തിരുവനന്തപുരം: കേരളം ഇന്നുണർന്നത് രണ്ട് വലിയ തീപിടിത്ത വാർത്തകൾ കേട്ട്. രണ്ടിടത്തും ആളപായം ഒഴിവായത് ആശ്വാസവുമായി. മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം ആണുണ്ടാത്. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തവും ദുരന്തമായി മാറാത്തത് ഭാഗ്യം കൊണ്ടാണ്.

എടയാർ ബോഡി ഗിയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന പാവനിർമ്മാണ കമ്പനിയിലാണ് തീ പിടിച്ചത്. ഇന്ന് രാവിലെ മൂന്ന് മണിയോടെയായിരുന്നു തീപിടിത്തം. പാവ നിർമ്മാണക്കമ്പനിയിലെ രണ്ടു കോടിയോളം രൂപയുടെ സാമഗ്രികൾ കത്തിനശിച്ചു. അഗ്‌നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടൽമൂലം തീ പടരുന്നത് തടയാനായി. വ്യവസായമേഖലയിൽ ഉണ്ടാകുമായിരുന്ന വലിയ അപകടം അങ്ങനെ ഒഴിവായി. എന്നാൽ മലബാറിൽ ദുരന്തം കൈവിട്ട് പോയിരുന്നുവെങ്കിൽ അത് ദീർത്തും ദുഃഖവാർത്തയായി മാറുമായിരുന്നു.

രാവിലെ 7.45 ഓടുകൂടിയാണ് സംഭവം . മലബാർ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. അഗ്‌നിശമന സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം അരമണിക്കൂർ കൊണ്ട് പൂർത്തിയാക്കാനുമായി. പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപ്പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

യാത്രക്കാരെ തീവണ്ടിയിൽ നിന്ന് പുറത്തേക്കിറക്കി. ആർക്കും പരിക്കുകളില്ല. തീപ്പിടിച്ച ബോഗി തീവണ്ടിയിൽ നിന്ന് വേർപ്പെടുത്തിയതും അതിവേഗമാണ്. അതുകൊണ്ട് യാത്രക്കാരുടെ മറ്റ് വസ്തുക്കൾക്കും കുഴപ്പമുണ്ടായില്ല. എന്നാൽ പാഴ്‌സൽ ബോഗി പൂർ്ണ്ണമായും കത്തിയമർന്നു. എടയാറിലെ തീ പിടിത്ത വാർത്ത മലയാളി കേട്ടുണർന്നതിന് തൊട്ടു പിന്നാലെയാണ് മലബാർ തീവണ്ടിയിലെ ദൃശ്യങ്ങൾ പുറത്തെത്തിയത്. രാവിലെ ഏഴരയോടെയാണ് തീ കണ്ടത്.

എടയാർ ബോഡി ഗിയർ ഇന്റർനാഷണൽ ലിമിറ്റഡ് എന്ന പാവനിർമ്മാണ കമ്പനിയിലാണ് തീ പിടിച്ചത്. തുണികൊണ്ടുള്ള വലിയ തരം പാവകൾ നിർമ്മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനമാണിത്. രാത്രി പ്രവർത്തനമില്ലാത്ത കമ്പനിയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കമ്പനിയുടെ അകത്തുനിന്നും തീയുയർന്നതോടെയാണ് സെക്യൂരിറ്റിക്കാർ ശ്രദ്ധിച്ചത്. അപ്പോഴേക്കും പിൻഭാഗത്തുള്ള കെട്ടിടത്തിനകത്ത് തീ പടർന്നുകഴിഞ്ഞിരുന്നു. ഉടൻതന്നെ അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.

വ്യവസായ മേഖലയിലെ കയറ്റിറക്ക് തൊഴിലാളികളും നാട്ടുകാരും ഓടിയെത്തി കമ്പനിക്കകത്തു നിന്ന് തീ പടരാനിടയുള്ള സാമഗ്രികൾ മാറ്റാൻ തുടങ്ങി. ഏലൂരിൽനിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റിനെക്കൊണ്ടു മാത്രം തീ നിയന്ത്രിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ആലുവ, തൃക്കാക്കര, പറവൂർ, ഗാന്ധിനഗർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽനിന്നും കൂടുതൽ യൂണിറ്റുകളെ വിളിച്ചു വരുത്തി. അങ്ങന തീ അണച്ചു. 25 ഫയർ എഞ്ചിനുകളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

ഡീസൽ നിറച്ചിരുന്ന ജനറേറ്ററിലേക്ക് തീപടർന്നാൽ പൊട്ടിത്തെറിയുണ്ടായി വലിയ അപകടത്തിനു കാരണമാകുമായിരുന്നു. അതിനാൽ ആ ഭാഗത്തേക്ക് തീ പടരാതെ അഗ്‌നി രക്ഷാസേന ആദ്യമേ ശ്രദ്ധിച്ചു. തുണികൊണ്ട് ഇവിടെയുണ്ടാക്കുന്ന പാവയിൽ നിറയ്ക്കുന്നത് പെട്രോളിയം ഉപോത്പന്നമായ പോളിഫിൽ ഫൈബറാണ്. ഇത് വൻതോതിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. അതാണ് പെട്ടെന്നു തീ ആളിപ്പടരാൻ കാരണമായത്. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിലാണ് തീ അണച്ചത്.

പാവയുണ്ടാക്കാനുള്ള നൈലോണും രണ്ട് കെട്ടിടങ്ങളിലായി സൂക്ഷിച്ചിരുന്നു. അത് പൂർണമായും കത്തിനശിച്ചു. തയ്യൽ മെഷീനുകൾ ഉൾെപ്പടെ യന്ത്രസാമഗ്രികളുള്ള കെട്ടിടത്തിലേക്ക് തീ പടർന്നില്ല. മാലിന്യം കത്തിച്ചതിൽനിന്ന് തീ പടർന്നതോ ഷോർട്ട് സർക്യൂട്ടോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ബിനാനിപുരം എസ്‌ഐ. പറഞ്ഞു.