തിരുവനന്തപുരം: ലോക്ഡൗൺ ഇളവിൽ സർക്കാർ ഉത്തരവ് നിലനിൽക്കെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സ്വന്തമായി ഉത്തരവ് പുറത്തിറക്കി അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ്. അസോസിയേഷൻ പ്രസിഡന്റ് കെ വി സുബ്രഹ്‌മണ്യൻ പുറത്തിറക്കിയ വിവാദ ഉത്തരവിൽ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളും റീജിയണൽ ഓഫീസുകളും സോണൽ ഓഫീസുകളും ആഴ്ചയിൽ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കാമെന്ന് വ്യക്തമാക്കുന്നു.

കേരളത്തിന് പുറത്തുള്ള ബ്രാഞ്ചുകളെ സഹായിക്കാൻ സംസ്ഥാനത്ത് ലോക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചയും ഓഫീസുകൾ തുറക്കാമെന്നും നിർദ്ദേശത്തിൽ പറയുന്നു. മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻകോർപ്പ്, മണപ്പുറം,കൊശമറ്റം, കെഎൽഎം, എന്നിവയടക്കം സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന അസോസിയേഷനാണ് വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

കോവിഡ് ഇളവുകൾ നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാങ്കുകൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും തിങ്കൾ, ബുധൻ വെള്ളി ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അതേ സമയം 17,19,22 തീയതികളിൽ നെഗോഷബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം ബാങ്കുകൾക്ക് അവധിയായിരിക്കുമെന്നും പറയുന്നു. അതായത് ഈ ദിവസങ്ങൾ വരുന്നത് ഇളവുകൾ നൽകിയിരിക്കുന്ന ദിനങ്ങളിലാണെങ്കിലും പ്രവർത്തിക്കാൻ പാടില്ല എന്നാണ് നിർദ്ദേശം.

കോവിഡ് വ്യാപനം തടയാൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് ഇളവുകൾ നൽകി സർക്കാർ പുറത്തിറക്കിയ ഉത്തരവിന് പുല്ലുവില നൽകിയാണ് ബ്ലഡ് കമ്പനികളുടെ അസോസിയേഷൻ മറ്റൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ സർക്കാർ ഇത്തരം നിയമമ ലംഘനത്തിൽ മൗനം പാലിക്കുകയാണ്.

സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾക്ക് വിരുദ്ധമായാണ് ഇവിടുത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് കമ്പനികളും മറ്റൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അവർ പറയുന്നത് സർക്കാരിന്റെ നിബന്ധനകൾ ഒന്നും തങ്ങൾക്ക് ബാധകമല്ല. സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് തങ്ങൾ സ്വയം തീരുമാനം എടുക്കും എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.

സ്വയം സർക്കാരാകുകയാണ് ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങൾ. വിവാദമായ ഈ ഉത്തരവിന്റെ പേരിൽ അസോസിയേഷൻ ഭാരവാഹികൾക്ക് എതിരെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ അസോസിയേഷനിലെ ഭാരവാഹികൾക്ക് എതിരെയും കേസെടുക്കാം എന്നിരിക്കെ സർക്കാർ തിരിഞ്ഞു നോക്കുന്നില്ല.

അത്യാവശ്യത്തിന് ഒരു സാധനം വാങ്ങാൻ പുറത്തിറങ്ങിയാൽ അനുമതി വാങ്ങിയില്ലെന്ന പേരിൽ വേണമെങ്കിൽ കേസെടുക്കും. അത്യാവശ്യത്തിന് വഴിയിൽ ഇറങ്ങേണ്ടി വരുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളെ പെറ്റിയടിക്കുന്ന ഈ സർക്കാർ ഈ ബ്ലേഡ് കമ്പനികളെ വെറുതെ വിടുകയാണ്. ഇവർക്ക് സർക്കാരുമായി ഗൂഢമായ ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകുന്നു എന്നതിനാൽ നിലനിൽക്കുന്ന നിയമങ്ങളെ ബോധപൂർവം ലംഘിക്കുകയാണ്. സർക്കാരിനെ നിയന്ത്രിക്കാൻ കെൽപ്പുള്ളവരാണ് ഇത്തരം സ്വകാര്യ സ്ഥാപന ഉടമകൾ എന്ന് വ്യക്തമാണ്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിക്കുമ്പോൾ കാണിക്കേണ്ട ജാഗ്രതയോ, നിയന്ത്രണങ്ങൾ ലംഘിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികൾ പാലിക്കപ്പെടുകയോ ചെയ്യാത്തത് സർക്കാറിന് ഇത്തരം സാഹചര്യങ്ങൾ വേണ്ട രീതിയിൽ നടപ്പാക്കാൻ കഴിയുന്നില്ല എന്നതിന്റെ തെളിവാണ്.

ഇതിന് മറ്റൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ നൂറുകണക്കിന് പേർ പങ്കെടുത്ത ചടങ്ങ് പൊലീസിന് തടയാൻ കഴിയാതെ പോയതും. മാസ്‌ക് ധരിക്കാതെ പോലും പ്രവർത്തകരാണ് യോഗത്തിൽ പങ്കെടുത്തത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ കോവിഡ് വീണ്ടും വ്യാപിക്കും. ഇത്തരം നിയമ ലംഘനങ്ങൾ തടയാൻ തയ്യാറായില്ല എന്നതാണ് ഭരണകൂടത്തിന്റെ വീഴ്ച. പെട്ടന്ന് ഇളവുകൾ പ്രഖ്യാപിക്കുന്നു. വേണ്ടത്ര ജാഗ്രത പാലിക്കാൻ സാധിക്കുന്നില്ല എന്നതാണ് സർക്കാരിന്റെ വീഴ്ച. അശാസ്ത്രീയമായ രീതിയിലാണ് ലോക്ഡൗൺ നടപ്പാക്കിയതും ഇപ്പോൾ ഇളവുകൾ നടപ്പാക്കുന്നതും.

ഭരണകൂടവുമായും അധികൃതരുമായും സ്വാധീനവും ബന്ധവും പുലർത്തുന്നവർ ലോക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുല്ലുവില പോലും കൽപ്പിക്കാതെ തെരുവിൽ ഇറങ്ങുമ്പോൾ, ദൈനംദിന ജീവിതത്തിനായി ജോലി തേടി പുറത്തിറങ്ങേണ്ടി വരുന്നവർ പിഴ ചുമത്തപ്പെടുന്നു എന്നതാണ് അനുഭവം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് സ്വന്തമായി ഉത്തരവ് പുറത്തിറക്കിയ അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് പോലുള്ള സംവിധാനങ്ങൾ.