മനാമ: ബഹ്‌റൈൻ കേരളീയ സമാജം സിനിമാ ക്ലബ് സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രമേള'ഫിലിം കഫേ' 2015 ഇന്ന് വൈകിട്ട് 7 മണി മുതൽ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. സ്വദേശികളും വിദേശികളുമായ സിനിമാ പ്രവർത്തകരുടെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിക്കുന്ന ഈ അന്തർദേശീയ മേളയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

ബഹ്‌റൈനിലെ സിനിമാസ്വാദകരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാനായി കേരളിയ സമാജം 2009ൽ ആരംഭിച്ച ഹ്രസ്വചിത്രമേളയ്ക്ക് ആദ്യ വർഷം 6 ചിത്രങ്ങളാണുണ്ടായിരുന്നത്. തുടർന്ന് എഴോളം ചിത്രങ്ങൾ പ്രദർശനത്തിനെത്തിയ 2013ലെ മേള ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.  ബി.കെ.എസ്.ഫിലിം ഫെസ്റ്റിവൽ മൂന്നാം സീസനിൽ ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമായി മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് മത്സരമത്സരേതര വിഭാഗങ്ങളിലായി പ്രദർശിപ്പിക്കപ്പെടുന്നത്. ഒരു കോഫി കുടിക്കുന്ന സമയം കൊണ്ട് കണ്ടു തീർക്കാവുന്ന ഓരോ ചിത്രങ്ങളും ആശയപരമായും സാങ്കേതിക മേന്മയാലും വേറിട്ട് നിൽക്കുന്നവയായിരിക്കുമെന്ന് 'ഫിലിം കഫേ'യുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, മെക്‌സിക്കോ, യു.കെ. തുടങ്ങിയരാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾക്ക് പുറമേ അരഡസനിലധികം വരുന്ന ബഹ്‌റൈനി സിനിമകളും ഇത്തവണത്തെ മേളയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നു. അന്തർദേശിയ ചലച്ചിത്രമേളകളുടെ ചിട്ടവട്ടങ്ങളോടെ സംഘടിപ്പിക്കുന്ന ഈ മേളയിൽ മികച്ച ചിത്രം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥ, അഭിനേതാവ്, ബാലതാരം എന്നീ വിഭാഗങ്ങളിലെ മികവിന് പുരസ്‌കാരങ്ങൾ നൽകും. ബഹ്‌റൈനിലെ പ്രമുഖ ചലച്ചിത്ര സംവിധായകൻ മുഹമ്മദ് റാഷിദ് ബുവാലിയാണ് ജൂറി ചെയർമാൻ.