കണ്ണൂർ : കഴിഞ്ഞ തവണ പാലക്കാടായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം. ഏറെ ആവേശത്തോടെ പാലക്കാട് ചടങ്ങ് ഏറ്റെടുത്തു. സിനിമാ ലോകം ഒന്നടങ്കം പാലക്കാട്ടെത്തി. ഇതുകണ്ടാണ് ഇത്തവണ അവാർഡ് വിതരണം തലശ്ശേരിയിലേക്ക് കൊണ്ടു വന്നത്. മുഖ്യമന്ത്രിയുടെ ജില്ലയിൽ ആവേശം വാരി വിതറി അവാർഡ് നൽകാമെന്നും കരുതി. കമ്മട്ടിപാടത്തിലൂടെ വിനായകനായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം. വിനായകന് അവാർഡ് കൊടുത്തത് പലർക്കും പിടിച്ചിരുന്നില്ല. ഇതിനൊപ്പം ജനപ്രിയനായകൻ ദിലീപ് അഴിക്കുള്ളിലും. ഇതിന് പിന്നിലും ഇടത് സർക്കാരായിരുന്നു. അതുകൊണ്ട് തന്നെ തലശ്ശേരിയിലെ ചലച്ചിത്രപൂരത്തിന് താരങ്ങൾ ആരും എത്തിയില്ല. നാട്ടുകാരുടെ ആവേശത്തിൽ മാത്രമായി ചടങ്ങ് ഒതുങ്ങി. തലശ്ശേരിയിലെയും പരിസരത്തെയും സാധാരണ മനുഷ്യർ സ്വന്തം ഉത്സവമായി ഏറ്റെടുത്ത ആഘോഷരാവിൽ, മലയാള സിനിമയുടെ സമകാലിക മുഖ്യധാരയിലെ താരങ്ങളേറെയും വിട്ടുനിന്ന ചടങ്ങിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

പുരസ്‌കാരച്ചടങ്ങിന് സിനിമയിലെ മുൻനിര താരങ്ങളെത്താത്തത് മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഇടയാക്കി. സിനിമയിലെ പുരസ്‌കാര ദാനങ്ങൾ, ഡാനിയൽ പുരസ്‌കാരം പോലുള്ള ശ്രദ്ധേയ അവാർഡ് വിതരണ ചടങ്ങുകൾക്ക് ക്ഷണ പത്രമില്ലെങ്കിൽപ്പോലും വരേണ്ടവരാണ് സിനിമയിലെ മുൻനിര നടീനടന്മാർ. എന്നാൽ ക്ഷണിച്ചില്ലെന്ന കാരണത്താൽ ചടങ്ങിൽ പങ്കെടുക്കാതിരുന്നതിന് ന്യായീകരണമില്ല. പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്ന ഈ ചടങ്ങിൽ എല്ലാവരും എത്തേണ്ടതായിരുന്നുവെന്നും പിണറായി പറഞ്ഞു. അതിന് മുന്നോടിയായ നടന്ന പ്രസംഗത്തിൽ സിനിമയിലെ താരാധിപത്യത്തിന് തിരിച്ചടിയാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു.

വിനോദ വ്യവസായത്തിലെ വർണാഭമായ വിസ്മയക്കാഴ്ചകളിൽ നിന്നു മനഃപൂർവം മുഖം തിരിച്ച അവാർഡ് ജൂറി, കീഴാളരുടെയും കറുത്തവരുടെയും ജീവിതം ചിത്രീകരിച്ച സിനിമകളെ അംഗീകരിച്ചത് ആശാവഹമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി നടത്തുന്ന ഇത്തരം പരിപാടികളിൽ, അവാർഡ് വാങ്ങാനുള്ളവർ മാത്രം വരുന്ന രീതി ശരിയല്ലെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. സമഗ്രസംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്‌കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണനു സമർപ്പിച്ചു.

മികച്ചനടൻ വിനായകൻ, നടി രജിഷ വിജയൻ, സംവിധായിക വിധു വിൻസന്റ്, സഹനടൻ മണികണ്ഠൻ ആചാരി, സഹനടി കാ?ഞ്ചനാമ്മ, ബാലതാരങ്ങളായ ചേതൻ ജയലാൽ, അബനി ആദി, സംഗീത സംവിധായകൻ എം.ജയചന്ദ്രൻ, ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരൻ എന്നിവരുൾപ്പെടെ നാൽപതിലേറെ സിനിമാപ്രവർത്തകർ 2016ലെ സംസ്ഥാന അവാർഡ് ഏറ്റുവാങ്ങി. ഗാനരചനയ്ക്കുള്ള പുരസ്‌കാരം അന്തരിച്ച കവി ഒ.എൻ.വി.കുറുപ്പിനു വേണ്ടി മകൾ മായ ഏറ്റുവാങ്ങി. മലയാള സിനിമയുടെ വിവിധ മേഖലകളിലെ സംഭാവന കണക്കിലെടുത്തു ബി.വസന്ത, നിലമ്പൂർ ആയിഷ, കുട്ട്യേടത്തി വിലാസിനി, ഐ.വി.ശശി, സീമ, കെ.പി.കുമാരൻ, ടി.വി.ചന്ദ്രൻ, രാഘവൻ, പി.വി.ഗംഗാധരൻ, പൂവച്ചൽ ഖാദർ, ശ്രീധരൻ ചമ്പാട് എന്നിവരെ ആദരിച്ചു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, കെ.കെ.ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി മഹേഷ് പഞ്ചു, സാംസ്‌കാരിക വകുപ്പു സെക്രട്ടറി റാണി ജോർജ്, ജൂറി ചെയർമാൻ എ.കെ.ബിർ, സംഘാടക സമിതി ചെയർമാൻ എ.എൻ.ഷംസീർ എംഎൽഎ, ജനറൽ കൺവീനർ പ്രദീപ് ചൊക്ലി എന്നിവർ പ്രസംഗിച്ചു. സംഗീതനാടക അക്കാദമി അധ്യക്ഷ കെപിഎസി ലളിത, നടൻ മുകേഷ് എംഎൽഎ എന്നിവരും പങ്കെടുത്തു. മുഖ്യാതിഥികളായി ക്ഷണിക്കപ്പെട്ട നടൻ മധു, ഷീല, മഞ്ജു വാരിയർ, ആദരം ഏറ്റുവാങ്ങേണ്ടിയിരുന്ന നടൻ ശ്രീനിവാസൻ എന്നിവർ എത്തിയില്ല.

അവാർഡ് നിർണയത്തിലെ രചനാ വിഭാഗം പുരസ്‌കാരങ്ങളെച്ചൊല്ലിയുള്ള വിവാദത്തിന്റെ തുടർച്ച അവാർഡ് വിതരണച്ചടങ്ങിലും പ്രതിഫലിച്ചു. പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുക്കാതിരുന്ന ജൂറി ചെയർമാൻ കെ. ജയകുമാർ പുരസ്‌കാര സർട്ടിഫിക്കറ്റിലും ഒപ്പിട്ടില്ല. ഇത് ആദ്യമായാണ് ഒരു ഔദ്യോഗിക പുരസ്‌കാര വിതരണച്ചടങ്ങിൽ ജൂറി ചെയർമാന്റെ ഒപ്പില്ലാതെ സർട്ടിഫിക്കറ്റ് വിതരണം ചെയ്ുയന്നത്. പുരസ്‌കാര നിർണയത്തിൽ ജൂറി ചെയർമാനുണ്ടായ വിയോജിപ്പ് തന്നെയാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് നേടിയ പുസ്തകം മാനദണ്ഡം ലംഘിച്ചാണു തെരഞ്ഞെടുത്തതെന്നു നേരത്തെ ആരോപണമുണ്ടായിരുന്നു. ഈ പുസ്തകത്തിൽ അഞ്ച് വർഷം മുമ്പ് പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥത്തിലെ ലേഖനങ്ങൾ ഉൾപെട്ടിരുന്നതായാണ് ആരോപണം. ചലച്ചിത്ര അക്കാഡമി നിയമാവലി അനുസരിച്ചു വിജ്ഞാപനത്തിൽ വ്യക്തമാക്കിയ കലണ്ടർ വർഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവുമേ ഉൾപെടുത്താൻ പാടുള്ളൂ.

2012ൽ മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം ലഭിച്ച ലേഖനവും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതും വിവാദത്തിന് ഇടയാക്കി. പുരസ്‌കാര നിർണയശേഷമുയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു രചനാ വിഭാഗം ജൂറി ചെയർമാൻ വിട്ടുനിന്നത്.