- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും പരാജയം; അഡ്വാൻസ് തുകയായി 40 കോടി രൂപ നൽകാനാകില്ലെന്ന് തിയേറ്ററുടമകൾ; 'മരക്കാർ' ഡയറക്റ്റ് ഒടിടി റിലീസിന്; ചിത്രം റിലീസിനെത്തുക ആമസോൺ പ്രൈം വീഡിയോയിലൂടെ
കൊച്ചി: മോഹൻലാൽ-പ്രിയദർശൻ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിൽ റിലീസ് സംബന്ധിച്ച് നടന്ന ചർച്ച പരാജയം. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ഫിലിം ചേംബറിന്റെ മധ്യസ്ഥതയിൽ തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിൽ നടത്തിയ ചർച്ചയാണ് ഫലം കാണാതെ അവസാനിപ്പിച്ചത്. ഇതോടെ ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റിലീസിനുള്ള സാധ്യതകൾ വർധിച്ചിരിക്കുകയാണ്.
അഡ്വാൻസ് തുകയായി മരക്കാറിന് തിയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ചർച്ചയിൽ ആവശ്യപ്പെട്ടത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ മോഹൻലാൽ ചിത്രം ലൂസിഫറിന് സമാനതുകയാണ് അഡ്വാൻസ് ഇനത്തിൽ ലഭിച്ചിരുന്നത് എന്നറിയുന്നു. തിയറ്ററുകളിൽ റിലീസ് ചെയ്യുന്നപക്ഷം ആദ്യ മൂന്നാഴ്ച കേരളത്തിലെ എല്ലാ തിയറ്ററുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഈ രണ്ട് ആവശ്യങ്ങളിന്മേലും ചില തടസ്സങ്ങൾ ഫിയോക് ഉന്നയിച്ചു. ഇതോടെയാണ് ഫിലിം ചേംബർ മധ്യസ്ഥ ചർച്ചയിൽ നിന്ന് പിന്മാറിയത്. നിലവിൽ തീരുമാനം നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന് വിട്ടിരിക്കുകയാണ്. ഇതോടെ മരക്കാർ ഡയറക്റ്റ് ഒടിടി റിലീസ് ആവാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നതിനുള്ള സാധ്യത തേടി ഇനിയും ചർച്ചകൾക്ക് ഫിയോക് തയ്യാറാണെങ്കിലും നിർമ്മാതാവിനും തിയറ്റർ ഉടമകൾക്കുമിടയിൽ സമവായ സാധ്യത കുറവാണ്.
ഫിലിം ചേംബർ മധ്യസ്ഥത വഹിച്ച ചർച്ചയ്ക്കു മുൻപ് ഫിയോക് പ്രസിഡന്റ് കെ വിജയകുമാർ നടത്തിയ വാർത്താസമ്മേളനത്തിൽ ചിത്രം തിയറ്റർ റിലീസ് ആകുമെന്ന കാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
തിയേറ്റർ റിലീസിന് ആവശ്യമായ വിട്ടുവീഴ്ചകൾ ചെയ്യാമെന്ന് തിയേറ്ററുടമകൾ വ്യക്തമാക്കി. പണം ഡിപ്പോസിറ്റായി നൽകാൻ തയ്യാറാണെന്നും തിയേറ്ററുടമകൾ സമ്മതിച്ചു. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് ആന്റണി പെരുമ്പാവൂർ ആവശ്യമുന്നയിച്ചു. അത്രയും തുക നൽകാനാവില്ലെന്ന് തിയേറ്ററുടമകൾ പറഞ്ഞു.
100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിർമ്മിച്ചത്. ഏകദേശം രണ്ടരവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. മോഹൻലാലിനെ പുറമേ മഞ്ജു വാര്യർ, അർജുൻ സർജ, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി, സുനിൽ ഷെട്ടി, നെടുമുടി വേണു, ഫാസിൽ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് തിയേറ്ററുകൾ തുറന്നത്.
എന്നാൽ ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകൾ.
തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയും ചെയ്തു. ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശമാണ് രാജികത്ത് നൽകിയത്. എന്നാൽ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം.
മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നു.കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. യോഗത്തിൽ മരക്കാർ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുവാൻ വ്യവസ്ഥകൾ ആന്റണി പെരൂമ്പാവൂർ മൂന്നോട്ടുവെച്ചിരുന്നു.
തിയേറ്ററുടമകൾ അഡ്വാൻസ് തുക നൽകണമെന്നും ഇരുന്നൂറോളം സ്ക്രീനുകൾ വേണമെന്നുമുൾപ്പെടെയുള്ള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചത്. ഇതോടൊപ്പം സിനിമാപ്രദർശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂർ ചേംബർ ഭാരവാഹികളെ അറിയിച്ചിരുന്നു.
ചർച്ച പരാജയപ്പെട്ടതോടെ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയായിരിക്കും റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും.
ഫിയോക് പ്രസിഡന്റ് പറഞ്ഞത്
തിയറ്റർ റിലീസ് ചെയ്താൽ പരമാവധി ദിവസങ്ങൾ സിനിമ പ്രദർശിപ്പിക്കുന്നതടക്കം വിട്ടുവീഴ്ചകൾക്ക് ഞങ്ങൾ തയ്യാറാണ്. ഇക്കാര്യം ചേംബർ പ്രസിഡന്റ് സുരേഷ് കുമാർ വഴി ആന്റണിയെ അറിയിച്ചിട്ടുണ്ട്. തിയറ്റർ ഉടമകൾക്ക് സാധിക്കുംവിധം പരമാവധി തുക ശേഖരിക്കും. ഇത് അഡ്വാൻസ് ആയി നൽകാൻ തങ്ങൾ തയ്യാറാണ്. ഒടിടി പ്ലാറ്റ്ഫോം നൽകാമെന്ന് പറയുന്ന തുക ഷെയർ ആയി നിർമ്മാതാവിന് നൽകാൻ തങ്ങൾക്ക് സാധിക്കും. മരക്കാറിന് അഡ്വാൻസ് ആയി കുറഞ്ഞത് 10 കോടി നൽകാൻ തയ്യാറാണ്. എന്നാൽ നിർമ്മാതാവ് ആവശ്യപ്പെട്ടതുപോലെ മിനിമം ഗ്യാരന്റി എന്ന നിലയിൽ ഇത് നൽകാനാവില്ല. മരക്കാർ തിയറ്ററിൽ റിലീസ് ചെയ്യാനാവുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. എന്നാൽ ഉറപ്പില്ല. മരക്കാർ തിയറ്ററിൽ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. മറിച്ച് സംഭവിച്ചാൽ അത് ആ സിനിമയുടെ വിധിയാണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇപ്പോഴും ഫിയോകിന്റെ വൈസ് ചെയർമാൻ. രാജിക്കത്തിനെക്കുറിച്ച് അറിയില്ല. മരക്കാർ തിയറ്ററിൽ പ്രദർശിപ്പിക്കണമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന സ്വാഗതാർഹമാണ്.
മറുനാടന് മലയാളി ബ്യൂറോ