കണ്ണൂർ: താൻ അകപ്പെട്ടത് പോക്സോ കേസിലാണെന്നറിഞ്ഞ 19 കാരനായ ചലച്ചിത്ര നടൻ പൊലീസ് ലോക്കപ്പിൽ കുഴഞ്ഞ് വീണു. ചെറുപുഴ-വയക്കര മഞ്ഞക്കാട്ടെ പി.എം. അഖലിഷ് മോൻ എന്ന വൈശാഖാണ് പൊലീസുകാരെ പരിഭ്രാന്തരാക്കി ലോക്കപ്പിൽ കുഴഞ്ഞ് വീണത്. 17 കാരിയായ പെൺകുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ട്രെയിൻ യാത്രക്കിടയിലും തൃശ്ശൂരിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചുവെന്ന കേസിലാണ് അഖിലേഷ് അറസ്റ്റിലായത്.

ലോക്കപ്പിൽ പാർപ്പിച്ച അഖിലേഷിനെ അറസ്റ്റ് ചെയ്ത വാർത്ത പത്രത്തിൽ വന്ന വിവരം പൊലീസ് കാട്ടിയതോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് അഖിലേഷ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ പൊലീസുകാർ അഖലേഷിനെ പയ്യന്നൂർ ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടു പോയി പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനക്കു ശേഷം പൂർവ്വ സ്ഥിതിയിലെത്തിയതോടെയാണ് അഖിലേഷിനെ തിരിച്ച് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. താൻ ഈ കേസിൽ നിരപരാധിയാണെന്ന് അഖലേഷ് പൊലീസിനോട് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു.

പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെ തൃശ്ശൂർ സ്വദേശിയായ
മറ്റൊരാൾ കൂടി പെൺകുട്ടിയെ ഉപദ്രവിച്ചതായ ചില സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. മറ്റു ചില കുട്ടികളും അഖിലേഷിനൊപ്പം തൃശ്ശൂരിലേക്ക് പോയിരുന്നു. എന്നാൽ അവരാരും പരാതി നൽകിയിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടത്തി വരികയാണ്. അഖിലേഷിനെ പൊലീസ് കോടതിയിൽ ഹാജരാക്കുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലായിരുന്നു പെൺകുട്ടിയേയും കൂട്ടി അഖിലേഷ് തൃശ്ശൂരിലേക്ക് പോയത്. ചന്ദ്രഗിരി ഉൾപ്പെടെ നാല് ചലച്ചിത്രങ്ങളിൽ അഖിലേഷ് അഭിനയിച്ചിട്ടുണ്ട്.