ദിലീപിനു പിന്നാലെ നടൻ ഫഹദ് ഫാസിലും അമലാപോളും പൊലീസ് കേസിൽ കുരുങ്ങി. നികുതി വെട്ടിക്കുന്നതിന് വേണ്ടി ആഡംബര കാർ വാങ്ങി പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിനാണ് ക്രൈം ബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്. പോണ്ടിച്ചേരിയിലുള്ള വ്യാജ വിലാസത്തിലാണ് അമലയുടേയും ഫഹദിന്റെയും കാറുകൾ രജിസ്റ്റർ ചെയ്തിരുന്നത്. വാഹനം വിൽപ്പന നടത്തിയ എറണാകുളത്തെ ഷോറൂമിനെതിരെയും കേസ് എടുത്തു.

നോട്ടീസ് നൽകിയിട്ടും മറുപടി നൽകാത്തതിനെ തുടർന്നാണ് അമലയ്ക്കെതിരെ കേസ്. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് അമല ഉപയോഗിക്കുന്നത്. ഇത് വ്യാജ വിലാസമാണെന്ന് കണ്ടെത്തി. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ 20 ലക്ഷം രൂപയാണ് നികുതി വെട്ടിപ്പ് നടത്തിയത്. മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ കാറുകൾ രജിസ്റ്റർ ചെയ്ത വിലാസങ്ങൾ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഫഹദിനെ അറിയുക പോലുമില്ലെന്ന് കാർ രജിസ്റ്റർ ചെയ്തിരിക്കുന്ന വിലാസത്തിലെ വീട്ടുടമയായ സ്ത്രീ പറഞ്ഞിരുന്നു. ഇതും ഫഹദിന് വിനയാകും.

പോംണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ സംബന്ധിച്ച കേസിൽ അമലാ പോളിന് വിശദീകരണം നൽകാൻ പൊലീസ് നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് ഫഹദ് ഫാസിലും പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചതായി കണ്ടെത്തിയത്. ഇതര സംസ്ഥാനത്തിൽ നിന്നുള്ള കാർ കേരളത്തിലോടിച്ചാൽ ഒരു വർഷത്തിനുള്ളിൽ ഉടമയുടെ പേരിലേക്ക് മാറ്റി 20 ശതമാനം നികുതി അടയ്ക്കണമെന്നാണ് ചട്ടം.

സംഭവം വിവാദമായതിനെ തുടർന്ന് ഫഹദ് ഫാസിൽ കഴിഞ്ഞ ദിവസം തന്റെ കാർ കേരളത്തിലേക്ക് മാറ്റി രജിസ്റ്റർ ചെയ്തിരുന്നു. 17.68 ലക്ഷം രൂപ ആലപ്പുഴ ആർടി ഓഫീസിൽ നികുതിയടച്ചാണ് 70 ലക്ഷം രൂപ വിലവരുന്ന മേഴ്‌സി ഡസ് ഈ ക്ലാസ് ബെൻസ് ആലപ്പുഴയിലേക്ക് മാറ്റി രജിസ്റ്റർ ചെയ്ത് ഫഹദ് വിവാദത്തിൽ നിന്നും തലയൂരാൻ ശ്രമിച്ചെങ്കിലും ക്രൈംബ്രാഞ്ചിന്റെ പിടി വീഴുകയായിരുന്നു. വ്യാജ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ സംഭവം പുറത്തായതിനെ തുടർന്ന് നടൻ ഫഹദ് ഫാസിലിന്റെ കാറുകളുടെ നമ്പർപ്ലേറ്റ് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ വാഹന ഉടമകൾക്ക് നോട്ടീസ് നൽകാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് ഫഹദിന്റെ ഉൾപ്പെടെയുള്ള കാറുകളുടെ നമ്പർപ്ലേറ്റുകൾ മാറ്റിയ നിലയിൽ കണ്ടെത്തിയത്.

തെന്നിന്ത്യൻ താരം അമലാപോളും നടനും എംപിയുമായി സുരേഷ് ഗോപിയും ഇത്തരത്തിൽ നികുതി വെട്ടിപ്പു നടത്തിയതായും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പുതുച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. പത്തു വർഷത്തിനിടെ കേരളത്തിൽ വിൽപന നടത്തിയ ഏഴായിരത്തിലേറെ കാറുകൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതി വെട്ടിച്ചെന്നാണു നിഗമനം.

ഒരു കോടി രൂപ വിലയുള്ള കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യാൻ 20 ലക്ഷം രൂപ നികുതി വരുമ്പോൾ പുതുച്ചേരിയിൽ ഒരു ലക്ഷം മതി. ഡീലർമാരുടെ ജീവനക്കാരാണു പുതുച്ചേരിയിലെ ഇടനിലക്കാരെ ബന്ധപ്പെടുത്തിക്കൊടുക്കുന്നത്. ഇടനിലക്കാർ രേഖകൾ തരപ്പെടുത്തും. നേരത്തേ 25,000 രൂപയായിരുന്നു കമ്മീഷൻ. ഏജന്റുമാരുടെ എണ്ണം കൂടിയതോടെ 10,000 രൂപ നൽകിയാൽ മതി.

പുതുച്ചേരിയിൽ തനിക്കു ഫ്ലാറ്റ് ഉണ്ടെന്നാണു സുരേഷ് ഗോപി പറഞ്ഞത്. ഉദ്യോഗസ്ഥർ ചെന്നപ്പോൾ അതു പൂട്ടിയനിലയിലായിരുന്നു. പുതുച്ചേരി പൊലീസിലെ സർക്കിൾ ഇൻസ്പെക്ടറായിരുന്നു അടുത്ത വീട്ടിലെ താമസക്കാരൻ. സുരേഷ് ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.