ലണ്ടൻ: കാൽപന്തുകളിയുടെ ആരാധക ലോകം കാത്തിരുന്ന സോക്കർയുദ്ധം ഇന്ന് വെംബ്ലി മൈതാനത്ത്. ലയണൽ മെസ്സി നയിക്കുന്ന കോപ അമേരിക്ക ചാമ്പ്യന്മാരും ജോർജിയോ ചെല്ലിനിയുടെ യൂറോ ജേതാക്കളും തമ്മിൽ ഇന്ന് ഏറ്റുമുട്ടും. അർജന്റീനയും ഇറ്റലിയും തമ്മിലുള്ള ഫൈനൽസിമ സൂപ്പർ പോരാട്ടം വെംബ്ലി മൈതാനത്ത് രാത്രി 12.15ന് തുടക്കമാകും. നീണ്ട ഇടവേളക്കു ശേഷം ആദ്യമായാണ് ഫുട്ബാളിലെ തമ്പുരാന്മാരുടെ പോരാട്ടത്തിന് വേദിയുണരുന്നത്.

ബസീലിനെ വീഴ്‌ത്തിയാണ് അർജന്റീന കോപ്പ അമേരിക്കയിൽ കിരീടം ചൂടിയതെങ്കിൽ ഇംഗ്ലണ്ടിന് കണ്ണീർ സമ്മാനിച്ചാണ് അസൂറികൾ യൂറോകപ്പിൽ മുത്തമിട്ടത്. ലോകകപ്പിന് യോഗ്യത നേടാനാകാത്ത ദുഃഖം മാറ്റാൻ ഇറ്റലിക്ക് ജയിച്ചേ തീരൂ. മെസ്സിയുടെ പേരിൽ ഒരു കിരീടം കൂടി ചേർക്കാൻ അർജന്റീന. അപരാജിതരായി 31 മത്സരങ്ങൾ പൂർത്തിയാക്കിയാണ് ലിയോണൽ സ്‌കലോണിയും സംഘവും റോബർട്ടോ മാഞ്ചീനിയുടെ ഇറ്റലിയെ നേരിടാനിറങ്ങുന്നത്. നായകൻ ലയണൽ മെസ്സിക്കൊപ്പം ഏഞ്ചൽ ഡി മരിയ, ലൗറ്ററോ മാർട്ടിനസ് എന്നിവരാകും അർജന്റീനയുടെ മുന്നേറ്റത്തിൽ.

ഡിപോൾ,റോഡ്രിഗസ്,ലോ സെൽസോ എന്നിവരും ആദ്യ പതിനൊന്നിൽ ഇടം കണ്ടേക്കും. നിക്കോളാസ് ഓട്ടമെന്റി, ക്രിസ്റ്റ്യൻ റൊമേറോ, അക്യൂന, മൊളീന എന്നിവർ ഇറ്റാലിയൻ ആക്രമണത്തെ എത്രത്തോളം പ്രതിരോധിക്കുമെന്നതിനെ അനുസരിച്ചിരിക്കും അർജന്റീനയുടെ സാധ്യത. പൗളോ ഡിബാല, ഏഞ്ചൽ കൊറേയ, ജൂലിയൻ അൽവാരസ് എന്നീ പകരക്കാരുടെ സംഘവും അർജന്റീനയ്ക്ക് കരുത്താകും. ഗോൾ വലകാക്കാൻ പതിവുപോലെ എമിലിയാനോ മാർട്ടിനസ് തന്നെയെത്തും.

യൂറോയിലെ മിന്നും രങ്ങളില്ലാതെയാകും ഇറ്റലിയിറങ്ങുക. പരിക്കേറ്റ ഡൊമിനികോ ബെറാർഡി കളിക്കില്ല. സിറോ ഇമ്മൊബൈൽ, ഫെഡറിക്കോ കിയേസ, റാഫേൽ ടോളോ എന്നിവരൊന്നും മാഞ്ചീനിയുടെ സംഘത്തിലില്ല. ജോർജീഞ്ഞോ, മാർക്കോ വെറാറ്റി, ലോറെൻസോ ഇൻസീന്യ, ബെരേല എന്നിവർ ആദ്യ പതിനൊന്നിൽ സ്ഥാനമുറപ്പാക്കും. ഇറ്റാലിയൻ സംഘത്തിൽ 12 താരങ്ങളാണ് അരങ്ങേറ്റം കാത്തിരിക്കുന്നത്. ജോർജിയോ കില്ലെനിയുടെ അവസാന അന്താരാഷ്ട്ര മത്സരം കൂടിയാണ് വെംബ്ലിയിൽ.

1985ന് ശേഷം ആദ്യമായാണ് യുവേഫയും കോൺമെബോളും തമ്മിലുള്ള സൂപ്പർകപ്പ് പോരാട്ടമെന്നതും ശ്രദ്ധേയം. 1985ൽ നടന്ന വൻകരപോരിൽ യുറുഗ്വോയും ഫ്രാൻസുമാണ് ഏറ്റുമുട്ടിയത്. അന്ന് ഫ്രാൻസ് 2-0ന് ജയിച്ചിരുന്നു. നിലച്ചുപോയ ആവേശപ്പോര് ഫിഫ അംഗീകാരത്തോടെ വീണ്ടും തുടങ്ങാൻ 2021ലാണ് യൂറോപ്യൻ- ലാറ്റിൻ അമേരിക്കൻ ഫുട്ബോൾ ഫെഡറേഷനുകൾ ധാരണയിലെത്തുന്നത്. ഇരു ചാമ്പ്യന്മാരും മുഖാമുഖം വരുന്നതിനു പുറമെ മറ്റു പരിപാടികളും തുടർച്ചയായി സംഘടിപ്പിക്കും. ജേതാക്കൾക്ക് കോൺമെബോൽ- യുവേഫ കപ്പ് ഓഫ് ചാമ്പ്യൻസ് അഥവാ അർടെമിയോ ഫ്രാഞ്ചി ട്രോഫി സമ്മാനിക്കും.

നാലു വർഷത്തിലൊരിക്കലാകും സൂപ്പർ അങ്കം. ഇരു വൻകരകളും തമ്മിലെ സൗഹൃദം രൂഢമാക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ കളി വരുംകാലങ്ങളിൽ കൂടുതൽ ആവേശം സമ്മാനിക്കുമെന്നുറപ്പ്. കാൽപന്തിലെ ഇതിഹാസമായിട്ടും ലയണൽ മെസ്സിക്ക് കോപ അമേരിക്കയിൽ അകന്നുനിന്ന കിരീടം അവസാനമായി ലഭിക്കുന്നത് കഴിഞ്ഞ വർഷമാണ്. വെംബ്ലിയിൽ ഇറ്റലിയെ കീഴടക്കാനായാൽ ഇരട്ടി മധുരമാകും. കരിയറിലെ രണ്ടാം രാജ്യാന്തര കിരീടവും.

സ്പാനിഷ് ക്ലബായ അത്‌ലറ്റിക് ബിൽബാവോയുടെ മൈതാനത്ത് പരിശീലനം പൂർത്തിയാക്കിയ ലാറ്റിൻ അമേരിക്കൻ ടീം തിങ്കളാഴ്ച ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയിട്ടുണ്ട്. യൂറോപ്യൻ ടീമുകൾക്കെതിരെ അർജന്റീനക്ക് അത്ര മികച്ച റെക്കോഡുകളില്ലെങ്കിലും ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇത്തവണ ഇറങ്ങുകയെന്നത് ആനുകൂല്യമാകും. 90 മിനിറ്റാകും മത്സരം. അതുകഴിഞ്ഞും സമനിലയിലായാൽ പെനാൽറ്റിയിൽ വിധി നിർണയിക്കും.