- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത വീട്ടിൽ മോഷണത്തിനെത്തി കിണറ്റിൽ വീണു; കള്ളന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വിവരം കൈമാറി; ഫയർഫോഴ്സ് എത്തി രക്ഷിച്ച് പൊലീസിൽ ഏൽപ്പിച്ചു; പിടിയിലായത് നിരവധി മോഷണക്കേസുകളിലെ പ്രതി
കണ്ണൂർ: ആളില്ലാത്ത വീട്ടിൽ മോഷ്ടിക്കാൻ എത്തി കിണറ്റിൽ വീണ കള്ളനെ രക്ഷിച്ച് പൊലീസിന് കൈമാറി. കണ്ണൂർ എരമം-കുറ്റൂർ പഞ്ചായത്തിലാണ് സംഭവം. തുമ്പത്തടത്തിലെ അദ്ധ്യാപകരായ പവിത്രൻ - രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീർ (35) ആണ് പൊലീസ് പിടിയിലായത്.
അനേകം മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് ഷെമീർ കിണറ്റിൽ വീണത്. നിലിവിളി കേട്ടെത്തിയ അയൽക്കാർ വിവരം അഗ്നിശമനസേനയെയും പൊലീസിനെയും അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങൾ നാട്ടുകാരുടെ സഹായത്തോടെ ഷെമീറിനെ പുറത്തെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുമ്പത്തടത്ത് കേളോത്ത് പവിത്രൻ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്ത് മണിയോടെ ഷെമീർ മോഷണത്തിനെത്തിയത്. പവിത്രൻ മാസ്റ്ററും ഭാര്യയും ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയത് മനസിലാക്കിയ ഷെമീർ മോഷണത്തിനായി പദ്ധതിയിടുകയായിരുന്നു.
സ്കൂട്ടറിലെത്തിയ ഇയാൾ വാഹനം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം വീട്ടുവളപ്പിലേക്ക് കടന്ന് കിണറിന്റെ ആൾമറയിൽ ചവിട്ടി പാരപ്പറ്റിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിലേക്ക് വീഴുകയായിരുന്നു.പാരപ്പറ്റിന്റെ ഒരു ഭാഗം തകർന്നാണ് ഷെമീർ കിണറിനുള്ളിലേക്ക് വീണത്.
കിണറിന്റെ ആൾമറ വഴി സൺഷെഡ് വഴി വീട്ടിന് ഉള്ളിലേക്ക് ടെറസ് വഴി കയറാനുള്ള ശ്രമത്തിൽ കാലുതെറ്റി കിണറ്റിൽ വീണതാകാം എന്നാണ് നാട്ടുകാർ പറയുന്നത്.
മുപ്പത് അടിയോളം ആഴമുള്ള കിണറിൽ നാലടിയോളം വെള്ളമുണ്ടായിരുന്നു. ഷെമീറിന്റെ നിലവിളി കേട്ടെത്തിയ അയൽക്കാർ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയും പ്രതിയെ വല ഉപയോഗിച്ച് കരയ്ക്ക് കയറ്റുകയും ചെയ്തു. തുടർന്നാണ് പൊലീസിന് കൈമാറിയത്.
ഫയർഫോഴ്സും പെരിങ്ങോം പൊലീസും ചേർന്നാണ് പ്രതിയെ കരയ്ക്ക് എത്തിച്ചത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി വന്നതെന്ന് സംശയിക്കുന്ന യൂനിക്കോൺ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇയാൾ ഇതിന് മുൻപും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ