അപ്രതീക്ഷിതമായെത്തുന്ന ദുരന്തങ്ങളിൽ തങ്ങൾ അങ്ങേയറ്റം മനുഷ്യത്വവും സഹാനുഭൂതിയും പ്രകടമാക്കുമെന്ന് ഗ്രെൻഫെൽ ടവർ അഗ്‌നിബാധയെ തുടർന്നും ലണ്ടൻകാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരെ സഹായിക്കാനായി ചെരുപ്പും വസ്ത്രങ്ങളും ഭക്ഷണങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളുമായി അനേകർ ദുരന്ത ഭൂമിയിലേക്ക് ഒഴുകി എത്തുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ദുരന്തത്തെ തുടർന്ന് വീടും കുടിയും നഷ്ടമായ അപരിചിതർക്ക് പോലും താമസം ഒരുക്കാൻ ലണ്ടനിലെ മിക്ക വീടുകളും തയ്യാറായിട്ടുമുണ്ട്. ദുരന്തത്തെ തുടർന്ന് ഏതാണ്ട് അറുന്നൂറോളം പേർക്കാണ് രക്ഷയും പുനരധിവാസവും അത്യാവശ്യമായി ഒരുക്കേണ്ടി വന്നിരിക്കുന്നത്. അപകടത്തിൽ പെട്ട ഉറ്റവർക്ക് എന്ത് സംഭവിച്ച് എന്ന് പോലും അറിയാതെ നിലവിളിക്കുന്ന അനേകം ബന്ധുക്കളെ ഇവിടെ കാണാം.

ഗ്രെൻഫെൽ ടവറിൽ താമസിച്ചിരുന്ന കുട്ടികളും പ്രായമായവരുമടക്കമുള്ള അറുന്നൂറോളം പേർക്കാണ് ഒറ്റ രാത്രി കൊണ്ട് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്. 120 വീട്ടുകാരിൽ 44 പേരെ എമർജൻസി അക്കൊമഡേഷനിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് കെൻസിങ്ടൺ ആൻഡ് ചെൽസിയ കൗൺസിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ആവശ്യമായവർക്ക് സഹായം ലഭ്യമാക്കുന്നതിനായി ഹൗസിങ് ഓഫീസർമാർ രാത്രിയിലുടനീളം സജീവമായി രംഗത്തുണ്ടായിരുന്നു. കടുത്ത അഗ്‌നിബാധയുടെ ഫലമായി സമീപത്തെ വീടുകളിലേക്ക് എത്താനാവാത്തവർക്ക് താമസിക്കാനായി വെസ്റ്റ് വേ സ്പോർട്സ് സെന്ററിൽ താൽക്കാലിക താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ മോസ്‌കുകൾ, വീടുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, തുടങ്ങിയവയെല്ലാം ആവശ്യമായവർക്കെല്ലാം താമസസൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നും ബെഡുകൾ, വസ്ത്രങ്ങൾ, ഭക്ഷണം , മറ്റ് അത്യാവശ്യ വസ്തുക്കൾ തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അപരിചിതരായ നിരവധി കരുണാമയർ സഹായവാഗ്ദാനവുമായി അപകടസ്ഥലത്തേക്ക് പ്രവഹിക്കുന്നുണ്ട്. എന്നാൽ ആളുകൾ ഇത്തരത്തിൽ സാധനങ്ങളുമായി എത്തുന്നത് ഒഴിവാക്കണമെന്നും പകരം ധനസഹായം നൽകിയാൽ മതിയെന്നും അതിലൂടെ അനാവശ്യമായ തിരക്ക് പ്രദേശത്തുണ്ടാകുന്നത് ഒഴിവാക്കാമെന്നും അധികൃതർ നിർദേശിക്കുന്നു.

ടവറിൽ താമസിച്ചിരുന്നവർക്ക് വസ്ത്രങ്ങൾ ദാനം ചെയ്യാൻ കഴിയുന്നവർ തയ്യാറാകണമെന്ന് ടോപ് ഗിയർ സ്റ്റാർ ജെറമി ക്ലാർക്ക്‌സൻ ആഹ്വാനം ചെയ്തിട്ടുണ്ട്. തീപിടിത്തം ബാധിച്ചവർക്ക് വെസ്റ്റ്ഫീൽഡിലെ തന്റെ റസ്റ്റോറന്റിൽ നിന്നും സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്ത് സെലിബ്രിറ്റി ഷെഫായ ജാമി ഒലിവറും മുന്നോട്ട് വന്നിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്നും ഒന്നര മൈൽ അകലത്താണീ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ബ്രോഡ്കാസ്റ്ററായ എമ്മ ഫ്ര്യൂഡ് തന്റെ വീട് ആർക്ക് വേണമെങ്കിലും താമസിക്കാമെന്ന വാഗ്ദാനത്തോടെ തുറന്ന് വച്ചിട്ടുണ്ട്. നിരവധി ക്രൗഡ്ഫണ്ടേർസ് ഇവിടുത്തെ ഇരകളെ സഹായിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. ഇതിൽ ഒന്ന് മാത്രം 29,000 പൗണ്ട് ശേഖരിച്ചിട്ടുണ്ട്.

തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, ടോയ്‌ലറ്ററികൾ തുടങ്ങിയവ ദാനം ചെയ്യാൻ സന്നദ്ധരാകുന്നവർക്ക് ഇവയെത്തിക്കാനായി ഇവിടെ മൂന്ന് സപ്പോർട്ട് സെന്ററുകൾ തുറന്നിട്ടുണ്ട്. റഗ്‌ബി പോർട്ടോബെല്ലോ ട്രസ്റ്റ്,സെന്റ് ക്ലെമന്റ്‌സ് ചർച്ച്, ടാബേണാകിൽ ക്രിസ്റ്റിയൻ സെന്റർ തുടങ്ങിയവയും ഡൊണേഷനുകൾ സ്വീകരിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നു. ബ്രിട്ടീഷ് റെഡ്‌ക്രോസിന്റെ വളണ്ടിയർമാർ സേവനസന്നദ്ധരായി ഇവിടെ ഓടി നടക്കുന്നുണ്ട്. എന്തിനുമേതിനും സഹായമേകിക്കൊണ്ട് ഫയർഫൈറ്റർമാരും ആംബുലൻസ് സർവീസും പൊലീസും രംഗത്തുണ്ടെന്നും അപകടസ്ഥലത്തുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.