ശൈലജ
കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തിൽ മലയാള സിനിമയിലെ താരസംഘടനയായ 'അമ്മ' സംഘടിപ്പിച്ച പരിപാടിക്കിടെ നടി ഭാവനയുടെ തുറന്നുപറച്ചിൽ ചൂണ്ടിക്കാട്ടി പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ. താൻ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയ്യാറായത് വലിയ മാറ്റമാണെന്ന് ശൈലജ പറഞ്ഞു. 'അമ്മ'യുടെ വനിതാദിനാഘോഷം 'ആർജ്ജവ 2022' കൊച്ചിയിൽ ഉദ്ഘാടനം ചെയ്യവേയാണ് കെ കെ ശൈലജയുടെ പ്രതികരണം.
കുടുംബത്തിലെ ഒരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ ആ സമയത്ത് ഒപ്പം നിൽക്കേണ്ടത് മറ്റ് കുടുംബാംഗങ്ങളാണെന്നും ആ സമയത്ത് ന്യായമെന്ത്, അന്യായമെന്ത് എന്നൊന്നും നോക്കേണ്ടതില്ലെന്നും അതൊക്കെ പിന്നീട് നോക്കിയാൽ മതിയെന്നും ശൈലജ ടീച്ചർ പറഞ്ഞു. താൻ ഇരയല്ല അതിജീവിതയാണെന്ന് ഒരു പെൺകുട്ടി പറയാൻ തയ്യാറായത് വലിയ മാറ്റമാണെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകളും അതുകേൾക്കാൻ സംഘടനകളും തയ്യാറാകണം. പരാതി പറയാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടനടി പറയാനുള്ള ആർജ്ജവം രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും മുൻ മന്ത്രി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ പിന്തുണച്ച് അമ്മയിലെ വലിയ താരങ്ങൾ പോലും രംഗത്തെത്തിയത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുന്നെന്നും കുറ്റാരോപിതന് വേണ്ടി പ്രാർത്ഥിക്കുന്നു എന്നുമുള്ള അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ പരാമർശമുൾപ്പെടെ വിമർശിക്കപ്പെട്ടിരുന്നു.
ഈ പശ്ചാത്തലത്തിൽ കൂടിയാണ് അതിജീവതയ്ക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അമ്മയുടെ പരിപാടിയിൽ തന്നെ ശൈലജ ടീച്ചർ ഓർമിപ്പിച്ചത്. എല്ലാ മേഖലയിലും പരാതിപരിഹാര സെൽ വേണമെന്നും സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ താരസംഘടനകൾക്ക് കഴിയണമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.
'എല്ലാ മേഖലയിലും പരാതിപരിഹാര സെൽ വേണം. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കാൻ താരസംഘടനകൾക്ക് കഴിയണം. സിനിമാ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുപറയാൻ സ്ത്രീകളും അതുകേൾക്കാൻ സംഘടനകളും തയ്യാറാകണം. പരാതി പറയാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. അനുഭവിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ ഉടനടി പറയണം.' മുൻ മന്ത്രി കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് സ്വാഭാവികമായും കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടർന്നു കൊണ്ട് പോകാൻ കഴിയണം. മഞ്ജു വാര്യർ തിരിച്ചു വന്നതിൽ തനിക്കു വലിയ സന്തോഷം ഉണ്ട്. താൻ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.
സ്ത്രീ രണ്ടാം തരമാണെന്ന ചിന്ത ലോകത്ത് ഇപ്പോഴും നിലനിൽക്കുന്നു. സ്ത്രീകൾ തന്നെയാണ് അത് തിരുത്തേണ്ടത്. സ്ത്രീകൾക്കിടയിലെ അസമത്വം ഉത്തരേന്തയിൽ ഇപ്പോഴും ഇത് തുടരുന്നുണ്ട്. എന്നാൽ കേരളത്തിൽ വലിയ മാറ്റം ഉണ്ട്. ആദ്യകാലത്ത് വലിയ യാതനകൾ നേരിടേണ്ടി വന്ന സ്ത്രീ സമൂഹം ആയിരുന്നു കേരളത്തിലത്തിലേതും. എന്നാൽ പിന്നീട് ഇതിന് വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഫലമായി ഉണ്ടായതാണെന്നും അവർ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്ക് താരസംഘടന വേണ്ടത്ര പിന്തുണ നൽകിയില്ലെന്നും കുറ്റാരോപിതനൊപ്പമാണ് നിലകൊണ്ടതെന്നും ചൂണ്ടിക്കാട്ടി 'അമ്മ'യ്ക്കെതിരെ ഇപ്പോഴും രൂക്ഷ വിമർശങ്ങളുണ്ട്.
കലൂരിലുള്ള 'അമ്മ' ഓഫീസിൽ നടന്ന പരിപാടിയിൽ സംഘടനയുടെ വൈസ് പ്രസിഡന്റ് ശ്വേതാ മേനോനാണ് അദ്ധ്യക്ഷത വഹിച്ചത്. ആർ ശ്രീലേഖ, ഷബാനിയ അജ്മൽ, രചന നാരായണൻകുട്ടി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന നടിമാരെ ആദരിച്ചു. പോഷ് ആക്ടിനേക്കുറിച്ച് (തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയാനുള്ള നിയമം) അഭിഭാഷക ടീന ചെറിയാൻ സംസാരിച്ചു. അമ്മ പ്രസിഡന്റ് മോഹൻലാലാണ് വനിതകളുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ