ദൂബായ്: യുഎഇയിലെ പ്രമുഖ ടൂറിസം കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദുബായിലെ മറീന ടോർച്ച് ടവറിൽ ഇന്നലെ അർധരാത്രിയിൽ വൻ അഗ്‌നിബാധയുണ്ടായതായി റിപ്പോർട്ട്. 86 നിലകൾ ഉള്ള അംബരചുംബിയാണിത്. ലോകത്തെ അഞ്ചാമത്തെ വലിയ റെസിഡൻഷ്യൽ ടവറിലുണ്ടായ തീപിടിത്തത്തെ തുടർന്ന് അതിലുള്ള താമസക്കാരെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ടവറിന് അടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കമുള്ള ടവറുകളിലേക്ക് തീ പടരാതിരിക്കാൻ നൂറ് കണക്കിന് അഗ്‌നിസേനാംഗങ്ങളഅ# ജീവൻ കളഞ്ഞും പോരാടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അഗ്‌നിബാധയുടെ ഞെട്ടിപ്പിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ഇതേ കെട്ടിടം 2015ലൂം അഗ്‌നിബാധയ്ക്ക് വിധേയമായിരുന്നു. ലണ്ടനിൽ ജൂണിൽ അഗ്‌നിബാധയ്ക്കിരയാവുകയും 80 പേരുടെ ജീവനെടുക്കുകയും ചെയ്ത ഗ്രെൻഫെൽ ടവറിൽ ഉപയോഗിച്ചത് പോലെയുള്ള ക്ലാഡിങ് തന്നെയാണ് ഈ ടവറിലും ഉള്ളതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇത്തരം ക്ലാഡിംഗാണ് ഗ്രെൻഫെലിൽ താഴത്തെ നിലയിലെ തീ മുകൾ നിലയിലേക്ക് കത്തിപ്പടരുന്നതിന് മാധ്യമമായി വർത്തിച്ചതെന്ന സംശയം നിലനിൽക്കവെയാണ് ലോകത്തെ നടുക്കിക്കൊണ്ട് വീണ്ടുമൊരു അഗ്‌നിബാധ യുഎഇയിൽ സംഭവിച്ചിരിക്കുന്നത്. തീപിടിച്ച മറീന ടോർച്ച് ടവറിൽ നിന്നും അവശിഷ്ടങ്ങൾ താഴോട്ട് വീഴുന്ന ചിത്രങ്ങളും വീഡിയോകളും ദുബായ് നിവാസികൾ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നുണ്ട്.

നാല് സിവിൽ ഡിഫെൻസ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫയർ ഫൈറ്റിങ് സ്‌ക്വാഡുകൾ തീ അണയ്ക്കാനായി രംഗത്തുണ്ട്. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും അവർ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫും ദുബായ് സിവിൽ ഡിഫെൻസ് ഡയറക്ടർ ജനറലും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് ദുബായ് മീഡിയ ഓഫീസ് വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു വരെ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

അഗ്‌നിബാധ ബാധിച്ചവരെ കുറിച്ച് വിവരം നൽകാനായി ദുബായ് പൊലീസ് ഒരു എമർജൻസി നമ്പർ സജ്ജമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ലെന്നാണ് സിവിൽ ഡിഫെൻസ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്. കെട്ടിടത്തിൽ നിന്നും ആളുകളെ വിജയകരമായി ഒഴിപ്പിക്കൽ തുടരുന്നുവെന്നും അഗ്‌നിബാധയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അവർ പറയുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ റെസിഡൻഷ്യൽ കെട്ടിടമാണ് ടോർട്ട് ടവർ. ഇതിന് 330 മീറ്ററാണ് ഉയരം. 2011ൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെസിഡൻഷ്യൽ കെട്ടിടമെന്ന ഖ്യാതി ഇതിനുണ്ടായിരുന്നു.

എന്നാൽ സമീപത്ത് ഉയർന്ന് വന്ന പ്രിൻസസ് ടവർ ഈ റെക്കോർഡ് അതിന് ശേഷം തട്ടിയെടുക്കുകയായിരുന്നു. 2015 ഫെബ്രുവരിയിൽ ഇവിടെയുണ്ടായ അഗ്‌നിബാധയിൽ നൂറ് കണക്കിന് പേരെയാണ് ഒഴിപ്പിച്ചിരുന്നത്. ഗ്രെൻഫെൽ ടവറിൽ സംഭവിച്ചത് പോലെ ഇന്നലെ അർധരാത്രിയിൽ ടോർച്ച് ടവറിലും ക്ലാഡിംഗിലൂടെ തീ കത്തിപ്പടരുകയായിരുന്നുവെന്നാണ് യുഎഇ സിവിൽ ഡിഫെൻസ്ടീമുകൾ വെളിപ്പെടുത്തുന്നത്. കെട്ടിടത്തിന്റെ 52ാം നിലയിൽ നിന്നാണ് തീ ആരംഭിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മുകളിൽ നിന്നും തീ പിടിച്ച അവശിഷ്ടങ്ങൾ താഴോട്ട് വീണ് താഴത്തെ നിലകളിലും തീ പടരുകയായിരുന്നു.