ഹര ഹര മഹാദേവകി എന്ന ചിത്രത്തിന് ശേഷം സന്തോഷ് പി ജയകുമാർ ഒരുക്കിയ ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്ന ചിത്രം തമിഴകത്താകെ വലിയ വിവാദമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഹൊറർ സെക്‌സ് കോമഡി ഗണത്തിൽപ്പെടുത്താവുന്ന ചിത്രത്തിനെതിരേ സിനിമാ രംഗത്ത് നിന്നു പോലും കടുത്ത എതിർപ്പുകളാണ് ഉയരുന്നത്. ഗ്ലാളാമറും അസ്ലീല സംഭാഷണവും കുത്തി നിറച്ച സിനിമ അറുബോറാണെന്നാണ് നിരൂപകരുടെ വാദം. ഇരുട്ട് അറയിൽ മുരട്ട് കുത്ത് മനുഷ്യ വിരുദ്ധമാണെന്ന് പ്രശസ്ത ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകയുമായ അപ്സര റെഡ്ഡി പറഞ്ഞു

ഇരുട്ട് അറയിൽ മുരട്ട് കുത്തിലെ അഭിനേതാക്കളോടും അണിയറ പ്രവർത്തകരോടും ഞാൻ ഞങ്ങൾക്ക് ഒരു കാര്യം ചോദിക്കാനുണ്ട്. നിങ്ങൾക്ക് കുടുംബത്തോടൊപ്പം ഇത്തരത്തിലുള്ള ഒരു സിനിമ കാണാൻ സാധിക്കുമോ?അത്തരത്തിലുള്ള സിനിമയാണിത്. വെറും തരംതാഴ്ന്ന ചിത്രം സ്ത്രീകളെ ഇത്രമാത്രം മോശമായി കാണിക്കാൻ സാധിക്കുമോ? സ്വവർഗാനുരാഗം ലൈംഗിക വൈകൃതമൊന്നുമല്ല.

ഞാൻ ഒരു ട്രാൻസ് ജെൻഡറാണ്. ഞങ്ങളെപ്പോലുള്ളവർ സമൂഹത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും ഇരുട്ടറയിൽ നിന്ന് പുറത്ത് വന്നിട്ടില്ല ഞങ്ങൾ. ഈ അവസരത്തിൽ സഹായിക്കുന്നതിന് പകരം അടിച്ചമർത്താനാണ് മുഖ്യധാരാ സിനിമാപ്രവർത്തകർ ഇത്തരം സിനിമകളിലൂടെ ശ്രമിക്കുന്നത്.

ഗൗതം കാർത്തിക് ജീവിതത്തിൽ പൊരുതി വന്ന നടല്ല. മണിരത്നം അവതരിപ്പിച്ച നടനാണ്. പ്രശസ്ത സിനിമാതാരം കാർത്തികിന്റെ മകൻ. ഗൗതം കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു. സംവിധായകനും ഗൗതം കാർത്തികും മാപ്പ് പറയണം.

നടികർ സംഘം ജനറൽ സെക്രട്ടറി വിശാലിന് ഞങ്ങൾ കത്ത് അയച്ചിട്ടുണ്ട്. വിശാൽ ഉടൻ തന്നെ ഇടപെടണം. അദ്ദേഹത്തെ പോലുള്ള ആർജവമുള്ള സിനിമാക്കാർ ഈ വിഷയത്തിൽ ശക്തമായ നിലപാട് എടുത്താൽ തമിഴ് സിനിമയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ല. പൊലീസിൽ പരാതി നൽകുന്ന അവസരത്തിൽ വിശാലിനെ വിളിച്ചിരുന്നു. അദ്ദേഹം തിരക്കാണെന്നും സെക്രട്ടറിയെ അയക്കാമെന്നും പറഞ്ഞു. പക്ഷേ ആരും വന്നില്ല. ഗൗതം കാർത്തിക്കും വലിയ വീട്ടിലെ പയ്യൻ ആയതുകൊണ്ടാണോ വിശാൽ വരാത്തതെന്ന് എനിക്കറിയില്ല.

ഞങ്ങളുമായി ഒരു സംവാദത്തിന് ഇരുട്ട് അറയിൽ മുരുട്ട് കുത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറാകണം. പെൺകുട്ടികളെ മടുത്ത് പുരുഷന്മാരുടെ കൂടെ പോകുന്നു എന്ന സംഭാഷണം സിനിമയിലുണ്ട്. സ്വവർഗരതിയെക്കുറിച്ച് ഇവർ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്.' സ്വ്ന്തമായി ചിന്തിക്കാൻ കഴിയാത്തവരാണോ ഇവർ.

തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ പലരും മുഖം മറച്ചാണ് ഈ ചിത്രം കാണാനെത്തുന്നത്. പെൺകുട്ടികൾ ഷാൾ കൊണ്ടു മുഖം മറയ്ക്കുമ്പോൾ ഹെൽമെറ്റാണ് ആൺകുട്ടികൾക്ക് രക്ഷ. ചിത്രം ഹിറ്റാണെന്നും നിരവധി യുവാക്കൾ കാണാനെത്തുന്നുണ്ടെന്നും നിർമ്മാതാവ് ജ്ഞാനവേൽ രാജ അവകാശപ്പെടുന്നു.