മദാൻ പ്രാർത്ഥന കഴിഞ്ഞ് ഫിൻസ്ബുറിയിലെ മുസ്ലിം പള്ളിയിൽ നിന്നും പുറത്തിറങ്ങിയ വിശ്വാസികളുടെ സംഘത്തിന് നേരെ വാൻ ഇടിച്ച് കയറ്റി ആക്രമണം നടത്തിയ കാർഡിഫുകാരൻ ഡാരെൻ ഒസ്ബോണിനെ ജനക്കൂട്ടം ഇടിച്ച് തള്ളിയിടുകയും തുടർന്ന് തല്ലിക്കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ട്. എന്നാൽ ഫിൻസ്ബുറി പാർക്ക് ഇമാമായ മുഹമ്മദ് മഹ്മൂദ് സമയോചിതമായി ഇടപെട്ടതിനാലാണ് ഇയാളെ തല്ലിക്കൊല്ലുന്നത് ഒഴിവാക്കപ്പെട്ടതെന്നാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. അതായത് രോഷാകുലരായ ജനക്കൂട്ടം പിടികൂടി തല്ലിക്കൊല്ലും മുമ്പ് ഈ ആക്രമണകാരിയ സംരക്ഷിച്ചത് ഇമാമായിരുന്നു. ഇത്തരത്തിലുള്ള ഒരു തല്ലിക്കൊല ഒഴിവായതിലൂടെ മറ്റൊരു ദുരന്തം വഴിമാറാനാണ് കാരമായിരിക്കുന്നത്.

ആക്രമണത്തിന് ശേഷം വാനിൽ നിന്നിറങ്ങി മുസ്ലീങ്ങൾക്കെതിരെ കൊലവിളി നടത്തിയ ഡാരെനെ വിശ്വാസികൾ അടിച്ച് കൊല്ലാനൊരുങ്ങിയിരുന്നുവെന്ന് ഇമാം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവാനുഗ്രഹത്താൽ ഈ വെള്ളക്കാരന് ചുറ്റും താനും മറ്റ് ചിലരും വലയം സൃഷ്ടിക്കുകയും അയാളെ മരണത്തിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കുകയായിരുന്നുവെന്നും ഇമാം മുഹമ്മദ് പറയുന്നു. ഇയാൾക്ക് നേരെയുള്ള എല്ലാ അധിക്ഷേപങ്ങളെയും ആക്രമണങ്ങളെയയും തങ്ങൾ തടഞ്ഞ് നിർത്തുകയായിരുന്നുവെന്നും ഇമാം പറയുന്നു.

തുടർന്ന് അധികം വൈകാതെ പൊലീസ് കാറെത്തുകയും ആക്രമിയെ അവർക്ക് കൈമാറുകയുമായിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഡാരെനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരുകയുമാണ്. ഇയാളെ ക്രൂരമായി മർദിക്കുന്നതിന് ദൈവം എതിരാണെന്ന് താൻ ജനക്കൂട്ടത്തെ ഉദ്ബോധിപ്പിച്ചിരുന്നുവെന്നും ഇമാം പറയുന്നു. ഇയാളെ രക്ഷിക്കാൻ തനിക്കൊപ്പം സമാധാന കാംക്ഷികളായ ഒരു പറ്റം പേരുണ്ടായിരുന്നുവെന്നാണ് മുഹമ്മദ് വെളിപ്പെടുത്തുന്നത്. വാൻ ഇടിച്ച് കയറ്റിയ സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യം തങ്ങൾ അന്വേഷിച്ച് വരുകയാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ വാൻ 90 ഡിഗ്രി ആംഗിളിൽ തിരിഞ്ഞ് സെവൻ സിസ്റ്റേർസ് റോഡിലേക്ക് കയറി തങ്ങൾക്ക് നേരെ കുതിച്ച് വരുകയായിരുന്നുവെന്നാണ് ഇമാം വെളിപ്പെടുത്തുന്നത്. ഇയാളെ അടിച്ച് കൊല്ലരുതെന്നും മറിച്ച് പൊലീസിന് കൈമാറുകയാണ് ചെയ്യേണ്ടതെന്ന് ഇമാം വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വെളിപ്പെടുത്തുന്നത്. പൊലീസ് എത്തുന്നതിന് മുമ്പ് ആക്രമിക്ക് അപകടമൊന്നുമുണ്ടാകാതെ സംരക്ഷിച്ച സംഘത്തെ സ്‌കോട്ട് ലൻഡ് യാർഡ് പ്രശംസിച്ചിട്ടുമുണ്ട്. ആക്രമണത്തെ തുടർന്നും ഇവിടെ സമാധാനം കാത്ത് സൂക്ഷിക്കാൻ സാധിക്കുന്നുവെന്നാണ് ഇമാം പറയുന്നത്.