റിയാദ്: നാട്ടിലേതു പോലെ കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ചാൽ 300 റിയാൽ വരെ പിഴയടയ്‌ക്കേണ്ടി വന്നേക്കാം. കുട്ടികളെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് കനത്ത ഗതാഗത നിയമലംഘനമാണെന്ന മുന്നറിയിപ്പുമായി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തി. കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിച്ച കുറ്റത്തിന് ഒരു തവണയിൽ കൂടുതൽ പ്രാവശ്യം പിടിക്കപ്പെട്ടാൽ ഇവരെ ട്രാഫിക് കോടതിയിൽ കൊണ്ടുപോകുമെന്നും പിഴ ശിക്ഷയ്ക്കു പുറമേ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും വക്താവ് കേണൽ താരിഖ് അൽ റബ്ബയൻ വ്യക്തമാക്കി.

മാത്രമല്ല, പത്തു വയസിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും മുൻസീറ്റിൽ ഇരുത്തി യാത്ര ചെയ്യിക്കുകയുമരുത്. കൂടാതെ വിവിധ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ശിക്ഷയിലും മാറ്റം വരുത്തി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. അനധികൃതമായി കാർ നമ്പർ പ്ലേറ്റുകൾ ഉപയോഗിച്ചാൽ മൂവായിരം റിയാലും റെഡ് ലൈറ്റ് മറികടന്നാൽ മൂവായിരം മുതൽ ആറായിരം വരെ റിയാലും മറ്റൊരാൾക്ക് വെഹിക്കിൾ രജിസ്‌ട്രേഷൻ കാർഡ് നൽകിയാൽ കുറഞ്ഞത് ആയിരം റിയാലും ആണ് പിഴയായി ഈടാക്കുക. ഗാരന്റിയായി ഡ്രൈവിങ് ലൈസൻസ് നൽകിയാൽ കുറഞ്ഞ പിഴ ആയിരം റിയാലും കൂടിയ പിഴ രണ്ടായിരം റിയാലും ആക്കിയിട്ടുണ്ട്. അപകടസ്ഥലത്തു നിന്ന് അധികൃതരെ അറിയിക്കാതെ പോയാൽ മൂന്നു മാസം ജയിൽ ശിക്ഷയോ പതിനായിരം റിയാൽ പിഴയോ അതുമല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ചോ ലഭിച്ചെന്നിരിക്കും.