ന്യൂഡൽഹി: ദേശീയ പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ചവർക്ക് പുരസ്‌കാരം തപാൽ വഴി അയച്ചുകൊടുക്കും.മെഡലുകളും ഫലകങ്ങളും തപാൽ വഴി അംഗീകാരം ലഭിച്ചവരുടെ മേൽവിലാസത്തിൽ വിതരണം ചെയ്യും.65ാമത് ദേശീയ പുരസ്‌കാര ചടങ്ങിൽ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്നത്. 11 പേർക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നൽകില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.

ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാൽ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതു സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോൾ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സർക്കാർ അവാർഡ് ജേതാക്കളെ അറിയിച്ചത്.

രാഷ്ട്രപതി നേരിട്ട് നൽകിയില്ലെങ്കിൽ വിട്ടുനിൽക്കുമെന്ന് കാട്ടി അവാർഡ് ജേതാക്കൾ രാഷ്ട്രപതിയുടെ ഓഫീസിനും സർക്കാരിനും കത്ത് നൽകി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നൽകുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, പതിവ് തെറ്റിച്ചുകൊണ്ട്
11 പുരസ്‌കാരങ്ങൾ മാത്രം രാഷ്ട്രപതി നൽകുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതാണ് മലയാളത്തിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.