- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലെ മുൻ ജോലിക്കാരനെ മർദ്ദിച്ച് തല മുണ്ഡനം ചെയ്തത് ഐ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച്; ഭാര്യ ഉൾപ്പെടെയുള്ള പ്രതികൾ അറസ്റ്റിലായിട്ടും രക്ഷപെട്ടത് സിസിടിവി ദൃശ്യങ്ങളിൽ പെടാതിരുന്നതിനാൽ; ആൾമാറാട്ടം നടത്തുകയും പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ കെണിയിലായി; കന്നഡ സിനിമാ നിർമ്മാതാവും റിയാലിറ്റി ഷോ താരവുമായ നുതാൻ നായിഡുവിനെ ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു
വിശാഖപട്ടണം: മുൻ വീട്ടുജോലിക്കാരനെ മർദ്ദിച്ച സംഭവത്തിൽ കന്നഡ സിനിമാ നിർമ്മാതാവും റിയാലിറ്റി ഷോ താരവുമായ നുതാൻ നായിഡുവിനെ ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വെച്ച് ദളിത് യുവാവിനെ ആക്രമിച്ചതിനും ആൾമാറാട്ടം നടത്തിയതിനുമാണ് അറസ്റ്റ്. സുജാതനഗറിലെ വീട്ടിൽ വച്ചാണ് നുതാൻ ദളിത് യുവാവിനെ ആക്രമിച്ചത്. ഇതിന് പുറമോ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പി വി രമേഷാണ് എന്ന് പറഞ്ഞ് ഡോക്ടർമാരോട് സംസാരിച്ചതായും താരത്തിനെതിരെ പരാതിയുണ്ട്. കേസിൽ ഇയാളുടെ ഭാര്യയെയും മറ്റ് 6 പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയുടെ അനുവാദത്തോടെ വിശാഖപട്ടണത്തേക്ക് കൊണ്ടുപോകുമെന്ന് വിശാഖപട്ടണം കമ്മീഷണർ മനോജ് കുമാർ സിൻഹ അറിയിച്ചു.
നായിഡുവിന്റെ വീട്ടിലെ മുൻ ജോലിക്കാരനായിരുന്ന ശ്രീകാന്തിനെ(20)യാണ് ഭാര്യ പ്രിയ മാധുരിയും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചത്. പ്രിയ മാധുരിക്ക് പുറമെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ചേർന്നാണ് അക്രമം നടത്തിയത്. പ്രിയ മാധുരി അടക്കമുള്ള ഏഴ് പ്രതികൾക്കെതിരേയും വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയതായി വിശാഖപട്ടണം കമ്മീഷണർ അറിയിച്ചു. മർദനത്തിന് ശേഷം ശ്രീകാന്തിന്റെ തല മുണ്ഡനം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇല്ലാത്തതിനാൽ നുതാൻ നായിഡുവിനെതിരെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രിയയുടെ ഐഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പ്രതികൾ ശ്രീകാന്തിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓഗസ്റ്റ് ഒന്നാം തീയതി വരെ ശ്രീകാന്ത് നായിഡുവിന്റെ വീട്ടിൽ ജോലിചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പ്രിയയുടെ ഐഫോൺ കാണാതായത്. തുടർന്ന് ശ്രീകാന്താണ് ഫോൺ മോഷ്ടിച്ചതെന്ന് സംശയിച്ച് ഓഗസ്റ്റ് 27-ന് ഇയാളെ വീട്ടിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തു. താൻ ഫോൺ എടുത്തിട്ടില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു യുവാവിന്റെ മറുപടി. അന്ന് ശ്രീകാന്തിനെ പറഞ്ഞുവിട്ടെങ്കിലും പിറ്റേദിവസം വീണ്ടും വീട്ടിലേക്ക് വിളിപ്പിച്ചു. തുടർന്നാണ് പ്രിയയും സംഘവും മണിക്കൂറുകളോളം യുവാവിനെ തടഞ്ഞുവെച്ച് ചോദ്യംചെയ്യുകയും മർദിക്കുകയും ചെയ്തത്.
വടി കൊണ്ടും കമ്പി കൊണ്ടും യുവാവിനെ തറയിലിരുത്തി ക്രൂരമായി മർദിച്ചു. ഉപദ്രവിക്കരുതെന്ന് കാലിൽവീണ് പറഞ്ഞിട്ടും ആരും ചെവികൊണ്ടില്ല. മർദനത്തിനൊടുവിൽ ശ്രീകാന്തിന്റെ തല മുണ്ഡനം ചെയ്താണ് പറഞ്ഞുവിട്ടത്. മർദിച്ചവിവരം പുറത്തുപറയരുതെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ യുവാവ് പൊലീസിൽ പരാതി നൽകിയതോടെ സംഭവം പുറംലോകമറിഞ്ഞു. യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഉടൻതന്നെ തുടർനടപടികളിലേക്ക് നീങ്ങി.
ഓഗസ്റ്റ് 28നായിരുന്നു ശ്രീകാന്തിനെതിരായ അതിക്രമം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസിൽ പരാതിപ്പെട്ട ശ്രീകാന്തിന്റെ കുടുംബത്തെ വീഡിയോ കോളിലൂടെ നുതാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഐഎഎസ് ഉദ്യോഗസ്ഥാനാണെന്ന് അവകാശപ്പെട്ട് ഡോക്ടറെ വിളിച്ചതാണ് നുതാനെ കുരുക്കിലാക്കിയത്. ട്രൂ കോളറിൽ തന്റെ പേര് അഡീഷണൽ സെക്രട്ടറി എന്ന് നുതാൻ സെറ്റ് ചെയ്തിരുന്നതായും പൊലീസ് വിശദമാക്കുന്നു.
മറുനാടന് ഡെസ്ക്