ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ ഭാര്യക്കെതിരെ ബാംഗ്ലൂർ പൊലീസ് കേസെടുത്തു. കൊച്ചടിയാൻ സിനിമയുമായി ബന്ധപ്പെട്ടാണ് ലതാ രജനീകാന്തിനെതിരെ കേസെടുത്തിരിക്കുന്നത്. ലതാ രജനീകാന്ത് വ്യാജരേഖ ചമച്ചെന്നും വഞ്ചിച്ചു എന്നുമുള്ള കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബംഗലൂരു മെട്രോപൊളിറ്റൻ കോടതിയുടെ നിർദ്ദേശ പ്രകാരം ബംഗലൂരു പൊലീസാണ് ലതയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

രജനീകാന്ത് അഭിനയിച്ച കൊച്ചടൈയാൻ എന്ന സിനിമയുടെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ആഡ് ബ്യൂറോ എന്ന കമ്പനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിതരണാവകാശം നൽകാമെന്ന വ്യവസ്ഥ പ്രകാരം ചിത്രത്തിന്രെ പോസ്റ്റ് പ്രൊഡക്ഷൻ ചെലവുകൾ വഹിച്ചത് തങ്ങളാണെന്നും എന്നാൽ ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണം മറ്റൊരു കന്പനിക്ക് ഗ്യാരന്ററായ ലത മറിച്ചുവിൽക്കുകയായിരുന്നുവെന്നാണ് ഹർജിക്കാരുടെ ആരോപണം.

10കോടി രൂപ മുതൽമുടക്കിയെന്നും പിന്നീട് അവസാനം ഇവർ കൊച്ചടൈയാന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം ഇറോസ് ഇന്റർനാഷ്ണലിന് നൽകുകയായിരുന്നെന്നും പരാതിക്കാർ പറയുന്നു.