- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന റോഡുകളുടെ വശങ്ങളിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്താൽ പിഴ ഉറപ്പ്; നിയമലംഘകർക്ക് 500 ദിർഹം പിഴ ചുമത്താൻ അബുദബി
അബൂദബി: പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും നിയമവിരുദ്ധമായി വാഹനം പാർക്കുചെയ്യുന്നതുമൂലം അപകടം ഉണ്ടാക്കുമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. ട്രക്ക്, ബസ് ഡ്രൈവർമാരാണ് റോഡിന്റെ ഇരുവശത്തും പ്രാർത്ഥന നടത്തുന്നതിന് വാഹനങ്ങൾ നിരനിരയായി പാർക്കുചെയ്ത് നിയമം ലംഘിക്കുന്നതായി കാണുന്നത്. ഇത് സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഭീഷണിയാണ്.
പ്രാർത്ഥനാ സമയങ്ങളിലും മറ്റും റോഡരികിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തു പോയാൽ 500 ദിർഹം പിഴ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചത്്.
ആരാധാനാലയങ്ങളോടനുബന്ധിച്ചുള്ള പാർക്കിങ് മേഖലകളിലാണ് വാഹനം പാർക്ക് ചെയ്യേണ്ടത്.ഹവി വാഹനങ്ങൾ, ട്രക്കുകൾ, ബസുകൾ എന്നിവയുടെ ഡ്രൈവർമാർ റോഡ് സുരക്ഷ നിയമങ്ങൾ കർശനമായി പാലിക്കാൻ കമ്പനി ഉടമകളും പ്രത്യേകശ്രദ്ധ ചെലുത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
റോഡുകളിൽ നിയമവിരുദ്ധമായി വാഹനം നിർത്തരുത്. വാഹനങ്ങൾ പാർക്കുചെയ്യാൻ അടയാളപ്പെടുത്തിയിട്ടുള്ള പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ വാഹനം നിർത്തിയിടാവൂ. ആചാരപരമായ പ്രവൃത്തികളും പ്രാർത്ഥനകളും നടത്താൻ അടുത്തുള്ള പള്ളികളിലേക്കോ ചാപ്പലുകളിലേക്കോ സുരക്ഷിതമായ സ്ഥലങ്ങളിലേക്കോ പോകണമെന്നും പൊലീസ് നിർദേശിച്ചു.
ഫെഡറൽ ട്രാഫിക് നിയമം 62പ്രകാരം കവലകളിലും റോഡിലെ വളവുകളിലും വാഹനങ്ങൾ നിർത്തുന്നത് നിരോധിച്ചിട്ടുണ്ട്. ഈ നിയമലംഘനത്തിന് 500 ദിർഹമാണ് പിഴ. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 70 പ്രകാരം ട്രാഫിക് അടയാളങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെയും 500 ദിർഹം പിഴയീടാക്കുമെന്ന് അബൂദബി ട്രാഫിക് പൊലീസ് അറിയിച്ചു.