കൊച്ചി: പശുവിനെ നായികയാക്കിയ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകി സെൻസർബോർഡ്. നന്ദു വരവൂർ സംവിധാനം ചെയ്ത പയ്ക്കുട്ടി എന്ന സിനിമയ്ക്കാണ് പശുവിന്റെ പേരിൽ എ സർട്ടിഫിക്കറ്റ് നൽകിയത്. സിനിമ സെൻസറിങ്ങിനായി നൽകിയപ്പോൾ പശു ഉൾപ്പെടുന്ന എല്ലാ ഭാഗങ്ങളും വെട്ടിക്കളയാനായിരുന്നു നിർദ്ദേശം.

സിനിമയിലെ 24 ഷോട്ടുകൾ വെട്ടിക്കളഞ്ഞശേഷവും സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണു നൽകിയത്. ഇതിന്റെ കാരണം ചോദിച്ചപ്പോൾ പശുവിനെ അഭിനയിപ്പിച്ചെന്ന മറുപടിയാണു ലഭിച്ചതെന്നു പയ്ക്കുട്ടി സിനിമയുടെ ലൈൻ പ്രഡ്യൂസർ അരുൺ ബാബു പത്രസമ്മേളനത്തിൽ പറഞ്ഞു. കുടുംബപ്രേക്ഷകരെയാണു സിനിമ ലക്ഷ്യമിടുന്നത്. ഒരു തരത്തിലുള്ള അശ്ലീലരംഗവും ചിത്രത്തിലില്ല.
കേരളത്തിൽ എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന് കുവൈത്തിൽ യു സർട്ടിഫിക്കറ്റാണു ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25-ന് 50 തിയറ്ററുകളിലാണു പയ്ക്കുട്ടി റിലീസ് ചെയ്യുന്നത്. പ്രദീപ് നളന്ദയാണു നായകൻ.

സുഭാഷ് രാമനാട്ടുകരയും ബൈജു മാഹിയും ചേർന്നാണു നിർമ്മാണം. സംവിധായകൻ നന്ദു വരവൂരിന്റേതാണു കഥ. സുധീഷ് വിജയൻ വാഴയൂരാണു തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. നടൻ പ്രദീപ് നളന്ദ, ക്യാമറമാൻ വിനോദ് വിക്രം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.