ലണ്ടൻ: യുകെയിൽ ആകമാനം മുസ്ലീങ്ങൾക്കും ഏഷ്യൻ വംശജർക്കും നേരെയുള്ള വംശീയ ആക്രമണങ്ങൾ പതിവാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നു. ഏറ്റവും പുതിയ സംഭവത്തിൽ മാഞ്ചസ്റ്ററിലെ മുസ്ലിം പള്ളി ആക്രമികൾ അഗ്‌നിക്കിരയാക്കിയിരിക്കുകയാണ്. ഇതിന് പുറമെ പലയിടങ്ങളിലും സംഘർഷം പതിവായിരിക്കുകയുമാണ്. ഇന്നലെ രാത്രി 11.40നായിരുന്നു പള്ളിക്ക് ആക്രമികൾ തീവച്ചത്. തുടർന്ന് തീ കെടുത്താനായി 30 ഫയർ ഫൈറ്റർമാർ കുതിച്ചെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് സൂചന. തീപിടിക്കാൻ സാധ്യതയുള്ള വസ്തു പള്ളിയുടെ ജനൽ തുറന്ന് വയ്ക്കുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

പ്രധാനമായും നൈജീരിയൻ സമൂഹക്കാർ ഉപയോഗിക്കുന്ന പള്ളിയാണ് ആക്രമണത്തിനിരയായിരിക്കുന്നത്. ' ഹേറ്റ് ക്രൈം' വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് ഡിറ്റെക്ടീവ് ചീഫ് ഇൻസ്‌പെക്ടറായ പോൾ വാക്കർ പറയുന്നത്. അന്വേഷണത്തോട് മാഞ്ചസ്റ്ററിലെ വിവിധ ഗ്രൂപ്പുകൾ നന്നായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പാർട്ണർ ഏജൻസികളുമായി ചേർന്ന് ഇവിടുത്തെ സമൂഹത്തിന് എല്ലാ വിധത്തിലുമുള്ള പിന്തുണയും സഹായവും നൽകി വരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

ഗ്രേറ്റർ മാഞ്ചസ്റ്റർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസും പൊലീസും ചേർന്ന് സംയുക്ത അന്വേഷണം ഈ തീവയ്ക്കലിനെ കുറിച്ച് ആരംഭിച്ചിട്ടുണ്ട്. പള്ളിയുടെ കെട്ടിടത്തിൽ നിന്നും കടുത്ത തോതിൽ തീ കത്തിപ്പടരുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഇതിന്റെ നൈബർഹുഡിൽ ആശങ്ക വർധിച്ചിരിക്കുന്നു. സാധാരണ വളരെ തിരക്കേറിയ വിശുദ്ധ സ്ഥലമാണിത്. എന്നാൽ ഇപ്പോൾ ഇവിടെ ആളനക്കം തന്നെ കുറവാണ്. പള്ളി പൂർണമായും നശിച്ചിരിക്കുന്നുവെന്നാണ് ഇതിന്റെ ഭരണാധികാരികളിൽ ഒരാൾ വേദനയോടെ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നും തീ സമീപത്തെ വീടുകളിലേക്കും കത്തിപ്പടരാൻ തുടങ്ങുന്നതിന്റെ ഫോട്ടോകൾ പുറത്ത് വന്നിരുന്നു. അഗ്‌നിബാധയുണ്ടാകുമ്പോൾ മോസ്‌കിനകത്ത് ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നുവെന്നാണ് ഒരു വക്താവ് പ്രതികരിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം ഇതു വരെ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഫയർ ഇൻവെസ്റ്റിഗേറ്റർമാർ ഇന്നലെ മുതൽ അന്വഷണം ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ പള്ളിക്ക് നേരെ ഇത്തരത്തിലുള്ള മറ്റ് രണ്ട് ആക്രമണങ്ങൾ കൂടിയുണ്ടായിരുന്നുവെന്നാണ് പള്ളിയുടെ വക്താവായ ഷംസുദ്ധീൻ ഓലാഡിമെജി വെളിപ്പെടുത്തുന്നത്.

ഇതിന് മുമ്പ് പന്നിയുടെ തല മോസ്‌കിനകത്തേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും കെട്ടിടത്തിന് പുറത്ത് ആക്രമികൾ മൂത്രമൊഴിക്കുകയും തെറി വിളിച്ച് പറയുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇന്നലത്തെ അഗ്‌നിബാധയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 0161 856 9770 എന്ന നമ്പറിലോ അല്ലെങ്കിൽ പേര് വെളിപ്പെടുത്താതെ 0800 555 111 എന്ന ക്രൈംസ്റ്റോപ്പേർസ് നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് നിർദേശിക്കുന്നു.