ണ്ടനിലെ ഫിൻസ്ബുറി പാർക്ക് മോസ്‌കിൽ നിന്നും റമദാൻ പ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറങ്ങിയ മുസ്ലീങ്ങൾക്ക് നേരെ കാറിടിച്ച് കയറ്റി ഒരാളെ കൊല്ലുകയും പത്ത് പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്ത ആക്രമി മുസ്ലിം വിരോധവുമായി ജീവിക്കുന്ന കാർഡിഫ് സ്വദേശിയായ ഡാരെൻ ഒസ്ബോൺ എന്ന 47കാരനാണെന്ന് വ്യക്തമായി. ഒരു കുട്ടിയുടെ പിതാവായ ഡാരെൻ സിംഗപ്പൂരിൽ ജനിച്ചയാളും സോമർസെറ്റിലെ വെസ്റ്റൻ-സൂപ്പർ-മാറിൽ വളർന്നയാളുമാണ്. നിലവിൽ അയാൾ കാർഡിഫിലാണ് വസിക്കുന്നത്. ആക്രമണത്തിന് ശേഷം വാഹനത്തിൽ നിന്നും പുറത്തിറങ്ങുകയും എല്ലാ മുസ്ലീങ്ങളെയും കൊല്ലുമെന്ന് കൊലവിളി നടത്തുകയും ചെയ്ത ഡാരെനെ ഇമാം അടക്കമുള്ള മുസ്ലിം ജനക്കൂട്ടം ഇടിച്ച് നിലത്തിടുകയായിരുന്നു. ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് വരുന്നത് വരെ ജനം അയാളെ തടഞ്ഞ് നിർത്തുകയായിരുന്നു.

ഡാരെനെക്കുറിച്ച് എംഐ5നോ പൊലീസിനെ ഇതിന് മുമ്പ് അറിവൊന്നുമുണ്ടായിരുന്നില്ല. ഇയാൾ ആക്രമ്തതിനുപയോഗിച്ച് വാൻ സൗത്ത് വെയിൽസിൽ നിന്നാണ് വാടകയ്ക്കെടുത്തിരുന്നതെന്നും ഇതിന് ദിവസവാടക 80 പൗണ്ടാണെന്നും വ്യക്തമായിട്ടുണ്ട്. തലനാരിഴക്കാണ് ഇത് ഒരു കൂട്ടക്കൊലയിൽ കലാശിക്കാതിരുന്നതെന്നാണ് കഴിഞ്ഞ രാത്രി ഡാരെന്റെ അമ്മ ക്രിസ്റ്റിനെ ഒസ്ബോൺ ഈ ആക്രമണത്തെ അപലപിച്ച് കൊണ്ട് പ്രതികരിച്ചിരിക്കുന്നത്. തന്റെ സഹോദരൻ ചെയ്ത പാതകത്തിന് മാപ്പ് ചോദിച്ച് ഡാരെന്റെ സഹോദരിയും രംഗത്തെത്തിയിരുന്നു.

ആക്രമണത്തിന് മുമ്പ് രാത്രിയിൽ ഡാരെൻ നന്നായി മദ്യപിച്ചിരുന്നുവെന്ന് വെളിപ്പെടുത്തികാർഡിഫിലെ പെന്റിവൈനിലുള്ള ഹോളിബുഷിലെ ലോക്കൽ പബിലുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.മദ്യപിച്ച് പുറത്തിറങ്ങുമ്പോൾ അയാൾ മുസ്ലീങ്ങളെ പഴിക്കുന്നുണ്ടായിരുന്നുവെന്നും അവരെ ആക്രമിക്കുമെന്ന സൂചന നൽകിയിരുന്നുവെന്നും പബിലുണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തുന്നു. തന്റെ അഭിപ്രായത്തിനെതിരെ മുന്നോട്ട് വരുന്നവർക്കെതിരെ ഡാരെൻ എപ്പോഴും ശബ്ദമുയർത്താറുണ്ടായിരുന്നുവെന്നും പബിൽ സ്ഥിരമായി വരുന്ന മറ്റൊരാൾ വെളിപ്പെടുത്തുന്നു. തൊഴിലില്ലാത്ത ഒരു മെക്കാനിക്കാണ് ഡാരെൻ.

വളരെ ഉത്തരവാദിത്വമുള്ള കുടുംബനാഥനും പിതാവുമാണ് ഡാരെനെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു. വെള്ളിയാഴ്ച പോലും കുട്ടിയെ ഇയാൾ സ്‌കൂളിലേക്ക് കൊണ്ടു പോകുന്നത് കണ്ടവരുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇയാളുടെ അമ്മയും മറ്റ് ബന്ധുക്കളും വെസ്റ്റൺ-സൂപ്പർ-മാറെയിലാണ് ഇപ്പോഴുമുള്ളത്. തനിക്ക് മുസ്ലീങ്ങളുമായി പ്രശ്നമൊന്നുമില്ലെന്നാണ് ഡാരെൻ പറയുന്നത്. തനിക്ക് തീവ്രവലത് പക്ഷ ഗ്രൂപ്പുകളുമായി ബന്ധമൊന്നുമില്ലെന്നും താനൊരു വംശീയവാദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാൽ ഡാരെൻ ഈ വീക്കെൻഡിൽ തന്റെ മകനെ വംശീയപരമായി അധിക്ഷേപിച്ചിരുന്നു വെന്നാണ് ഇയാളുടെ അയൽവാസിയായ മുസ്ലിം ഖദിജ് ഷെറാസി പ്രതികരിച്ചിരിക്കുന്നത്. ഇയാൾക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ടെന്നും എളുപ്പം ദേഷ്യപിടിക്കുന്ന ആളുമാണെന്നും ഇത് മൂലം നിരവധി കൈയാങ്കളികളിൽ ഇതിന് മുമ്പും ഡാരെൻ ഏർപ്പെട്ടിരുന്നുവെന്നും ചില സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. അമിതമായി മദ്യപിക്കുന്ന ഇയാൾ പ്രശ്നക്കാരനാണെന്നും ചിലർ ആരോപിക്കുന്നു.