ചെന്നൈ: സിനിമാ വിമർശനം നടത്തുമ്പോൾ, പ്രത്യേകിച്ച് സൂപ്പർ താരങ്ങളുടെ സിനിമകളുടെ വിമർശനം നടത്തുമ്പോൾ ആരാധകർ കടന്നലുകളെ പോലെ ആക്രമിക്കുന്നത് പുതിയ കാര്യമല്ല. എന്നാൽ, ദി ന്യൂസ് മിനിറ്റിന്റെ എഡിറ്റർ ഇൻ ചീഫ് ധന്യ രാജേന്ദ്രനുണ്ടായ ദുരനുഭവം ഒന്നുവേറെ തന്നെ. ധന്യയ്‌ക്കെതിരെ ട്വിറ്ററിലൂടെ അസഭ്യ വർഷം നടത്തുകയും, ഭീഷണി മുഴക്കുകയും ചെയ്തവർക്ക് നേരേ ചെന്നൈ പൊലീസ് എഫ്ആർ ഇട്ട് കേസെടുത്തിരിക്കുകയാണ്.

വിജയ് ചിത്രം സുറയെ കുറിച്ച് മോശം അഭിപ്രായം ട്വിറ്ററിൽ എഴുതിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ-അനുഷ്‌കാ ശർമ്മ ചിത്രമായ ജബ്ബ് ഹാരി മെറ്റ് സേജൽ എന്ന ചിത്രത്തിന്റെ റിവ്യൂവിലാണ് ധന്യ രാജേന്ദ്രൻ സുറയെ വിമർശിച്ചത്.

''വിജയ് ചിത്രം 'സുറ' ഇടവേള വരെ മാത്രമാണ് ഞാൻ കണ്ടത്. അതു കഴിഞ്ഞപ്പോൾ ഞാൻ തിയേറ്റർ വിട്ടുപോയി. എന്നാൽ ജബ് ഹാരി മെറ്റ് സേജൾ ആ റെക്കോർഡ് തകർത്തു. ഇന്റർവെൽവരെ പോലും എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല''. ഇതായിരുന്നു ധന്യ രാജേന്ദ്രൻ ട്വിറ്ററിൽ എഴുതിയത്.പിന്നാലെ വിജയ് ആരാധകർ ട്വിറ്ററിൽ ധന്യയെ കടന്നാക്രമിക്കുകയായിരുന്നു.

ട്രോളുകളും, അശ്ലീല സന്ദേശങ്ങളും പെരുമഴ പോലെ വന്നു. ഓഗസ്റ്റ് നാലിനാണ് ധന്യ ട്വീറ്റ് ചെയ്തത്. എന്നാൽ ട്വീറ്റ് ചെയ്ത് 48 മണിക്കൂറുകൾക്കുശേഷവും വിജയ് ആരാധകർ ധന്യയ്ക്കെതിരായ അസഭ്യ വർഷം നിർത്തിയിട്ടില്ല.

.#PublicityBeepDhanya എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ മോശം സന്ദേശങ്ങൾ പ്രചരിക്കുന്നത് 30,000 ലധികം ട്വീറ്റുകളാണ് ഈ ഹാഷ്ടാഗിൽ പ്രചരിച്ചത്. ഈ ഹാഷ്ടാഗ് രൂപീകരിക്കുകയും അത് പ്രചരിക്കാൻ തുടങ്ങുന്നതിന് മുൻപായി ധന്യയ്ക്ക് ഭീഷണിസന്ദേശവും ലഭിച്ചു.

അതിനിടെ ധന്യയെ പിന്തുണച്ച് ഗായിക ചിന്മയി രംഗത്തെത്തി. ആരാധകരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന ഇത്തരം പ്രവൃത്തികളെ നടന്മാർ വിലക്കണമെന്ന് ചിന്മയി ആവശ്യപ്പെട്ടു.

തന്റെ റിപ്പോർട്ടുകളെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഏവർുണ്ടെങ്കിലും, അത് ലൈംഗികച്ചുവയുള്ള ഭീഷണികൾക്കും, മാനസിക പീഡനകൾക്കും വളം വച്ച് കൊടുക്കുന്നതാകരുതെന്ന് ധന്യ പറയുന്നു.അങ്ങനെ ചെയ്താൽ വെട്ടുകിളികളെ പോലെയുള്ള അജ്ഞാതരായ ആൾക്കൂട്ട ആക്രമണത്തെ പ്രോൽസാഹിപ്പിക്കലാകുമെന്നും അവർ ട്വീറ്റിൽ വിലയിരുത്തി.