- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സിനിമാ ഷൂട്ടിങ് വൈകും; മാർഗ്ഗരേഖ അനുസരിച്ച് മാത്രമെ ഷൂട്ടിങ് തുടങ്ങാവു എന്ന് സിനിമാ സംഘടനകൾ; മാർഗ്ഗരേഖ തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കും; തെലങ്കാനയിൽ നിന്നും ലോക്കേഷൻ രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിലേക്ക് മാറ്റും; തിയേറ്റർ തുറക്കാനും അനുമതി വേണമെന്ന് ആവശ്യം
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതോടെ സിനിമാ ചിത്രീകരണത്തിന് അനുമതി ലഭിച്ചെങ്കിലും മാർഗ്ഗരേഖ വന്ന ശേഷം മാത്രം ഷൂട്ടിങ് തുടങ്ങിയാൽ മതിയെന്ന് സിനിമ സംഘടനകൾ. സിനിമാ ചിത്രീകരണത്തിന് മാർഗ്ഗരേഖ നിശ്ചയിക്കാൻ മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തിലാണ് തീരുമാനമായത്. തിങ്കളാഴ്ച വൈകീട്ടോടെ മാർഗ്ഗരേഖ തയ്യാറാക്കും.
മാർഗ്ഗരേഖ അനുസരിച്ച് മാത്രേ ഷൂട്ടിങ് തുടങ്ങാവൂ എന്നാണ് സിനിമാപ്രവർത്തകർക്ക് സംഘടന നൽകിയ നിർദ്ദേശം. സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഞായറാഴ്ച രാവിലെ പീരുമേട്ടിൽ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കാനും സംഘടനകൾ നിർദ്ദേശിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെ മാത്രം ഷൂട്ടിങ് പുനരാരംഭിച്ചാൽ മതിയെന്നാണ് സിനിമാ സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് മാർഗനിർദ്ദേശം തയ്യാറാക്കാൻ ഫെഫ്കയെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും സിനിമാ സംഘടനകളുടെ യോഗം ചുമതലപ്പെടുത്തി. തിയേറ്റർ തുറക്കാനും അനുമതി നൽകണമെന്നാണ് സിനിമാസംഘടനകളുടെ ആവശ്യം.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിശോധിച്ച സിനിമകൾക്ക് മാത്രമേ ഇനി ചിത്രീകരണം നടത്താൻ അനുമതി നൽകുകയുള്ളൂ. സീരിയൽ ഷൂട്ടിങ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിങ്ങ് നടത്താൻ സർക്കാർ അനുമതി നൽകിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ അറിയിച്ചത്.
ഒരു ഡോസ് കോവിഡ് വാക്‌സിൻ എങ്കിലും എടുത്തവരെയും ആർടിപിസിആർ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗിന് ഉപയോഗിക്കാവൂ എന്നാണ് സംഘടനകളുടെ നിർദ്ദേശം. ഒരു കരണവശാലും ഈ നിബന്ധനകൾ ഒഴിവാക്കികൊണ്ട് ആരേയും ചിത്രീകരണ സ്ഥലത്ത് പ്രവേശിപ്പിക്കുകയില്ലെന്ന് നിർദ്ദേശിച്ചു. പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്നും ഫെഫ്കയും ഫിലിം ചേംബറും നിർമ്മാതാക്കളുടെ സംഘടനയും ആവശ്യപ്പെട്ടു.
സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചുവരും. തെലങ്കാനയിൽ തുടങ്ങിയ മോഹൻലാൽ നായകനായി പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിങ് രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. ജിത്തുജോസഫ് ചിത്രമായ ട്വൽത്ത് മാന്റെ ഷൂട്ടിങ് കേരളത്തിന് പുറത്തേക്ക് മാറ്റിയിരുന്നു.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടും കിട്ടാത്തതിനാൽ മലയാള സിനിമാ ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയത് വലിയ ചർച്ചയായിരുന്നു. സിനിമാ സംഘടനകളുടെ ആവശ്യം പരിഗണിച്ച് എ, ബി വിഭാഗങ്ങളിൽ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയതോടെയാണ് ഷൂട്ടിങ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.
കഴിഞ്ഞ ദിവസം ഹൈദരാബാദിൽ തുടങ്ങിയ മോഹൻലാൽ-പ്രിഥ്വിരാജ് ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം രണ്ടാഴ്ചക്ക് ശേഷം സംസ്ഥാനത്തേക്ക് മാറ്റും. തെലങ്കാനയിലേക്ക് മാറ്റാൻ തീരുമാനിച്ച മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാന്റെ ഷൂട്ടിങ് ഇവിടെ തന്നെ തുടങ്ങും.
കർശന നിയന്ത്രണങ്ങളോടെ ചലച്ചിത്ര ചിത്രീകരണം പുനരാരംഭിക്കാൻ സർക്കാർ അനുവദിച്ചതോടെ ഏറെ ആശ്വാസം ലഭിച്ചതു കോവിഡ് ലോക്ഡൗൺ മൂലം ചിത്രീകരണം നിലച്ചുപോയ ഇരുപതിലേറെ ചിത്രങ്ങളുടെ അണിയറക്കാർക്കാണ്.
ഷൂട്ടിങ് പുനരാരംഭിക്കാൻ അനുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
ഷൂട്ടിംഗിനുള്ള അനുമതിയിൽ സിനിമാ സംഘടനകൾ സന്തോഷിക്കുമ്പോഴും സിനിമകളുടെ തിയേറ്റർ റിലീസിലുള്ള അനിശ്ചിതത്വം തുടരുകയാണ്. മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലിമരയ്ക്കാർ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതാണ്. കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് തിയേറ്റർ തുറക്കാൻ അനുമതി വേണമെന്നാണ് സംഘടനകളുടെ ആവശ്യം.
തിയേറ്ററും ബ്യൂട്ടി പാർലറും തുറക്കുന്നതിലായിരുന്നു ആരോഗ്യവകുപ്പ് കർശന നിലപാടെടുത്തിരുന്നത്. ഇതിൽ എ,ബി വിഭാഗങ്ങളിൽ ബ്യൂട്ടി പാർലറുകൾക്ക് അനുമതി നൽകിക്കഴിഞ്ഞതോടെ ഓണം അടുപ്പിച്ച് തിയേറ്ററുകൾക്കും ഇളവ് ഉണ്ടാകുമെന്നാണ് സിനിമാസംഘടനകളുടെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ