കോഴിക്കോട്: ശബരിമല വിശ്വാസ സംരക്ഷണവുമായ് ബന്ധപ്പെട്ടുള്ള സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കുകയാണെന്ന സർക്കാർ വാക്ക് പാഴായി. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ഉത്തരമേഖലാ എഡിജിപി ഓഫിസിലേക്ക് മാർച്ച് നടത്തിയതിന്റെ പേരിൽ കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖിന് 5,700 രൂപ പിഴയും കോടതി പിരിയും വരെ നില്പ് ശിക്ഷയും വിധിച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആർ ഷഹിനും ഇതേ രീതിയിൽ പിഴയും ശിക്ഷയും അനുഭവിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലാണ് ശിക്ഷ വിധിച്ചത്.

കീഴടങ്ങാനെത്തിയ സിദ്ദിഖിനെ ഉൾപ്പെടെ ശിക്ഷിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ശബരിമല സമരകാലത്തെ കേസ് പിൻവലിക്കുമെന്ന സർക്കാർ അവകാശവാദം നിലനിൽക്കെയാണിത്. 2019 ജനുവരി രണ്ടിനാണ് ശബരിമലയിൽ വിശ്വാസ സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദിഖിന്റെ നേതൃത്വത്തിൽ മാർച്ച് നടന്നത്.

കേസിൽ പതിനാല് പ്രതികളാണ് ഉള്ളത്. ശിക്ഷിക്കപ്പെട്ടാലും വിശ്വാസ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുമെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. ശബരിമല കേസിൽ വിശ്വാസികളെ കബളിപ്പിക്കാനുള്ള പിണറായി വിജയൻ സർക്കാറിന്റെ ഇരട്ടത്താപ്പാണ് പ്രോസിക്യൂഷൻ വാദത്തിൽ തെളിഞ്ഞതെന്നും സിദ്ദിഖ് പ്രതികരിച്ചു.