ദോഹ: വിദേശികൾ രാജ്യത്ത് പ്രവേശിക്കുന്ന ഉടൻ തന്നെ അവരുടെ വിരലടയാളം രേഖപ്പെടുത്താനുള്ള സംവിധാനം പ്രാബല്യത്തിൽ വരുത്താൻ ഒരുങ്ങുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നിലവിൽ വിദേശികൾ രാജ്യത്ത് എത്തിക്കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് അവരുടെ വിരലടയാളം രേഖപ്പെടുത്തുക. വിരലടയാളം രേഖപ്പെടുത്തുന്നതായി വിദേശികൾ വിവിധ സർക്കാർ സർവീസ് സെന്റുകൾ സന്ദർശിക്കുകയും വേണം.

ഇതിനു പകരമായി വിദേശികൾ രാജ്യത്ത് എത്തുന്ന ഉടൻ തന്നെ അവരുടെ വിരലടയാളം ശേഖരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് ഡയറക്ടർ ഓഫ് ക്രിമിനൽ എവിഡൻസ് ആൻഡ് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ബ്രിഗേഡിയർ നാസർ അബ്ദുള്ള അൽ മഹമ്മൂദ് വെളിപ്പെടുത്തി. ഇതിന്റെ പരീക്ഷണ ഘട്ടം നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിരലടയാളം രേഖപ്പെടുത്താനുള്ള സ്‌കാനർ മെഷീനുകൾ ഉടൻ തന്നെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലും രാജ്യത്തെ മറ്റു എൻട്രി, എക്‌സിറ്റ് പോയിന്റുകളിലും സ്ഥാപിക്കും.

വിദേശികളുടെ വിരലടയാളം രേഖപ്പെടുത്തുക വഴി രാജ്യത്ത് ക്രിമിനലുകൾ പ്രവേശിക്കുന്നത് തടയാൻ സാധിക്കുമെന്നും കോടതി കേസുകൾ നേരിടുന്നവർക്ക് രാജ്യത്ത് പ്രവേശനം നിഷേധിക്കാൻ സാധിക്കുമെന്നും വക്താവ് ചൂണ്ടിക്കാട്ടി. ഇതിനായി സ്ഥാപിക്കുന്ന ഉപകരണം നിലവിൽ ലഭ്യമായതിൽ വച്ചേറ്റം സാങ്കേതിമേന്മ ഉള്ളതാണെന്നും പറയപ്പെടുന്നു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിദേശികൾ തങ്ങളുടെ മെഡിക്കൽ കമ്മീഷൻ ചെക്കപ്പിനു മുമ്പു തന്നെ ഫിംഗർ പ്രിന്റ് രജിസ്‌ട്രേഷൻ നടത്തിയിരിക്കണം. അടുത്തകാലത്തായി ഖത്തർ ഒട്ടേറെ പ്രധാന അന്താരാഷ്ട്ര പരിപാടികൾക്ക് വേദിയാകുന്നതിന്റെ പശ്ചാത്തലത്തിലാണ് വിദേശികളുടെ ഫിംഗർ പ്രിന്റ് അവർ രാജ്യത്ത് എത്തുമ്പോൾ തന്നെ ശേഖരിക്കാൻ ഒരുങ്ങുന്നത്.