ന്യൂഡൽഹി: ഇന്ത്യൻ ഏകദിന ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ ഭാര്യ സാക്ഷി ധോനിയ്‌ക്കെതിരെ കോടികളുടെ തട്ടിപ്പു കേസ്. ഡെന്നിസ് അറോറ എന്നയാളുടെ പരാതിയിൽ പൊലീസ് ഐപിസി 420 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ കേസിൽ അടിസ്ഥാനമില്ലെന്നാണ് ധോണിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

സാക്ഷി ഡയറക്ടറായ റിതി എംഎസ്ഡി അലമോഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് എതിരെയാണ് കേസ്. കമ്പനി വാങ്ങിച്ച ഷെയറുകൾക്ക് പണം നൽകിയില്ലെന്ന പേരിലാണ് കേസ്. കമ്പനിയുടെ മറ്റു ഡയറക്ടർമാരായ അരുൺ പാണ്ഡെ, ശുഭാവതി പാണ്ഡെ, പ്രതിമ പാണ്ഡെ എന്നിവരും കേസിൽ പ്രതികളാണ്.

ജിംഫിറ്റ്‌നസ് സെന്റർ എന്നിവയുടെ ശൃംഖലയായ സ്പോർട്സ്ഫിറ്റ് വേൾഡ് എന്ന കമ്പനിയുടെ ഷെയറുകൾ റിതി സ്പോർട്സ് വാങ്ങിയിരുന്നു. എന്നാൽ ഇതിന് നൽകാമെന്നു പറഞ്ഞ പണം പൂർണമായും റിതി സ്പോർട്സ് നൽകിയില്ലെന്നാണ് ഡെന്നിസ് അറോറ നൽകിയിരിക്കുന്ന പരാതി. സ്പോർട്സ്ഫിറ്റ് വേൾഡ് സഹ ഡയറക്ടറാണ് ഡെന്നിസ്.

11 കോടി രൂപയ്ക്കാണ് ഓഹരികൾ വിറ്റതെന്നും എന്നാൽ 2.25 കോടി മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും പരാതിയിൽ പറയുന്നു. പണം നൽകേണ്ട അവസാന തീയതി മാർച്ച് 31ന് അവസാനിച്ചിരുന്നുവെന്നും ഇതിനുശേഷവും പണം ലഭിക്കാത്തതിനെ തുടർന്നാണ് പരാതി നൽകുന്നതെന്നും ഡെന്നിസ് പറയുന്നു. വാങ്ങിയ ഓഹരികൾക്ക് വേണ്ടതിലധികം പണം തങ്ങൾ നൽകിക്കഴിഞ്ഞെന്നാണ് റിതി ഡയറക്ടർമാരിൽ ഒരാളായ അരുൺ പാണ്ഡെ പറയുന്നത്. സാക്ഷി ധോണി ഒരു വർഷം മുമ്പ് കമ്പനി വിട്ടുവെന്നും പാണ്ഡെ പറയുന്നു.