ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അഗ്‌നിഗോപുരം പോലെ നിന്ന് കത്തിയ ലണ്ടനിലെ ഗ്രൻഫെൽ ടവറെന്ന ഫ്‌ലാറ്റ് സമുച്ചയത്തിനുള്ളിലെ ഭയാനകമായ കാഴ്ചകൾ പുറത്ത് വിടുന്ന ഫൂട്ടേജുകൾ പുറത്ത് വന്നു. നിമിഷനേരം കൊണ്ട് ജീവിത സ്വപ്‌നങ്ങൾ ചാരമാകുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തുന്ന വീഡിയോകളും ഫോട്ടോകളുമാണിവ. അപകടത്തിൽ 58 പേർ മരിച്ചുവെന്ന് സ്ഥിരീകരിക്കാനാണ് പൊലീസ് ഇപ്പോൾ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുണ്ട്. ഫ്‌ലാറ്റുകളിലെ മുറികളിലെയും ഹാളുകളിലെയും കത്തിയമർന്ന അവശിഷ്ടങ്ങൾ അകാലത്തിൽ പൊലിഞ്ഞ് പോയ നിരവധി പേരുടെ ജീവിതസ്വപ്‌നങ്ങളുടെ പ്രതീകമെന്നോണം ഏവരിലും നൊമ്പരം സൃഷ്ടിക്കുകയാണ്.

ഒരു ഫ്‌ലാറ്റിലെ അടുക്കളയിലെ ഉപകരണങ്ങൾ കത്തിയമർന്നതിന്റെയും ബെഡ് മാട്രസുകൾ പാതി കത്തിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ കരളലിയിപ്പിക്കുക തന്നെ ചെയ്യും. 27നിലകളുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് തകർന്ന് കിടക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. മറ്റൊരു ചിത്രത്തിൽ ഒരു ഫയർ ഫൈറ്റർ ഒരു ഫ്‌ലാറ്റിനുള്ളിലെ നാശനഷ്ടങ്ങൾ വിലയിരുത്തി തെരച്ചിൽ നടത്തുന്നത് കാണാം. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണെന്നും ഇനിയും മൃതദേഹങ്ങൾ കണ്ടെത്താനുണ്ടെന്നും മരണം 58 ആകാനാണ് സാധ്യതയെന്നും മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നു.

അപകടം നടക്കുന്ന സമയത്ത് ടവറിൽ സന്ദർശനത്തിനെത്തിയവരെ കുറിച്ച് വിവരങ്ങളുണ്ടെങ്കിൽ വെളിപ്പെടുത്തണമെന്ന് അധികൃതർ ജനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ആരും ഇതുവരെ ഇത്തരം വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിട്ടില്ല. സ്‌പെഷ്യലിസ്റ്റ് പൊലീസ് റിക്കവറി ടീമാണ് ടവറിനുള്ളിലെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെത്താനും അപകടത്തിൽ പെട്ട് ആരെങ്കിലും ജീവനോടെ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടുപിടിക്കാനും തീപിടിത്തത്തിന് കാരണമായ തെളിവുകൾ കണ്ടെത്താനുമാണീ ടീമിനെ നിയോഗിച്ചിരിക്കുന്നത്.

അഗ്‌നിബാധ കാരണമുള്ള കടുത്ത നാശനഷ്ടത്തിനാണ് സ്‌പെഷ്യലിസ്റ്റ് ടീം സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും അത് വിവരണാതീതമാണെന്നുമാണ് കമാൻഡർ സ്റ്റുവർട്ട് കൻഡി വെളിപ്പെടുത്തുന്നത്. അപകടത്തിൽ പെട്ടവരെ തങ്ങളുടെ ടീം രക്ഷിച്ചതും മൃതദേഹങ്ങൾ വീണ്ടെടുത്തതും എത്ര മാത്രം പ്രതികൂലമായ സാഹചര്യത്തോട് മല്ലിട്ടാണെന്ന് ഈ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവിൽ തങ്ങൾ ഫുൾ ഫോറൻസിക് , ചിട്ടയൊപ്പിച്ചുള്ള തെരച്ചിലാണ് ടവറിൽ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആഴ്ചകളോളം നീളുന്ന തെരച്ചിൽ നടത്തിയാലെ ഇവിടുത്തെ ദൗത്യം പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്നും പൊലീസ് പറയുന്നു.

ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധത്തിൽ കത്തിക്കരിഞ്ഞിട്ടുണ്ടെന്നും അവരുടെ ബന്ധുക്കൾ ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ തയ്യാറെടുക്കേണ്ടിയിരിക്കുന്നുവെന്നും കമാൻഡർ സ്റ്റുവർട്ട് കൻഡി മുന്നറിയിപ്പേകുന്നു. കാണാതായെന്ന് റിപ്പോർട്ട് ചെയ്യാത്തവരായവരും ടവറിനുള്ളിലെ അപകടത്തിൽ പെട്ട്മരിച്ചിരിക്കാമെന്ന നിർദ്ദേശവും ഇന്നലെ ഉയർന്ന് വന്നിരുന്നു. അതിനെ തുടർന്നാണ് അപകടം നടന്ന സമയത്ത് ടവർ സന്ദർശിക്കാനെത്തിയവരെക്കുറിച്ച് വിവരമുള്ളവർ അത് വെളിപ്പെടുത്തണമെന്ന് ജനങ്ങളോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അതായത് ടവറിലെ ബന്ധുക്കളെ സന്ദർശിക്കാനും അവർക്കൊപ്പം താമസിക്കാനും പുറത്ത് നിന്നുള്ള ചിലർ വന്നിരിക്കാനും അവരും മരിച്ചിരിക്കാനും സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.