കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ചാനൽ ഷോകളിൽ താരങ്ങൾക്ക് വിലക്കേർപ്പെടുത്താൻ ഫിലീം ചേമ്പറിന്റെ തീരുമാനം. താരങ്ങളെ പങ്കെടുപ്പിച്ച് ചാനലുകൾ നടത്തുന്ന ഷോകൾക്ക് യാതൊരുവിധ സത്യവുമില്ലെന്നാണ് ചേമ്പറിന്റെ വിലയിരുത്തൽ. അവാർഡ് നിശകളുടെ മറവിൽ ചാനലുകളെ തിന്ന് കൊഴുക്കാൻ സമ്മതിക്കില്ലെന്നും ചേമ്പർ വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇക്കാര്യം കൂടിയാലോചിക്കാൻ രാവിലെ 11 മണിയോടെ വിവിധ സിനിമ സംഘടനകളുടെ യോഗം ചേരും. മാസങ്ങൾക്ക് മുമ്പേ ചേമ്പർ ഇക്കാര്യം ആലോചിച്ചിരുന്നുവെങ്കിലും, എല്ലാവരുമായും ധാരണയിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.

കേരള ഫിലീം ചേമ്പറടക്കം ആറ് സംഘടനകളാണ് യോഗത്തിൽ പങ്കെടുക്കുക. താരങ്ങളെ പ്രതിനിധീകരിച്ച് താരസംഘടനയായ അമ്മ, കേരള ഫിലീം പ്രോഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലീം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കേരള ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷൻ, ഫിലീം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള എന്നീ സംഘടനകളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. എല്ലാ സംഘടനകളുടേയും മുഖ്യ ഭാരവാഹികളോടും സഹഭാരവാഹികളോടുമാണ് യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഇന്നസെന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം സിദ്ദീഖും താനും പങ്കെടുക്കുമെന്ന് സെക്രട്ടറി ഇടവേള ബാബു മറുനാടൻ മലയാളിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ വാർത്തകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ചില താരങ്ങൾ ടെലിവിഷൻ പരിപാടികളിൽ നിന്ന് മാറി നിന്നിരുന്നു. സിനിമ മേഖലയെ അപകർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ പടച്ചുവിടുകയാണെന്നായിരുന്നു ഒരു കൂട്ടം താരങ്ങളുടെ ആക്ഷേപം പിന്നാലെ, അമ്മയുടെ ജനറൽ ബോഡി മീറ്റിംങ്ങിന് ശേഷമുള്ള വാർത്ത സമ്മേളനത്തിനിടെ താരങ്ങൾ കൂവിളിച്ച് മാധ്യമപ്രവർത്തകരെ അപമാനിക്കാനും ശ്രമം നടന്നിരുന്നു.

ഓണക്കാലത്ത് മിക്ക മാധ്യമങ്ങളിൽ നിന്നും താരങ്ങൾ വിട്ടുനിന്നത് ഏറെ ചർച്ചകൾകൾക്കും വഴിവെച്ചിരുന്നു. സാറ്റ്ലെറ്റ് അവകാശം വിറ്റ് പോകുന്നതാണ് സിനിമ നിർമ്മാതാക്കളുടെ പ്രധാന വരുമാന മാർഗ്ഗം. നേരത്തെ ഷൂട്ടിംങ് പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ചാനലുകൾ സാറ്റ്ലെറ്റ് റൈറ്റ് വാങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ഏതാനം വർഷങ്ങളായി, തീയ്യറ്ററുകളിലെ പെർഫോമൻസ് അനുസരിച്ചാണ് ചാനലുകൾ സിനിമകൾ വാങ്ങാറ്. ഇതോടെ മിക്ക നിർമ്മാതാക്കളും പ്രതിസന്ധിയിായി. ഈ വർഷം ആകെ നാൽപത് സിനിമകളാണ് ചാനലുകൾ വാങ്ങിയത്.

അറസ്റ്റിനെത്തുടർന്ന് അമ്മയുയുടെ ട്രഷറർ സ്ഥാനത്തുനിന്നടക്കം മറ്റെല്ലാ ഭാരവാഹിത്വത്തിൽ നിന്നും വിവിധ സംഘടനകൾ ദിലീപിനെ നീക്കിയിരുന്നു. എന്നാൽ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ദിലീപിനെ വീണ്ടും പ്രസിഡന്റാക്കണമെന്ന തീരുമാനമെടുത്തു. പിന്നാലെ ദിലീപ് സംഘടന ഭാരവാഹികൾക്ക് സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് കാണിച്ച് കത്ത് നൽകുകയായിരുന്നു. എന്നാൽ ദിലീപിന്റെ അറസ്റ്റും അവാർഡ് ഷോകൾ ബഹിഷ്‌കരിക്കാനുള്ള ചർച്ചകളും തമ്മിൽ ബന്ധമില്ലെന്നാണ് ഫിലീം ചേമ്പർ ഭാരവാഹികൾ വാദിക്കുന്നത്.