പുറം ലോകവുമായി ബന്ധമൊന്നുമില്ലാത്ത 100 ദിവസം ജീവിക്കുക എന്നതാണ് ബിഗ്ബോസിലെ ഏറ്റവും വലിയ കടമ്പ. ഇടയ്ക്ക് ടാസ്‌കുകൾ ലഭിക്കുമെങ്കിലും സമയം ചെലവിടാൻ മറ്റുള്ളവരോട് സംസാരമല്ലാതെ വേറെ മാർഗ്ഗമൊന്നും ബിഗ്ബോസ് അംഗങ്ങൾക്ക് ഇല്ല. അതേസമയം ഇന്നലെ അംഗങ്ങളുടെ വളരെ നാളായുള്ള ആഗ്രഹം ബിഗ്ബോസ് സാധിച്ച് കൊടുത്തതോടെ വീട്ടിൽ ആഹ്ളാദം തിരതല്ലി.

സിനിമ കാണണം എന്നതായിരുന്നു ബിഗ്ബോസ് അംഗങ്ങളുടെ വളരെ നാളായുള്ള ആഗ്രഹം. അതാണ് ഇന്നലെ ബിഗ്ബോസ് സാക്ഷാത്കരിച്ച് നൽകിയത്. മോഹൻലാലിന്റെ തന്നെ സൂപ്പർഹിറ്റ് സിനിമ മണിച്ചിത്രത്താഴ് കാണുന്നതിനുള്ള അവസരം നൽകിയാണ് മത്സരാർത്ഥികളെ ബിഗ്‌ബോസ് ഞെട്ടിച്ചത്.

അംഗങ്ങൾ സിനിമ കാണാൻ പോകുന്നത് പോലെ തയ്യാറായി ആക്ടിവിറ്റി ഏരിയയിലേക്ക് പോകണമെന്ന് ബിഗ്‌ബോസ് നിർദ്ദേശം നൽകുകയായിരുന്നു. സിനിമ കാണുന്നതിനിടയിൽ കഴിക്കുന്നതിനുള്ള ഭക്ഷണ സാധനങ്ങൾ സ്റ്റോർ റൂമിൽ ഉണ്ടെന്നും അറിയിച്ചു. ഇത് കേട്ട ബിഗ്‌ബോസ് അംഗങ്ങൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. രാത്രിയോടെ സ്റ്റോർ റൂമിലെ സൈറൺ കേട്ടതനുസരിച്ച് സ്റ്റോറുമിൽ നിന്നും സമോസയും പോപ്പ്‌കോണും എടുത്ത് തയ്യാറായ ശേഷമാണ് അംഗങ്ങൾ ആക്ടിവിറ്റി ഏരിയയിലേക്ക് പോയത്.

ആക്ടിവിറ്റി ഏരിയയിൽ സിനിമ കാണുന്നതിനുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിരുന്നു. ഡിവിഡി പ്ലേയറിലിട്ടാണ് സിനിമ കാണിച്ചത്. സിനിമ അവസാനിച്ച ശേഷം ബിഗ്‌ബോസ്സിന് നന്ദി പറഞ്ഞാണ് മത്സരാർത്ഥികൾ ആക്ടിവിറ്റി ഏരിയയിൽ നിന്നും പുറത്തു കടന്നത്. ഇതിനു ശേഷം അർച്ചനയും പേളിയും സിനിമയിലെ രംഗങ്ങൾ അഭിനയിച്ച് സിനിമ കണ്ട സന്തോഷം പ്രകടിപ്പിച്ചു. വളരെ നാളുകളായുള്ള ബിഗ്‌ബോസ് അംഗങ്ങളുടെ ആവശ്യമായിരുന്നു സിനിമ കാണണം എന്നത്. ദിവസേന ഒരു സിനിമയെങ്കിലും കണ്ടു കൊണ്ടിരുന്ന സുരേഷ് ഇത്രയും ദിവസം സിനിമ കാണാതെ വീർപ്പുമുട്ടുകയാണെന്നും അത് പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം പേളി ബിഗ്‌ബോസിനോട് ആവശ്യപ്പെട്ടിരുന്നു. മോഹൻലാലിനോടും അവർ ഇതേ ആവശ്യം പറഞ്ഞിരുന്നു തുടർന്നാണ് ഇന്നലെ സിനിമ പ്രദർശിപ്പിച്ചത്.