മെൽബൺ: രാജ്യത്ത് തങ്ങുന്ന അഭയാർഥികൾക്ക് സ്വന്തം ഇഷ്ടപ്രകാരം നാട്ടിലേക്ക് മടങ്ങാൻ 10,000 ഡോളർ വരെ സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ അഭയാർഥികളെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്ന പദ്ധതി പത്തു വർഷമായി നിലവിൽ ഉള്ളതാണെന്നും സഹായത്തിനുള്ള തുകയിൽ വന്ന മാറ്റമാണ് പുതുതായിട്ടുള്ളതെന്നും ഇമിഗ്രേഷൻ മിനിസ്റ്റർ സ്‌കോട്ട് മോറിസന്റെ ഓഫീസ് അറിയിപ്പിൽ പറയുന്നു.

എന്നാൽ എല്ലാ അഭയാർഥികൾക്കും ഇതേ തുക ബാധകമായിരിക്കില്ലെന്നും ഓരോ കേസുകൾക്കും ഇതു വ്യത്യസ്തമായിരിക്കുമെന്നാണ് പ്രസ്താവനയിൽ പറയുന്നത്. മാനൂസ് ഐലന്റിലും നോറുവിലും ഉള്ള ലെബനീസ് അഭയാർഥികൾക്കാണ് സ്വന്തം ഇഷ്ടപ്രകാരം സ്വദേശത്തേക്ക് മടങ്ങാൻ 10,000 ഡോളർ സഹായമായി ലഭിച്ചിരിക്കുന്നത്. അതേസമയം ഇറാനികൾക്ക് 7000 ഡോളറും അഫ്ഗാൻകാർക്ക് 4000 ഡോളറുമാണ് സഹായമായി നൽകിയിരിക്കുന്നത്.

കഴിഞ്ഞ സെപ്റ്റംബർ മുതൽ രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ഓപ്പറേഷൻ സൊവറേൻ ബോർഡേഴ്‌സ് പദ്ധതി പ്രകാരം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയ അഭയാർഥികളുടെ എണ്ണം 283 ആയിട്ടുണ്ടെന്നാണ് ഇമിഗ്രേഷൻ മിനിസ്റ്ററുടെ വക്താവ് അറിയിക്കുന്നത്. ഓരോ കേസിലും വ്യത്യസ്ത സഹായമാണ് ചെയ്തുകൊടുക്കുന്നത്. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനുമായി ചേർന്നാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്.

പത്തുവർഷമായി രാജ്യത്ത് നിലനിൽക്കുന്ന പോളിസിയാണെന്നും ധനസഹായത്തിൽ വന്നിരിക്കുന്ന മാറ്റമാണ് എടുത്തുപറയത്തക്കതെന്നുമാണ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മേയ് വരെ ലേബർ സർക്കാരിന്റെ കാലത്ത് അഭയാർഥികൾക്ക് നൽകിവരാറുള്ള ധനസഹായം 1500 ഡോളർ മുതൽ 2000 ഡോളർ വരെയായിരുന്നു.

അതേസമയം അഭയാർഥികൾക്കുള്ള പ്രൊട്ടക്ഷൻ വിസാ ക്യാപ് ഏർപ്പെടുത്തുന്നത് തടയുന്നതിനെതിരേ ഹൈക്കോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് അഭയാർഥികൾക്കുള്ള ധനസഹായം ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്. ഈ സാമ്പത്തിക വർഷം അനുവദിക്കുന്ന പ്രൊട്ടക്ഷൻ വിസാകളുടെ എണ്ണം 2273 ആയി ചുരുക്കുകയായിരുന്നു ഇമിഗ്രേഷൻ മന്ത്രി.

എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ ഇഷ്യൂ ചെയ്യാവുന്ന വിസാകളുടെ എണ്ണം ചുരുക്കാനുള്ള അധികാരം മന്ത്രിക്കില്ലെന്നു കാട്ടിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് തടഞ്ഞത്. പ്രൊട്ടക്ഷനായി അഭയാർഥികളിൽ നിന്നു ലഭിച്ചിരിക്കുന്ന വിസകൾ വീണ്ടും പരിഗണിക്കാൻ മന്ത്രിയോട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.