കൈവിരലിലെ ഞരമ്പുകൊണ്ട് പണമെടുക്കാവുന്ന 'ഫിങ്കർ വെയ്ൻ ടെക്‌നോളജി'യെന്ന പുത്തൻ സാങ്കേതിക വിദ്യ ഖത്തറിൽ നടപ്പിലാക്കുന്നു. ഈ അതിനൂതന സാങ്കേതിക വിദ്യ നടപ്പിലാക്കുന്നതിനുള്ള അനുമതി ഖത്തർ സെൻട്രൽ ബാങ്ക് നൽകുന്നതിന് അനുസരിച്ചായിരിക്കും പദ്ധതി പ്രാബല്യത്തിൽ വരിക. പദ്ധതി നടപ്പിലാക്കിയാൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഖത്തറിലേയും പശ്ചിമേഷ്യയിലേയും ആദ്യ ബാങ്കെന്ന ബഹുമതിയും ഖത്തർ സെൻട്രൽ ബാങ്കിന് ലഭിക്കും. കൈവിരലിലെ ഞരമ്പുകളുടെ ക്രമം അനുസരിച്ചായിരിക്കും എടിഎം മെഷീൻ വ്യക്തികളെ തിരിച്ചറിയുന്നതും പണമിടപാടിനുള്ള നടപടി ക്രമങ്ങൾ സ്വീകരിക്കുന്നതും.

എടിഎം കാർഡുകൾ കൊണ്ടുനടക്കേണ്ട എന്നതും പിൻ നമ്പർ സൂക്ഷിച്ചു വയ്ക്കണ്ടേ ആവശ്യമില്ലായെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പണമിടപാടുകൾ നടത്തുന്നതിനായി ആദ്യം എടിഎം മെഷീനുകളിലെ പ്രത്യേക ഫിങ്കർ റെക്കഗ്‌നീഷ്യനിൽ കൈവിരൽ വച്ച് അമർത്തുകയാണ് വേണ്ടത്. ഇങ്ങനെ അമർത്തുമ്പോൾ കൈവിരലിലെ ഞരമ്പുകളുടെ ക്രമം മെഷീൻ തിരിച്ചറിയും. ഓരോ വ്യക്തികളിലും ഞരമ്പുകളുടെ നിര വ്യത്യസ്തമായിരിക്കും.

പണം പിൻവലിക്കേണ്ട സമയത്ത് ഉപഭോക്താവ് നേരിട്ടെത്തിയെങ്കിൽ മാത്രമെ ഇടപാട് സാധ്യമാകൂ. ഞരമ്പുകളുടെ നിര വ്യാജമായി നിർമ്മിക്കാനോ, മറ്റു തട്ടിപ്പുകൾ നടക്കില്ലെന്നതും ഈ പദ്ധതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നു. ഇന്റർനെറ്റ് ബാങ്കിങിൽ ഇവ ഉപയോഗിക്കുന്നയാളുടെ സ്‌കാനർ സംവിധാനവും ബാങ്കിലെ തിരിച്ചറിയൽ രേഖയുമായി ബന്ധപ്പെടുത്തിയുള്ള രീതിയായിരിക്കും ഉപയോഗിക്കുക.

ബാങ്കിന്റെ വി.ഐ.പികളും വ്യവസായികളുമായ ഉപഭോക്താക്കളുടെ ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. 'ഫിങ്കർ വെയ്ൻ ടെക്‌നോളജി'ക്കായുള്ള രജിസ്‌ട്രേഷൻ ബാങ്ക് സൗജന്യമായി നടത്തുകയും ചെയ്യും.