ലണ്ടൻ: ഗ്രെൻഫെൽ ടവറിന് തീപിടിത്തമുണ്ടായപ്പോൾ ടവറിന്റെ 24ാം നിലയുടെ മുകളിൽ നിന്നും രണ്ടു കുരുന്നു കുഞ്ഞുങ്ങൾക്കൊപ്പം ഫേസ്‌ബുക്കിൽ ലൈവ് സംപ്രേഷണം ചെയ്ത സുഡാൻ കാരിയായ റാണിയ ഇബ്രാഹിമിനെയു മക്കളെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ട്.മക്കൾക്കും തനിക്കും രക്ഷപ്പെടാനാവില്ലെന്ന നിരാശയിലും ദുഃഖത്തിലും കഴിയുമ്പോഴാണ് റാണിയ ഇവിടെ നിന്നും അപകടത്തിന്റെ ലൈവ് ദൃശ്യങ്ങൾ ഫേസ്‌ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നത്. ഈ വീഡിയോയിൽ സഹായത്തിനായുള്ള ആളുകളുടെ കരച്ചിൽ കേൾക്കാം. അതിനിടെ റാണിയ രക്ഷപ്പെടാനുള്ള വഴി തേടി പരിഭ്രമത്തോടെ ഓടി നടക്കുകയും ചെയ്തിരുന്നു. അപകടത്തിൽ പെട്ട് രക്ഷപ്പെടില്ല എന്നുറപ്പാക്കിയ അനേകം പേർ ഇഷ്ടക്കാർക്ക് അയച്ച മെസേജുകളും സ്‌നാപ്പ് ചാറ്റുകളും കണ്ണീരോർമകളായി ഉയർന്ന് വരുന്നുണ്ട്. ഇത്തരത്തിൽ മരണത്തെ അഭിമുഖം കണ്ടുള്ള നിലവിളികളിൽ തകർന്നിരിക്കുകയാണ് ലണ്ടൻ.

റാണിയയെയും അഞ്ചും മൂന്നും വയസുള്ള കുട്ടികളെയും കുറിച്ചുള്ള വിവരമറിയാൻ തങ്ങൾ ആശങ്കയോടെ കാത്തിരിക്കുകയാണെന്നാണ് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതികരിച്ചിരിക്കുന്നത്. ഇവരുടെ ഫോൺ കട്ടായതിന് ശേഷം മൂവർക്കും എന്ത് സംഭവിച്ചുവെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിവരമറിഞ്ഞ് റാണിയയുടെ സുഹൃത്ത് സുഹൈർ ഷരീഫ് ഇവിടേക്ക് കുതിച്ചെത്തിയിരുന്നു. റാണിയയുടെ ഭർത്താവ് ഈജിപ്തിലാണുള്ളതെന്നും അപകടവാർത്തയറിഞ്ഞ് ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും സുഹൈർ വെളിപ്പെടുത്തുന്നു. വീഡിയോയിൽ റാണിയ എന്റെ ദൈവമേ എന്ന് പറയുന്നത് കേൾക്കാമായിരുന്നുവെന്നും എന്നാൽ മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിലും റാണിയ ഫേസ്‌ബുക്ക് ലൈവിലൂടെ വിവരങ്ങൾ പുറംലോകത്തെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു.

മരിച്ചവരുടെ കൂട്ടത്തിലൊന്നും റാണിയയുടെയും മക്കളുടെയും മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. അതേ സമയം ഇവരെ ജീവനോടെ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുക്കാൻ സാധിച്ചിട്ടുമില്ല. എല്ലാത്തിനും തന്നോട് ക്ഷമിക്കണമെന്നും താൻ പോവുകയാണെന്നും സൂചിപ്പിച്ച് കൊണ്ടുള്ള ഒരു സ്‌നാപ് ചാറ്റ് മെസേജ് റാണിയ പുലർച്ച 2.45ന് ഒരു സുഹൃത്തിന് അയച്ചതായും റിപ്പോർട്ടുണ്ട്. ഇത്തരത്തിൽ കത്തുന്ന ഗ്രെൻഫെൽ ടവറിൽ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട നിരവധി പേർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഹൃദയഭേദകമായ അയച്ച നിരവധി മെസേജുകളും സ്‌നാപ് ചാറ്റുകളും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

 

തങ്ങൾ ഇവിടെ നിന്നും രക്ഷപ്പെടാൻ പോകുന്നില്ലെന്നറിയിച്ച് കൊണ്ട് വെസ്റ്റ് ലണ്ടനിലെ ഒരു പെൺകുട്ടി പുലർച്ചെ ഒരു സുഹൃത്തിന് ഫോൺ വിളിച്ചിരുന്നു. ഈ പെൺകുട്ടിയും അച്ഛനമ്മമാരും അവളുടെ രണ്ട് ഇളയസഹോദരിമാരും തീയിൽ വെന്ത് മരിച്ചിരിക്കാമെന്ന ആശങ്ക ശക്തമാകുന്നുണ്ട്. കത്തിയമർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു പെൺകുട്ടി നോട്ട് ബുക്കിൽ കുത്തിക്കുറിച്ച വേദനാജനകമായ സന്ദേശവും കണ്ടെടുത്തിരുന്നു. താൻ വളരെ സന്തോഷവതിയാണെന്നും തനിക്ക് ഏറെ ആശയങ്ങളും പദ്ധതികളുമുണ്ടെന്നും എന്നാൽ തനിക്കിപ്പോൾ തന്റെ അവസ്ഥ വിശദീകരിക്കാനാവുന്നില്ലെന്നുമാണി പെൺകുട്ടി മരണ സാമീപ്യത്തിന്റെ പരിഭ്രമത്തിൽ കുറിച്ചിട്ടിരിക്കുന്നത്. ഇത്തരത്തിൽ നിരവധി സന്ദേശങ്ങളും ഫോൺ കാളുകളും സ്‌നാപ് ചാറ്റുകളും ഈ കെട്ടിടത്തിൽ അകപ്പെട്ടവർ പുറത്തുള്ളവർക്ക് മരണവെപ്രാളത്തോടെ അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.